വിഷയം: ‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിംങ്

ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിംങ് ഇസ്ലാമിൽ അനുവദനീയമാണോ ? അത് ചെയ്യാൻ പറ്റുമോ ?

ചോദ്യകർത്താവ്

Muhammed

Jun 9, 2020

CODE :Fat9862

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മുടിയില്ലാത്ത ഭാഗത്ത് ഫൈബര്‍, പ്ളാസ്റ്റിക് പോലോത്ത സിന്തെറ്റിക് മെറ്റീരിയല്‍ ഉപയോഗിച്ചുള്ള മനുഷ്യനിര്‍മിച്ച മുടി പോലോത്ത നാരുകള്‍ പതിപ്പിച്ച ക്ലിപ്പുകള്‍ ഘടിപ്പിക്കുന്ന വിദ്യ (വിഗ് വെക്കല്‍) ഇന്ന് സര്‍വ്വ സാധാരണയായി കണ്ടുവരുന്നുണ്ട്.

കഷണ്ടി ഒരു ന്യൂനതയും രോഗവുമാണ്. ന്യൂനത മറച്ചുവെക്കുന്നതിന് ശരീഅത്തില്‍ വിലക്കൊന്നുമില്ല. കഷണ്ടിയെന്ന ന്യൂനത മറച്ചുവെക്കല്‍ തന്നെയാണല്ലോ ഈ പ്രക്രിയയിലും നടക്കുന്നത്. ഭംഗിക്ക് വേണ്ടി മുടികൂട്ടിച്ചേര്‍ക്കുന്നവരെയും പച്ചകുത്തുന്നവരെയും പല്ല് രാകുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസിന്‍റെ വിശദീകരണത്തില്‍ ഇമാം നവവി തങ്ങള്‍ പറയുന്നു: ഭംഗിക്ക് വേണ്ടി ചെയ്യുന്നത് മാത്രമാണ് ഇസ്ലാമില്‍ നിഷിദ്ധമായത്. ചികിത്സക്ക് വേണ്ടിയോ പല്ലിലോ മറ്റോ ഉള്ള ന്യൂനത ഒഴിവാക്കാനോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വന്നാല്‍ അതിന് കുഴപ്പമൊന്നുമില്ല.(ശറഹ് മുസ്‌ലിം).

എന്നാല്‍ ഉപയോഗിക്കുന്ന വിഗുകളില്‍ താഴെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഉപയോഗിക്കപ്പെട്ട വസ്തു മറ്റൊരു മനുഷ്യന്‍റെ മുടിയോ ചത്ത മൃഗങ്ങളുടെ രോമമോ ആയിരിക്കരുത്. കുളി, വുളൂ തുടങ്ങിയ നിര്‍ബന്ധശുചീകരണ വേളകളില്‍ നിര്‍ബന്ധമായ ഭാഗത്തേക്ക് വെള്ളം ചേരാനായി ഇത് മാറ്റിവെക്കേണ്ടതാണ്.

എടുത്തുമാറ്റാന്‍ സാധിക്കുന്നവിധമുള്ള ശുദ്ധിയുള്ള നാരുകളോ നജസല്ലാത്ത രോമങ്ങളോ മനുഷ്യ മുടിയല്ലാത്തതോ ഉപയോഗിച്ച്‌ ഹെയര്‍ ഫിക്‌സിംഗ്‌ നടത്തുന്നത്‌ അനുവദനീയമാണ്‌ (ശര്‍വാനി: 2/128).

തലയില്‍നിന്നു എടുത്തുമാറ്റാന്‍ സാധിക്കാത്തവിധം ഹെയര്‍ ഫിക്‌സിംഗ്‌ നടത്തുകയും അതുമൂലം കുളി, വുളൂ എന്നിവയില്‍ വെള്ളം ചേരാത്തതിനാല്‍ അവ സാധുവാകാതിരിക്കുകയും ചെയ്‌താല്‍ ഹെയര്‍ ഫിക്‌സിംഗ്‌ നിഷിദ്ധമാണ്. കുളിയുടെ സമയത്തോ വുളൂഇന്‍റെ സമയത്തോ വെള്ളം ചേരാതായാല്‍ അത് നീക്കാനാകുമെങ്കില്‍ നീക്കുകയും നീക്കിയാല്‍ അപകടം സംഭവിക്കുമെങ്കില്‍ പകരം തയമ്മും ചെയ്യുകയും ചെയ്യേണ്ടതാണ്.

