വിഷയം: റൂമിലുള്ളവന്‍റെ ഫിത്റ് സകാത്ത് അരി ഉപയോഗിക്കല്‍
ഞങ്ങൾ ഗൾഫിൽ റൂമിൽ പന്ത്രണ്ട് പേര് ഉണ്ട്. അതിൽ ഒരാൾക്ക് കുറെ കാലമായി സ്ഥിരം ജോലി ഇല്ല, സ്വന്തമായി (കുടുംബം വാടക വീട്ടിലാണ് താമസം) വീട് ഇല്ല. കടം ഉണ്ട്. അയാൾക്കു ഫിത്തർ സകാത് കൊടുക്കാമല്ലോ? ബാക്കിയുള്ള പതിനൊന്നു പേര് അയാൾക്ക് അരി കൊടുക്കുകയാണെങ്കിൽ അത്കൊണ്ട് ഭക്ഷണം ഉണ്ടാക്കി ആ റൂമിൽ ഉള്ള എല്ലാവര്ക്കും ഉപയോഗിക്കാൻ പറ്റുമോ? കിട്ടിയവൻ അത് റൂമിൽ തന്നെ വെക്കുകയല്ലേ ചെയ്യൂ.
ചോദ്യകർത്താവ്
suhaib
May 19, 2020
CODE :Fiq9819
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ചോദ്യത്തില്‍ പറയപ്പെട്ട വ്യക്തി സകാത്തിന് അര്‍ഹനായതിനാല്‍ നിങ്ങളുടെ ഫിത്റ് സകാത്ത് ആ വ്യക്തിക്ക് കൊടുക്കാവുന്നതാണ്.
എന്നാല്‍, ആ അരി ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കിയാല്‍ അത് നിങ്ങള്‍ക്ക് ഭക്ഷിക്കാന്‍ പറ്റുമോ എന്നത് ആ വ്യക്തിയുടെ തൃപ്തിയനുസരിച്ചാണല്ലോ. ആ വ്യക്തിയുടെ അരി നിങ്ങളുപയോഗിക്കുകയാണല്ലോ.
ദയനീയമായ സാഹചര്യത്തില്‍ നിങ്ങളോട് കൂടെ കഴിയുന്ന ആ വ്യക്തിക്ക് നിങ്ങള്‍ നല്‍കിയ ഫിത്റ് സകാത്തിന്‍റെ അരി, നിങ്ങള്‍ അയാളില്‍ നിന്ന് വില കൊടുത്ത് വാങ്ങി ഭക്ഷണം വെച്ച് ഉപയോഗിക്കുകയാണെങ്കില്‍ ആ വ്യക്തിക്ക് ആ തുക മറ്റു ആവശ്യങ്ങള്‍ക്കുപയോഗിക്കാം എന്ന സൌകര്യത്തിന് പുറമെ, നിങ്ങള്‍ നല്‍കിയ അരി നിങ്ങള്‍ തന്നെ ഉപയോഗിക്കുന്നുവെന്ന പ്രയാസം നിങ്ങള്‍ക്ക് ഒഴിവാക്കുകയും ചെയ്യാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.