വിഷയം: ‍ ദൈവാസ്ഥിക്യം

ദൈവമെന്നത് യുക്തിസഹമാണോ? ആണെങ്കിൽ എങ്ങനെ?

ചോദ്യകർത്താവ്

Ameen

Aug 22, 2025

CODE :Abo15607

അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരു ദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ

ദൈവാസ്ഥിക്യം യുക്തി ഭദ്രമാണ്. പക്ഷേ, യുക്തിസഹമായി ബോധ്യപ്പെട്ടാൽ മാത്രം ദൈവത്തിൽ വിശ്വസിച്ചാൽ മതിയെന്ന് പറയാനൊക്കില്ല. ദൈവത്തിന്റെ ഉണ്മ ബോധ്യപ്പെടാനുള്ളൊരു ജ്ഞാന മാർഗമാണ് ഒരർത്ഥത്തിൽ ബുദ്ധി / യുക്തി. പ്രകാശം വൈദുതിയുണ്ടെന്നതിന് തെളിവെന്ന പോലെ, പ്രപഞ്ചമാണ് ദൈവം ഉണ്ടെന്നതിന് തെളിവ്.

പ്രപഞ്ചം സ്വയംഭൂവല്ലെന്നും അതിനു പിന്നിലൊരു സൃഷ്ടാവുണ്ടെന്നും മനസ്സിലാക്കാൻ സാമാന്യ ബുദ്ധി തന്നെ ധാരാളമാണ്. ഇസ്‌ലാമിക വിശ്വാസപ്രകാരം ബുദ്ധിയും യുക്തിയും വിശ്വാസത്തിന് എതിരല്ല, മറിച്ച് വിശ്വാസത്തെ ദൃഡപ്പെടുത്തുന്ന പരസ്പര പൂരക ഘടകങ്ങളാണ്. യുക്തിസഹമായി ദൈവം എങ്ങനെ അനിവാര്യതയായി തീരുന്നുവെന്നു നോക്കാം:

  • കാര്യകാരണ ബന്ധം (Causality):

പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കു പിന്നിലും ഒരു സ്രഷ്ടാവ് അത്യാവശ്യമാണെന്നത് യുക്തിയുടെ അടിസ്ഥാന തത്വമാണ്. വശ്യ മനോഹരമായ പെയിന്റിംഗ് കാണുന്ന പക്ഷം, അത് തനിയെ ഉണ്ടായതെന്ന് നാം വൃഥാ വിശ്വസിച്ചിരിക്കുമോ; അത് വരഞ്ഞിട്ട ഒരു ചിത്രകാരനെ നമ്മുടെ യുക്തിയന്വേഷിച്ചു കൊണ്ടിരിക്കും. എങ്കിൽ, അതിലേറെ സങ്കീർണ്ണവും ചാരുതയുമാർന്ന ഈ പ്രപഞ്ചം, അതിലെ സൂര്യചന്ദ്രൻ, മനുഷ്യനുൾപ്പടെയുള്ള ജീവജാലങ്ങൾ തനിയെ ഭൂവായതെന്നു വിശ്വസിക്കുന്നതാണ് യുക്തിരഹിതം. സൃഷ്ടാവ് (അല്ലാഹു) ഉണ്ടെന്ന് വിശ്വസിക്കുന്നത് സാമാന്യ യുക്തിയും. ജഡികമായ വസ്തുക്കളിൽ നിന്നും ജീവസ്സുറ്റ വസ്തുക്കളും, ക്രമരഹിതയിൽ നിന്ന് വിസ്മയിപ്പിക്കുന്ന കൃത്യതയും (Fine-tuning), അബോധാവസ്ഥയിൽ നിന്ന് സുബോധവും യാദൃശ്ചികമായി രൂപപ്പെട്ടു എന്ന് വിശ്വസിക്കുന്നതിനേക്കാൾ എത്രയോ യുക്തിഭദ്രമാണ് സർവ്വജ്ഞനായ ഒരു സ്രഷ്ടാവ് ഇവയെ സംവിധാനിച്ചു എന്ന് കരുതുന്ന

  • പ്രപഞ്ച ഘടനയും കൃത്യതയും (Design & Order):

പ്രപഞ്ചത്തിലെ അത്ഭുതകരമായ കൃത്യത ഒരു നിയന്താവിനെ സൂചിപ്പിക്കുന്നു. ഒരക്ഷരത്തെറ്റ് പോലുമില്ലാത്ത ഒരു പുസ്തകം വായിക്കുന്ന സമയം, അതിലെ അക്ഷരക്കൂട്ടങ്ങളും ശൈലികളും കാറ്റിൽ പറന്നുവന്ന് തനിയെ രൂപപ്പെട്ടതാണെന്ന് ആരും പറയില്ലല്ലോ. പിന്നെയെങ്ങനെ ഇത്രയും കൃത്യമായ നിയമങ്ങളുള്ള പ്രപഞ്ചം യാദൃശ്ചികമായി ഇതിന് പിന്നിൽ അതിബുദ്ധിമാനായ ഒരു ശക്തിയുണ്ടെന്ന് യുക്തി തെളിയിക്കുന്നു.

  • ആശ്രയത്വ സിദ്ധാന്തം (Argument of Contingency/Dependency).