 

തലയിലെ മുടിയുള്ള ഭാഗത്തുനിന്ന് മുടി വേരോടെ പിഴുതെടുത്ത് കഷണ്ടിയുള്ള ഭാഗത്ത് സുഷിരങ്ങളുണ്ടാക്കി നട്ടുപിടിപ്പിക്കുകയോ അല്ലെങ്കില്‍ മുടിയുള്ള ഭാഗത്തുനിന്നു തൊലിയടക്കം മുറിച്ചെടുത്ത്‌ ചെറിയ കഷ്‌ണങ്ങളുണ്ടാക്കി മുടിയില്ലാത്ത ഭാഗത്ത് തുന്നിച്ചേര്‍ക്കുകയോ ചെയ്യുന്ന പ്രക്രിയ ആണ് ഹെയർട്രാൻസ്പ്ലാന്റ് അഥവാ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. അനിവാര്യമായ പ്രതിസന്ധി ഘട്ടങ്ങളിലല്ലാതെ മനുഷ്യന്‍റെ ശരീരത്തിന്‍റെ (സ്വന്തമായാലും ശരി) ഭാഗങ്ങള്‍ മുറിച്ചെടുത്ത് ഉപയോഗിക്കല്‍ കുറ്റകരമായതിനാലും കഷണ്ടി മറച്ചുവെക്കുകയെന്നത് അനിവാര്യഘട്ടമല്ലാത്തതിനാലും ഈ പ്രക്രിയ ഹറാമാണ്.

മനുഷ്യന്‍റെ മുടിയോ മറ്റു നജസായ രോമങ്ങളോ ഉപയോഗിക്കല്‍ സ്‌ത്രീക്കും പുരുഷനും നിഷിദ്ധമാണ്‌. ഇതു രണ്ടുമല്ലാത്തത്‌ കൊണ്ട് ഭര്‍തൃമതിക്ക്‌ ഭര്‍ത്താവിന്‍റെ സമ്മതത്തോടെ ചെയ്യാം(മുഗ്‌നി: 1/294).

മേല്‍പറഞ്ഞതില്‍ നിന്നും ഇന്ന് നിലവിലുള്ല രീതിയിലുള്ള ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിംഗ് പാടില്ലാത്തതാണെന്ന് മനസിലായല്ലോ.

ഇനി തലമുടി നട്ടുപിടിപ്പിച്ചാല്‍ പിന്നീട് ആ മുടിയുടെ വിധിയെന്താണെന്ന് നോക്കാം.

നട്ടുപിടിപ്പിച്ച മുടി തലയുടെ മാംസവുമായി ചേര്‍ന്നു അതിനു ജീവനും വളര്‍ച്ചയും പ്രാപിച്ചാല്‍ ആ മുടിക്ക് സാധാരണ മുടിയുടെ വിധിയുണ്ടാകും. ഉദാഹരണത്തിന് വുളൂഇല്‍ തലതടവുമ്പോള്‍ തലയുടെ പരിധിയില്‍ വരുന്ന ആ മുടിയില്‍ തടവുന്നത് പരിഗണിക്കപ്പെടുന്നതാണ്. മാംസവുമായി ചേരാതെയും വളര്‍ച്ചയും ജീവനുമില്ലാതെയും  നിലനില്‍ക്കുന്നതാണെങ്കില്‍   തലയിലുള്ള സാധാരണ മുടിയുടെ വിധി അതിനുണ്ടാവില്ല. അതുകൊണ്ടുതന്നെ വുളൂഇന്റെ വേളയില്‍ പ്രസ്‌തുത രോമത്തില്‍ തടവിയതുകൊണ്ട്‌ പ്രയോജനമില്ല. വുളൂ സാധുവാകില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter