തുള്ളിമരുന്നുകൾ(കണ്ണ്,മൂക്ക്,ചെവി)ഗ്ളൂക്കോസ് മറ്റു ഇഞ്ചക്ഷനുകൾ എന്നിവ ഉപയോഗിക്കുന്നതിൽ നോമ്പിന്റെ വിധിയെന്താണ്?പ്രത്യേകം വേർതിരിച്ചു വിശദീകരിക്കാമോ?
ചോദ്യകർത്താവ്
ISMAIL
Jul 9, 2017
CODE :Fiq8728
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഉള്ളിലേക്ക് വല്ലതും പ്രവേശിച്ചാല്‍ നോമ്പ് മുറിയുമെന്നാണ് നിയമം. ഇന്‍ജക്ഷനുകളില്‍ ചിലത് ഞരമ്പിനുള്ളിലേക്ക് ചെയ്യുന്നതും ചിലത് മാംസത്തിലേക്ക് ചെയ്യുന്നതും ഉണ്ട്. ഞരമ്പിനുള്ളിലേക്ക് ചെയ്യുന്ന ഇഞ്ചക്ഷന്‍ കൊണ്ടുനോമ്പ് മുറിയുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഫിഖ്ഹിന്റെ ഗ്രന്ഥങ്ങള്‍ നിര്‍വ്വചിക്കുന്ന വിധമുള്ള ഉള്ള് ഞരമ്പുകള്‍ക്ക് ഇല്ലെന്നും ആയതിനാല്‍ ഇഞ്ജക്ഷനിലൂടെ നോമ്പ് മുറിയില്ലെന്നുമാണ് പ്രബലാഭിപ്രായം. ഇതേ നിയമം തന്നെയാണ് ഗ്ലൂകോസിനും ബാധകമാവുക. ഈ വിഷയങ്ങളില്‍ അഭിപ്രായാന്തരമുണ്ടെന്നതിനാല്‍ ഇത്തരം കാര്യങ്ങള്‍ പരമാവധി ഉപേക്ഷിക്കുന്നതാണ് നല്ലത്.
കണ്ണില്‍ മരുന്ന് ഒഴിക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ല എന്നതാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. എന്നാല്‍ മറ്റുമദ്ഹബുകളില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുള്ളതിനാല്‍ അത്യാവശ്യമില്ലെങ്കില്‍ ഒഴിവാക്കുന്നതാണ് ഉത്തമം.
ചെവി മൂക്ക് എന്നിവയില്‍ മരുന്ന് ഉറ്റിക്കുന്നത് മൂലം നോമ്പ് മുറിയുന്നതാണ്. അവ രണ്ടിനും ശരീഅത് നിശ്ചയിച്ച വിധമുള്ള ഉള്ള് ഉണ്ടെന്നതാണതിനു കാരണം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.