ലൈലത്തുൽ ഖദ്റിന്റെ രാത്രി ലോകത് എല്ലായിടത്തും ഒരേ രാത്രിയിലാണോ? ഒന്ന് വിശദീകരിച്ചു തന്നാലും
ചോദ്യകർത്താവ്
shuaib
May 27, 2019
CODE :Aqe9293
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ലൈലത്തുല്‍ ഖദ്ര്‍ വര്‍ഷത്തില്‍ ഒരു രാത്രിയേ ഉണ്ടാകുകയുള്ളൂ. അത് റമളാനിലാണെന്നും അവസാനത്തെ പത്തില്‍ അത് പ്രതീക്ഷിക്കണമെന്നും അവസാനത്തെ പത്തിലെ ഒറ്റ രാവുകളിലൊന്നില്‍ അതിന് സാധ്യത കൂടുതലാണെന്നും നബി (സ്വ) അരുള്‍ ചെയ്തിട്ടുണ്ട് (ബുഖാരി, മുസ്ലിം). അവസാനത്തെ പത്തില്‍ നബി (സ്വ) ആരാധനക്കായി അരയും തലയും മുറുക്കിയിറങ്ങുകയും രാത്രി സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു (ബുഖാരി, മുസ്ലിം). അത് ആയിരം മാസങ്ങളേക്കാള്‍ സ്രേഷ്ഠതയുള്ള രാവാണെന്നും ഫജ്റുസ്സ്വാദിഖ് വെളിവാകും വരേ (സുബ്ഹിന്റെ സമയം വരേ) യാണ് അതിന്റെ സമയമെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (സൂറത്തുല്‍ ഖദ്റ്). ലോകത്തെ ഏത് ദിക്കിലുമുളള മനുഷ്യര്‍ക്കും ഈ അല്ലാഹുവിന്റെ ഈ അറിയിപ്പ് ബാധകമാണ്. ഓരോ പ്രദേശത്തുകാര്‍ക്കും രാവും പകലും 24 മണിക്കൂറിനുള്ളില്‍ മാറിമാറി വരുന്നുണ്ടെങ്കിലും ഭൂമിയില്‍ മൊത്തം രാത്രിയും പകലും 24 മണിക്കൂര്‍ വീതമുണ്ടല്ലോ. അഥവാ ഭൂമിയുടെ ഒരറ്റത്തു നിന്ന് രാത്രി (അതു പോലെത്തന്നെ പകലും) വ്യാപിച്ച് തുടങ്ങി മറ്റേ അറ്റത്ത് എത്തി അവസാനിക്കുമ്പോഴേക്ക് 24 മണിക്കൂറാകുമല്ലോ. അതു കൊണ്ട് തന്നെ ലൈലത്തുല്‍ ഖദ്റിന്റെ അന്ന് ഓരോ പ്രദേശത്തുകാര്‍ക്കും അവരുടെ നാട്ടില്‍ സൂര്യാസ്ഥമയം മുതല്‍ പ്രഭാതം പൊട്ടിവിടരും (ഫജ്റ് സ്സ്വാദിക്ക് വെളിവാകും ) വരേയായിരിക്കും അവരുടെ ലൈലത്തുല്‍ ഖദ്റിന്റെ സമയം. والله أعلم بالصواب
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.