വിഷയം: അഖീഖത് അറുക്കേണ്ട സ്ഥലം
അഖീഖത് അറുക്കുമ്പോള്‍ അത് കുട്ടിയുള്ള സ്ഥലത്തുവെച്ചാകണമെന്നുണ്ടോ?
ചോദ്യകർത്താവ്
JAZEEL ARAKKUPARAMBA
Jul 25, 2020
CODE :Fiq9927
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
പ്രസവിക്കപ്പെട്ട കുട്ടിയുടെ പേരില്‍ കുട്ടിയുടെ രക്ഷിതാവിന് പ്രത്യേകം സുന്നത്തുള്ള കര്‍മമാണല്ലോ അഖീഖത്. കുട്ടിക്ക് പ്രായപൂര്‍ത്തി ആകുന്നതു വരെ ഈ സുന്നത്തായ ഇബാദത്ത് നടത്തേണ്ടത് രക്ഷിതാവും അതുവരെ ചെയ്തില്ലെങ്കില്‍ പിന്നെ അഖീഖത് നടത്തേണ്ടത് ആ വ്യക്തിയുമാണ്.
അഖീഖത് അറുക്കപ്പെടേണ്ട സ്ഥലം കുട്ടിയുള്ള സ്ഥലമാണെന്നും അറുക്കുന്ന ആളെവിടയാണോ ആ സ്ഥലമാണെന്നും രണ്ടഭിപ്രായമുണ്ട്. ഒരു വ്യക്തിയുടെയോ സ്വത്തിന്‍റെയോ സകാത്ത് നല്കപ്പെടുമ്പോള്‍ ആ വ്യക്തിയോ സ്വത്തോ എവിടെയാണോ ഉള്ളത് അവിടെ സകാത്ത് നല്‍കണമെന്നതു പോലെ ഏതു കുട്ടിയുടെ പേരിലാണോ അറുക്കപ്പെടുന്നത് ആ കുട്ടിയുള്ള സ്ഥലത്ത് അറുക്കപ്പെടണമെന്നാണ് ഒരു അഭിപ്രായം.
എന്നാല്‍ ആരാണോ അഖീഖത് അറുക്കുന്നത് അയാളുടെ നാട്ടിലാണ് അറുക്കേണ്ടത് എന്നതാണ് മറ്റൊരഭിപ്രായം. എന്തിന്‍റെ പേരിലാണോ സകാത്ത് നല്‍കുന്നത് ആ വസ്തുവുള്ള നാട്ടില്‍ തന്നെ സകാത്ത് നല്‍കണമെന്ന് പറഞ്ഞതിന്‍റെ ലക്ഷ്യം സകാത്ത് നിര്‍ബന്ധബാധ്യതയായതിനാല്‍ ആ നാട്ടുകാര്‍ അതു പ്രതീക്ഷിക്കുമെന്നത് കൊണ്ടാണ്. അഖീഖത് സുന്നത്ത് കര്‍മമായതിനാല്‍ സകാത്തുപോലെ ജനങ്ങള്‍ ഇത് പ്രതീക്ഷിക്കുകയില്ല. കൂടാതെ സകാത്തിന്‍റെ അവകാശികളുമായി അഖീഖതിന് ബന്ധവുമില്ല. ഇനി ചെറിയ തരത്തിലുള്ള ഒരു പ്രതീക്ഷിക്കപ്പെടല്‍ അഖീഖതില്‍ സങ്കല്‍പ്പിച്ചാല്‍ തന്നെയും അഖീഖത് അറുക്കുകയെന്ന സുന്നത് ബന്ധപ്പെടുന്ന രക്ഷിതാവിന്‍റെ നാട്ടുകാരാണ് അതില്‍ പ്രതീക്ഷ വെക്കുക. ആയതിനാല്‍ രക്ഷിതാവിന്‍റെ നാട്ടില്‍ അറവ് നടത്തലാണ് ഒന്നുകൂടെ ഉത്തമമെന്ന് ഫതാവാ ഇബ്നുഹജര്‍ (6/200)ല്‍ കാണാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.