സ്ത്രീകള്‍ക്ക് ചേലാകര്‍മ്മം ചെയ്യുക എന്ന സമ്പ്രദായം ഇസ്‍ലാമില്‍ ഉണ്ടോ?
ചോദ്യകർത്താവ്
muhammad abdulla
Aug 28, 2017
CODE :Fiq8817
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ചേലാകര്‍മ്മം ഇസ്‍ലാമികമാണെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമില്ല. അത് നിര്‍ബന്ധമാണോ സുന്നതാണോ എന്നതില്‍ മാത്രമേ അഭിപ്രായാന്തരമുള്ളൂ. മദീനയില്‍ ചേലാകര്‍മ്മം ചെയ്യുന്ന സ്ത്രീയോട് നബി (സ്വ)أشمي ولا تنهكي എന്ന് പറഞ്ഞതായി ഹദീസില്‍ വന്നിട്ടുണ്ട്. അല്‍പം മാത്രമേ മുറിക്കാവൂ കൂടുതലാക്കരുത് എന്നാണ് ഹദീസിന്‍റെ വിവക്ഷ. الْخِتَانُ وَاجِبٌ عَلَى الرِّجَالِ وَالنِّسَاءِ عِنْدَنَا وَبِهِ قَالَ كَثِيرُونَ مِنْ السَّلَفِ ശാഫിഈ മദ്ഹബില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ചേലാകര്‍മ്മം നിര്‍ബന്ധമാണ്. സലഫുകളില്‍ ധാരാളം പേര്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. എന്ന് ഇമാം നവവി (റ) തന്‍റെ മജ്മൂഇല്‍ പറഞ്ഞതായി കാണാം.
പുരുഷന്മാര്‍ക്ക് നിര്‍ബന്ധവും സ്ത്രീകള്‍ക്കു സുന്നതുമാണെന്ന് മറ്റൊരഭിപ്രായം തുഹ്ഫയിലും ഫത്ഹുല്‍ മഈനിലും പറയുന്നുണ്ട്. അധിക പണ്ഡിതരില്‍ നിന്നും ഈ അഭിപ്രായമാണ് ഉദ്ധരിക്കപ്പെട്ടതെന്നും ഈ കിതാബുകളില്‍ പറയുന്നു. ഇമാം അഹ്മദ് ബ്നു ഹന്‍ബല്‍ (റ) അത് നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെടുന്നവരാണ്. ഹന്‍ബലി മദ്ഹബിലെ ഇബ്നു ഖുദാമ എന്നവര്‍ പുരുഷന്മാര്‍ക്ക് നിര്‍ബന്ധവും സ്ത്രീകള്‍ക്കു സുന്നതുമാണെന്ന് പറയുന്നു. ഇമാം മാലിക് അബൂഹനീഫ (റ) എന്നിവര്‍ അത് സുന്നതാണെന്നും പറയുന്നു.
ഇബ്നു തൈമിയയും സ്ത്രീയെ ചേലാകര്‍മ്മം ചെയ്യണമെന്ന് തന്നെയാണ് പറയുന്നത്. (മജ്മൂഉല്‍ ഫതാവാ).
സ്ത്രീയെ ചേലാകര്‍മ്മം ചെയ്യുന്നത് മൂലം അവളുടെ വികാരമില്ലാതാവുമെന്ന് ചില ആധുനിക വൈദ്യന്മാര്‍ പറയുന്നുണ്ട്. ഇസ്‍ലാം നിര്‍ദ്ദേശിച്ച രീതിയില്‍ ചെയ്താല്‍ ഈ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നാണ് അവര്‍ക്കുള്ള മറുപടി. സ്ത്രീയുടെ മൂത്രം പോകുന്ന ദ്വാരത്തിനു മുകളില്‍ പുറത്തേക്ക് തള്ളി നില്‍കുന്ന കൃസരി ഇംഗ്ലീഷില്‍ clitoris എന്ന് പറയപ്പെടുന്നതിന്‍റെ ചെറിയ ഒരു കഷ്ണം മാത്രം മുറിക്കലാണ് ഇസ്‍ലാമികമായ ചേലാകര്‍മ്മം. അത് കൂടുതലാക്കരുതെന്ന് നബി സ്വ തങ്ങള്‍ പ്രത്യേകം പറഞ്ഞത് നാം മുമ്പ് പറഞ്ഞു. കൂടുതലായോ പൂര്‍ണ്ണമായോ മുറിക്കുന്നത് മൂലമാണ് സ്ത്രീക്കു ലൈംഗിക വികാരം ഇല്ലാതാവുക. അറിവില്ലാത്തവര്‍ സ്ത്രീയുടെ ചേലാകര്‍മ്മത്തിനു മുതിര്‍ന്നാല്‍ അങ്ങനെ സംഭവിച്ചേക്കാം. അതറിയുന്നവരെ ലഭിച്ചാല്‍ മാത്രമേ ചേലാകര്‍മ്മം നിര്‍ബന്ധമാവൂവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇത് നിര്‍ബന്ധമാണെങ്കിലും ലോകത്ത് ഭൂരിഭാഗം മുസ്‍ലിം സ്ത്രീകളും ചേലാകര്‍മ്മം ചെയ്യപ്പെടാത്തവരാണ്. കാരണം വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ ആണ് കൃസരിയുടെ വലിപ്പം നിശ്ചയിക്കുന്നത്. ഈ ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന സ്ത്രീകളില്‍ കൃസരി അസാധാരണമായി വളരുന്നു. അങ്ങനെ വളരുന്ന സ്ത്രീകള്‍ക്ക് മാത്രമേ ചേലാകര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാവൂ. അല്ലാത്തവര്‍ക്ക് ചേലാകര്‍മ്മം ചെയ്യപ്പെട്ടവനായി ജനിച്ച ആണിനെ പോലെ അത് സുന്നതോ നിര്‍ബന്ധമോ അല്ല.
അതു പോലെ ആരോഗ്യപരമായ അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സമയത്ത് ചേലാകര്‍മ്മം നടത്തരുതെന്നാണ് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ നിര്‍ദ്ദേശിക്കുന്നത്. അത്തരം സാഹചര്യങ്ങള്‍ നീങ്ങുന്നത് വരെ കാത്തിരിക്കല്‍ നിര്‍ബന്ധമാണ്. വികാരം നശിക്കുക പോലോത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സ്ത്രീക്കും ചേലാകര്‍മ്മം അനുവദനീയമല്ല. കേരളത്തിലേത് പോലെ സാധാരണ വളര്‍ച്ച മാത്രമുള്ള സ്ത്രീകളെ ചേലാകര്‍മ്മം ചെയ്യുന്നത് മൂലം അത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. ആയതിനാല്‍ അവര്‍ക്ക് ചേലാകര്‍മ്മം അനുവദനീയമല്ല. എന്നാല്‍ ഏത് സ്ഥലത്തായാലും അല്‍പം സ്ത്രീകളിലെങ്കിലും ആ അവയവത്തിനു സാധാരണയിലധികം വളര്‍ച്ചയുണ്ടായി എന്ന് വരാം. അവര്‍ക്കു ചേലാകര്‍മ്മം നിര്‍ബന്ധം തന്നെയാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