ശാസ്ത്രീയമായി ചിന്തിച്ചാൽ, പ്രപഞ്ചത്തിലെ ഏറ്റവും സൂക്ഷ്മമായ പരമാണു (Atom) പോലും സ്വയം നിലനിൽക്കുന്നില്ലെന്ന് ബോധ്യപ്പെടും; അത് വിഘടിക്കാതെ നിലനിൽക്കാൻ ന്യൂക്ലിയർ ഫോഴ്സുകളെയും (Strong & Weak Forces) വൈദ്യുതകാന്തിക ശക്തികളെയും (Electromagnetic Force) ആശ്രയിക്കുന്നു. ഈ ശക്തികളാകട്ടെ, പ്രപഞ്ചത്തിന്റെ ഭൗതിക നിയമങ്ങളെ (Laws of Physics) അവലംഭിക്കുന്നു. ഇങ്ങനെ ഓരോന്നും മറ്റൊന്നിനെ ആശ്രയിച്ച് മാത്രം നിലനിൽക്കുന്ന ഈ പ്രപഞ്ചത്തിന്, ഇവയെയെല്ലാം പരിരക്ഷിക്കുന്ന, എന്നാൽ സ്വയം നിലനിൽക്കാൻ മറ്റൊന്നിനെയും ആശ്രയിക്കാത്ത ഒരു 'മൂലശക്തി' (Independent Being/ Waajib al-Wujud) അനിവാര്യമാണ്; ആ ശക്തിയാണ് അല്ലാഹു.

വിശുദ്ധ ഖുർആൻ ഉദ്ഘോഷിക്കുന്നു :

"അല്ല, ശൂന്യവസ്ഥയിൽ നിന്നാണോ അവർ സൃഷ്ടിക്കപ്പെട്ടത്? അതല്ല, അവർ തന്നെ (സ്വയം) സ്രഷ്ടാക്കളാണോ ? അല്ല, അവരാണോ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത്? (നിരാശ്രയനായ അല്ലാഹുവാണ് സൃഷ്ടിച്ചതെന്ന്) അവർക്ക് ഉറപ്പില്ലാതതാണോ (സൂറ അത്തൂർ: 35,36)

  • യുക്തിയുടെ പരിധി:

ദൈവം ഉണ്ടെന്നത് യുക്തിസഹമാണെന്ന് പറഞ്ഞുവെല്ലോ. എന്നാൽ അല്ലാഹുവിന്റെ 'സത്ത' (രൂപം /അകൃതി) മനുഷ്യബുദ്ധിക്ക് അതീതമായി നില കൊള്ളുന്നു. മനുഷ്യബുദ്ധിക്ക് പരിധികളുണ്ടാണ്ടെന്നതു തന്നെ കാരണം. കണ്ടതും കേട്ടതുമായ കാര്യങ്ങളുമായി മാത്രമേ നമുക്ക് താരതമ്യം ചെയ്‌ത് ചിന്തിക്കാൻ കഴിയൂ. എന്നാൽ അല്ലാഹു സൃഷ്ടികളിൽ നിന്ന് വ്യത്യസ്തനും ഉപമകൾക്ക് അതീതനുമാണ്. അതിനാൽ, അല്ലാഹു 'ഉണ്ട്' എന്നത് യുക്തിഭദ്രമാണ്; എന്നാൽ അവൻ 'എങ്ങനെ' എന്നത് യുക്തിക്ക് അതീതവും. അതേസമയം, അല്ലാഹു ഏകനും സ്വയം നിലനിൽകുന്നവനും ഒരു സൃഷ്ടിയുമായും സദൃശ്യമില്ലാത്തവനും തുടക്കവും ഒടുക്കവുമില്ലെന്നും സർവ്വതിനും കഴിവുള്ളവനും സർവ്വതും അറിയുന്നവനെന്നും യുക്തി മുഖാന്തരവും വിശുദ്ധ ഖുർആനിലൂടെയും നമുക്ക് മനസ്സിലാക്കാം.

വിശുദ്ധ ഖുർആനും തിരു ഹദീസും മനുഷ്യന്‍ തന്റെ ബുദ്ധിയെ ഉപയോഗിക്കണം എന്നും അതുവഴി ദൈവാസ്തിക്യം അംഗീകരിക്കണമെന്നും നിരന്തരം ഉണര്‍ത്തി കൊണ്ടിരിക്കുന്നുണ്ട്. “നിങ്ങള്‍ യുക്തിപരമായി ചിന്തിക്കുന്നില്ലേ.. ” എന്നര്‍ത്ഥം വരുന്ന അനവധി ഖുര്‍ആനിക വാക്യങ്ങൾ തന്നെ കാണാനാവും. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്നോ മറ്റോ സമാന ആശയമുള്ള മറ്റു വാക്യങ്ങളും ഖുര്‍ആനില്‍ നിരന്തരം ഉപയോഗിച്ചതായി കാണാം. യുക്തിപരമായ ചിന്തക്ക് ഇസ്‌ലാം വലിയ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കില്‍ കൂടി അതിന്റെ പരിധികളെ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടാണ് അതിന് പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ളത്. ഇസ്‌ലാം യുക്തിയെ ഒന്നിന്റെയും അവസാനമായി കാണുന്നില്ല. എങ്കില്‍ കൂടി ഈ ചിന്താശേഷി ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ഈമാന്‍ വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുമെന്നതില്‍ സന്ദേഹവവുമില്ല.

അല്ലാഹു പറയുന്നു: "തീർച്ചയായും ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകൾ മാറിമാറി വരുന്നതിലും ധൈഷണിക ശാലികൾക് ദൃഷ്ടാന്തങ്ങളുണ്ട്" (ഖുർആൻ 3:190).

കാര്യങ്ങൾ യഥാവിധി മനസ്സിലാക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ. സർവ്വകാര്യങ്ങളെ കുറിച്ചും ഏറ്റവും നന്നായി അറിയുന്ന അവൻ മാത്രമാകുന്നു.

ASK YOUR QUESTION

Voting Poll

Get Newsletter