വിഷയം: പള്ളിയിൽ വെച്ച് സംസാരിക്കല്‍
പള്ളിയിൽ വെച്ച് സംസാരിക്കുന്നതിന്റെ വിധി എന്താണ്? സംസാരിക്കാൻ പറ്റുന്നവ എന്തെല്ലാമാണ്?
ചോദ്യകർത്താവ്
Shafeek
May 23, 2021
CODE :Dai10096
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഹലാലായ എല്ലാ സംസാരങ്ങളും പള്ളിയില്‍ വെച്ച് അനുവദനീയമാണ്. ദുന്‍യവിയായതോ അല്ലാത്തതോ ആയ ഹാലാലായ സംസാരമെല്ലാം അനുവദനീയം തന്നെ. ചിരിയോ മറ്റോ ഉണ്ടായാലും അനുവദനീയമാണ്. ജാബിറുബ്നു സമുറ(റ)യില്‍ നിന്ന് നിവേദനം; അവര്‍ പറഞ്ഞു: നബി (സ്വ) സ്വുബ്ഹ് നിസ്കരിച്ച ശേഷം സൂര്യനുദിക്കുന്നത് വരെ നിസ്കാരസ്ഥലത്ത് നിന്ന് എണീക്കാറില്ല. സൂര്യനുദിച്ചാല്‍ എണീക്കും. അവര്‍-സ്വഹാബികള്‍-ജാഹിലിയ്യാ കാലത്തെ സംഭവങ്ങള്‍ പറഞ്ഞു സംസാരിക്കുകയും ചിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുമായിരുന്നു (മജ്മൂഅ് 3:121-122).
പള്ളിയില്‍ വെച്ച് തര്‍ക്കിക്കലും അമിതശബ്ദമുയര്‍ത്തലും നഷ്ടപ്പെട്ട വസ്തു അന്വേഷിക്കലും വില്‍ക്കല്‍ വാങ്ങല്‍ വാടക പോലെയുള്ള ഇടപാടുകളും കറാഹത്താണ് (മജ്മൂഅ് 3:119)
പള്ളിയില്‍ ഇല്‍മിന്‍റെയും വഅ്ളിന്‍റെയും സദസ്സുകള്‍ സംഘടിപ്പിക്കല്‍ സുന്നത്താണ് (മജ്മൂഅ് 3:121).
നബി(സ്വ)യുടെ മദ്ഹ്, ഇസ്ലാമിന്‍റെ മദ്ഹ്, ഹിക്മതുകള്‍, സല്‍സ്വഭാവം, പരിത്യാഗം പോലെയുള്ള ഖൈറായ കാര്യങ്ങളെ കുറിച്ച് പള്ളിയില്‍ വെച്ച് ഗാനമാലപിക്കുന്നതിന് കുഴപ്പമില്ല. മുസ്ലിമിനെ ആക്ഷേപിക്കുക, കള്ള്, സ്ത്രീ പോലെയുള്ളവയെ വര്‍ണിക്കുക, അക്രമിയെ പ്രശംസിക്കുക, പോലോത്ത കാര്യങ്ങളെ കുറിച്ച് പള്ളിയില്‍ വെച്ച് പാട്ട് പാടല്‍ ഹറാമാണ് (മജ്മൂഅ് 3:122).
എന്നാല്‍ പള്ളിയില്‍ നിസ്കരിക്കുന്നവര്‍ക്കോ ഖുര്‍ആനോതുന്നവര്‍ക്കോ ഇബാദത്തുകളിലേര്‍പ്പെട്ടു കഴിയുന്നവര്‍ക്കോ പ്രയാസമുണ്ടാവുന്ന തരത്തിലുള്ള ഒരു തരത്തിലുള്ള സംസാരവും ശബ്ദമുയര്‍ത്തിലും അനുവദനീയമല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.