വിഷയം: ‍ ദാനമായി ലഭിച്ച അരി ഫിത്റ് സകാത്ത് നല്‍കാനുപയോഗിക്കല്‍

കൊറോണ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നമ്മുടെ നാട്ടിലും വിദേശത്തുമായി ധാരാളം കിറ്റുകളും അരികളും നല്കപ്പെടുന്നുണ്ട്. അങ്ങിനെ ലഭിച്ച അരിയിൽ നിന്നും ഫിത്ർ സകാത് നല്കാൻ പറ്റുമോ? അങ്ങിനെ നൽകാമെണെങ്കിൽ അതിന്‍റെ നിയ്യത്ത് എങ്ങിനെയാണ് വെക്കേണ്ടത്? കുടുംബത്തിലെ ഒരു വ്യക്തി ഇത്തരത്തിലുള്ള അരി ഉപയോഗിച്ച് ആ കുടുംബത്തിലെ മറ്റുള്ള വ്യക്തികളുടെ ഫിത്ർ സകാത്തും കൂടി നൽകുമ്പോൾ ആ വ്യക്തി മാത്രം നിയ്യത്ത് വെച്ചാൽ മതിയോ അതോ ആ കുടുംബത്തിലെ എല്ലാ അംഗങ്ങളും നിയ്യത്ത് വെക്കണോ? അങ്ങിനെയാണെങ്കിൽ നിയ്യത്തിന്‍റെ രൂപം കൂടി ഒന്ന് പറഞ്ഞു തരാമോ?

ചോദ്യകർത്താവ്

faris haneefa

May 20, 2020

CODE :Fiq9825

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഫിത്റ് സകാത്ത് നല്‍കാനുള്ള അരി നാം വില കൊടുത്ത് വാങ്ങിയതുതന്നെയാകണമെന്നില്ല. കിറ്റായോ മറ്റോ നമുക്ക് ലഭിച്ചതാണെങ്കിലും ഫിത്റ് സകാത്ത് നല്‍കാനുള്ള നിബന്ധനയൊത്ത അരി (ആ നാട്ടിലെ സാധാരണഭക്ഷണത്തിനുപയോഗിക്കുന്ന അരി) ആണെങ്കില്‍ അത് ഫിത്റ് സകാത്ത് നല്‍കാനുപയോഗിക്കാവുന്നതാണ്.

ചാരിറ്റി വഴിയോ മറ്റോ ലഭിച്ച അരിയാണെങ്കിലും സ്വന്തം വില കൊടുത്ത് വാങ്ങിയ അരിയാണെങ്കിലും നിയ്യത്ത് വെക്കുന്നതില്‍ വ്യത്യാസമൊന്നുമില്ല.

തന്‍റെയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെയും സകാതാണ് ഒരു വ്യക്തി നല്‍കേണ്ടത്. ആരുടെ മേലിലാണോ സകാത്ത് നിര്‍ബന്ധമാകുന്നത് അവനാണ് നിയ്യത്ത് വെക്കേണ്ടത്. തന്‍റെയും തന്‍റെ ആശ്രിതരുടെയും ഫിത്റ് സകാത്ത് നല്‍കുന്ന കുടുംബനാഥനാണ് നിയ്യത്ത് വെക്കേണ്ടത്. ഭാര്യയോ പിതാവിനെ ആശ്രയിച്ചു ജീവിക്കുന്ന മക്കളോ നിയ്യത്ത് വെക്കേണ്ടതില്ല. അവരുടെ നിയ്യത്ത് കൊണ്ട് സകാത്ത് വീടുകയുമില്ല.

”ഇത് എന്‍റെയും എന്‍റെ ആശ്രിതരുടെയും ഫിത്വര്‍ സക്കാത്ത് ആകുന്നു” എന്ന് നിയ്യത്ത് വെക്കുക. അവകാശികള്‍ക്ക് നല്‍കുന്ന സമയത്തോ, സകാത്ത് നല്‍കാനുള്ള അരി അളന്നു മാറ്റിവെക്കുന്ന സമയത്തോ മാറ്റിവെച്ചതിന് ശേഷം അവകാശികള്‍ക്ക് നല്‍കുന്നതിന് മുമ്പോ നിയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്.

തന്‍റെ ആശ്രിതരല്ലാത്ത(താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമില്ലാത്തവര്‍)വരുടെ സകാത്ത് ഒരാള്‍ നല്‍കുകയാണെങ്കില്‍ അവരുടെ വകാലത്ത്/സമ്മതം ആവശ്യമാണ്. ഒരു വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter