വിഷയം: ഹോട്ടലിൽ അറുത്തത്
ഹോട്ടലിൽ നിന്ന് കഴിക്കുന്ന കോഴി ഹലാൽ ആണോ. അത് അറുത്തത് ആരാണെന്ന് അറിയില്ലല്ലോ
ചോദ്യകർത്താവ്
abrar v
Jul 10, 2026
CODE :Dai16384
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തോ അല്ലെങ്കിൽ ഭൂരിഭാഗം കശാപ്പുകാരും മുസ്‌ലിംകളോ ആയ ഒരു നാട്ടിലോ ആണ് നമ്മൾ ജീവിക്കുന്നതെങ്കിൽ, അവിടുത്തെ കടകളിൽ നിന്നോ ഹോട്ടലുകളിൽ നിന്നോ ലഭിക്കുന്ന മാംസം ഹലാൽ ആണോ എന്ന് പ്രത്യേകം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടതില്ലെന്നാണ് ഇസ്‌ലാമിക നിയമം. ആയതിനാൽ, ആരാണ് അറുത്തതെന്നോ, അറുക്കുമ്പോൾ ബിസ്മി ചൊല്ലിയിട്ടുണ്ടോ എന്ന് (ബിസ്മി ചൊല്ലൽ സുന്നത്താണെന്ന് മനസ്സിലാക്കുക) ഓരോ തവണയും അന്വേഷിച്ചു കണ്ടെത്തൽ വിശ്വാസിക്ക് നിർബന്ധമില്ല. ആയിഷ (റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇതിന് തെളിവാണ്:
ഒരു കൂട്ടം ആളുകൾ നബിയോട് (സ) ചോദിച്ചു: "ചില ആളുകൾ ഞങ്ങൾക്ക് മാംസം കൊണ്ടുവന്നു തരുന്നുണ്ട്. അവർ അറുക്കുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഞങ്ങൾക്ക് അറിയില്ല. (ഞങ്ങൾ അത് ഭക്ഷിക്കാമോ?)" നബി (സ) മറുപടി പറഞ്ഞു: "നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് (ബിസ്മി ചൊല്ലി) അത് ഭക്ഷിക്കുക."
ഇതിൽ നിന്നും 'ബിസ്മി ചൊല്ലൽ സുന്നത്താണെന്നും മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്തു നിന്ന് അറുത്തു കൊണ്ടുവന്നു തന്നതിനെ ഹലാലാണോ' എന്നൊന്നും അന്വേഷിച്ചു നടക്കേണ്ടതില്ലെന്നും വ്യക്തമാകുന്നു.
ഇവിടെ സംശയങ്ങൾക്കപ്പുറം കാര്യങ്ങളെ ലളിതമാക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
എന്നാൽ അമുസ്‌ലിംകൾ ഭൂരിപക്ഷമുള്ള ഒരു നാട്ടിലോ ഹോട്ടലിലോ ആണെങ്കിൽ, അവിടുത്തെ മാംസം ആരാണ് അറുത്തത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് . ഇത്തരം സാഹചര്യങ്ങളിൽ മുസ്ലിമീങ്ങൾ അറുത്തതാകാതിരിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഇത്.
അതുപോലെ തന്നെ, കശാപ്പ് ചെയ്യുന്നത് ഇസ്‌ലാമിക വിരുദ്ധമായ രീതിയിലാണെന്നോ അല്ലെങ്കിൽ അറുക്കുന്നത് മുസ്ലിമല്ലെന്നോ വ്യക്തമായ തെളിവോ ശക്തമായ സംശയമോ ഉണ്ടായാൽ ഒഴിവാക്കുകയും വേണം.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


