തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങളിൽ ഓണത്തിന്റെയും ക്രിസ്തുമസിന്റെയും പേരിൽ നടത്തുന്ന പിരിവിന്ന് പണം നൽകാമോ
ചോദ്യകർത്താവ്
Abdul majeed
Jan 5, 2019
CODE :Abo9044
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ ഇതര മതസ്ഥരുടേയോ ആശയക്കാരുടേയോ വിശ്വാസപരമായ ആചാരങ്ങൾ അനുഷ്ഠിക്കലോ അതിൽ പങ്കാളിത്തം ഉറപ്പിക്കലോ അല്ല , മറിച്ച് മതപരമായ നമ്മുടെ അസ്ഥിത്വം നിലനിർത്തിക്കൊണ്ട് അവരുടെ വിശ്വാസത്തോടും അനുഷ്ഠാനങ്ങളോടും അസഹിഷ്ണുത കാണിക്കാതെ വ്യക്തിപരമായും സാമൂഹികമായും അവരോട് മാതൃകാ പരമായി പെരുമാറലും സഹകരിക്കലുമാണ് ഇസ്ലാമിൽ മതേതരത്വം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. എന്നാൽ മറ്റൊരു മതത്തന്റേയോ പ്രത്യയശാസ്ത്രത്തിന്റേയോ മതപരമായ വിശ്വാസവുമായും അനുഷ്ഠാനവുമായും ആചാരവുമായും ആഘോഷവുമായും ഏതെങ്കലും നിലയിൽ ഒരു സത്യവിശ്വാസി രാജിയാകുന്നത് അല്ലാഹു താക്കീത് ചെയ്ത കാര്യമാണ്. പരിശുദ്ധ ഖുർആനിലെ 109 മത്തെ അധ്യായം ഇക്കാര്യം അടിവരയിടുന്നുണ്ട്.
ഈ വസ്തുതയുടെ വെളിച്ചത്തിലാണ് ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ സഹകരിക്കുന്നതുമായി ബന്ധപ്പട്ട ശറഇന്റെ വിധി പണ്ഡിത്മാർ വിശദീകരിച്ചിട്ടുള്ളത്. ഇമാം ശാഫിഈ (റ) പറയുന്നു: "മറ്റു മതസ്ഥരുടെ മതപരമായ അടയാളങ്ങളെ ഉയർത്തിക്കാണിക്കുന്ന ഒരു നടപടിയും ഒരു മുസ്ലിമിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ല" (കിതാബുൽ ഉമ്മ്). ഇമാം സുയൂത്വീ (റ) പറയുന്നു: "ഇതര മതസ്ഥരുടെ മതപരമായ ആഘോഷവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഒരു നിലക്കും യോജിക്കലോ സഹകരിക്കലോ ഒരു മുസ്ലിമിന് പാടില്ല" (അൽ അംറ് ബിൽ ഇത്തിബാഅ്....). "പരിശുദ്ധ ഖുർആൻ ഒഴിവാക്കാൻ പറഞ്ഞ وَاجْتَنِبُوا قَوْلَ الزُّورِ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ഒരു അർത്ഥം ഇതര മതസ്ഥരുടെ ആഘോഷങ്ങളാണ്" (തഫ്സീറുൽ ഇസ്സ്). ഈജിപ്തിൽ ക്രസ്മസ് അടക്കമുള്ള ക്രിസ്തീയ ആഘോഷങ്ങളോട് പലരും സഹകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോടൾ ഇമാം ഇബ്നു ഹജർ ഹൈതമി (റ) പറഞ്ഞു: "ക്രിസ്ത്യാനികളുടെ മതരപമായ ആഘോഷങ്ങളുടെ ഭാഗമായ ഭക്ഷണം കഴിച്ചും അതോടനുബന്ധിച്ച് ഗിഫ്റ്റുകൾ അങ്ങോട്ടുമിങ്ങോട്ടും കൊടുത്തും മറ്റുമൊക്കെ സഹകരിക്കൽ ഏറ്റവും മോശപ്പെട്ട ബിദ്അത്താണ്" (ഫതാവൽ കുബ്റാ).
"മറ്റു മതസ്ഥരുടെ മതപരമായ ആഘോഷവുമായി ബന്ധപ്പെട്ട് അവരോട് അവരുടെ വിശ്വാസത്തിൽ സാമ്യപ്പെടുകയെന്ന ഉദ്ദേശ്യത്തോടെ വല്ലതും ചെയ്താൽ അത് കുഫ്റാകും. ഇത് ചെയ്യുന്നത് അവരോട് വിശ്വസത്തിൽ സാമ്യപ്പെടാതെ ഒരു ആഘോഷ സ്വഭാവത്തിൽ മാത്രം ചെയ്താൽ കുഫ്ർ സംഭവിക്കില്ലെങ്കിലും കുറ്റക്കരനാകും. ഇനി ഈ സാമ്യപ്പെടലും ആഘോഷ ഉദ്ദേശ്യവുമില്ലാതെ അവർ ചെയ്യുന്ന വല്ല കാര്യവും ചെയ്താൽ ഒന്നും സംഭവിക്കുകയുമില്ല" (ഫതാവൽ കുബ്റാ)
അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.


