സലാത്ത് ചൊല്ലല്‍ സുന്നത്തോ വാജിബോ ഏതു ഗണത്തില്‍ ആണ് ഉള്ളത് ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നബി (സ) മേല്‍ സ്വലാത് ചൊല്ലല്‍ നിര്‍ബന്ധമായ സ്ഥലങ്ങളും സുന്നതായ സ്ഥലങ്ങളുമുണ്ട്. നിസ്കാരത്തിലെ അവസാനത്തെ അത്തഹിയ്യാത് ഖുത്വുബ എന്നിവയില്‍ ശാഫീ മദ്ഹബ് പ്രകാരം സ്വലാത് ചൊല്ലല്‍ നിര്‍ബന്ധമാണ്. അല്ലാത്ത സ്ഥലങ്ങളിലൊക്കെ സ്വലാത് ചൊല്ലല്‍ സുന്നതുമാണ്. ആദ്യത്തെ അത്തഹിയ്യാത്, ബാങ്കിനും ഇഖാമതിനും ശേഷം, രാവിലെയും വൈകുന്നേരവും, വെള്ളിയാഴ്ച, സദസ്സ് പിരിയുമ്പോള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സ്വലാത് ചൊല്ലല്‍ പ്രത്യേകം സുന്നതാണ്. സ്വലാതിന്റെ വിധിയെന്തെന്ന വിഷയം പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വിത്യസമുള്ള കാര്യമാണ്. ഏകദേശം പത്തോളം അഭിപ്രായങ്ങളിലേക്ക് അവ സംഗ്രഹിക്കാം. ഒന്ന്: സ്വലാത്ത് ചൊല്ലല്‍ സുന്നതാണ്. അത് ഇജ്മാഅ് ആണെന്ന് ഇമാം ത്വബരി ഉദ്ധരിച്ചുട്ടുണ്ട്. രണ്ട്: സ്വലാത് നിര്‍ബന്ധമാണ്. അത് എത്രയുമാവാം. ചുരുങ്ങിയത് ജീവിതത്തില്‍ ഒരു തവണയെങ്കിലുമുണ്ടാവണം. മൂന്ന്: കലിമത് തൌഹീദ് പോലെ ജീവിതത്തില്‍ ഒരു പ്രാവശ്യം നിര്‍ബന്ധമാണ്. നാല്: അവസാനത്തെ അത്തഹിയാതില്‍ അത്തഹിയ്യാതിനും സലാം വീട്ടുന്നതിനും ഇടയില്‍  നിര്‍ബന്ധമാണ്. ഇതാണ് ശാഫീ മദ്ഹബ്. അഞ്ച്: നിസ്കാരത്തില്‍ നിര്‍ബന്ധമാണ്. അത്തഹിയ്യാതിലോ അല്ലാത്ത സമയത്തോ ആവാം. ആറ്: പ്രത്യേകിച്ച് എണ്ണത്തിന്റെ നിബന്ധനയൊന്നുമില്ല, പക്ഷെ സ്വലാത് വര്‍ദ്ധിപ്പിക്കല്‍ നിര്‍ബന്ധമാണ്.ഏഴ്: നബി തങ്ങളുടെ പേര് സ്വയമോ മറ്റുള്ളവരോ പറയുമ്പോള്‍ സ്വലാത് ചൊല്ലല്‍ നിര്‍ബന്ധമാണ്. എട്ട്: ഒരു മജ്‍ലിസില്‍ ഒരു തവണ നിര്‍ബന്ധമാണ്. നബിയുടെ പേര് എത്ര തവണ പറയപ്പെട്ടാലും ശരി. ഒന്‍പത്: എല്ലാ ദുആയിലും നിര്‍ബന്ധമാണ്. പത്ത്: നിസ്കാരിത്തിലെ തശഹ്ഹുദില്‍ നിര്‍ബന്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter