പാവപ്പെട്ടവരുടെ കല്യാണ ആവശ്യത്തിനും , രോഗികൾക്കും ഒക്കെ കൊടുക്കുന്ന പണം നോമ്പിന്റെ പരിഹാരം ആയ മുദ്ദ് നിയ്യത്തു വെച്ചാൽ വീടുമോ
ചോദ്യകർത്താവ്
SIRAJ
Feb 4, 2019
CODE :Fiq9120
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മുദ്ദ് എന്നത് ചില ആരാധനകളുമായി ബന്ധപ്പെട്ട ന്യൂനതകൾ പരിഹരിക്കാൻ വേണ്ടി കൊടുത്തു വീട്ടൽ നിർബ്ബന്ധമായ ഒരു ദാനമാണ്. അത് കൊടുക്കേണ്ടത് ഫഖീറിനും മിസ്കീനുമാണ്. മുദ്ദ് കൊടുത്തു വീട്ടാലായി പരിഗണിക്കണമെങ്കിൽ ഇത് ഞാൻ കൊടുത്തു വീട്ടാനുള്ള മുദ്ദാണ് എന്ന് പ്രത്യേകമായി കരുതി തന്നെ കൊടുക്കണം. അതു പോലെ നാട്ടിലെ മുഖ്യ ആഹാരമാണ് മുദ്ദായിട്ട് കൊടുക്കേണ്ടത്. ക്യാഷായിട്ട് കൊടുത്താൽ വീടില്ല. ഇത്തരം നിബന്ധനകൾ പാലിചുു കൊണ്ട് കൊടുത്താലേ അത് വീടുകയുള്ളൂ (തുഹ്ഫ)
പാവങ്ങൾക്ക് കല്യാണാവശ്യത്തിനും മറ്റും കൊടുക്കുന്നത് ഈ നിബന്ധനകളൊക്കെ ഒത്ത് ഈ ഉദ്ദേശ്യത്തോടെയും ഈ രീതിയിലും ആണെങ്കിൽ അത് മുദ്ദായിട്ട് പരഗണിക്കപ്പെടും. എന്നാൽ സാധാരണ കല്യാണ സഹായവും മറ്റും സംഭാവനയോ സഹായ ധനമോ ആയിട്ടാണ് നൽകുക. ഇത് ഐഛിക ദാനമാണ്. നിർബ്ബന്ധ ദാനമല്ല. അത് പോലെ മിക്കവാറും മുഖ്യ ആഹാരമല്ല, പണമാണ് നൽകാറുള്ളത്. പലപ്പോഴും ആളുകൾക്ക് കൊടുക്കുമ്പോഴോ കൊടുതത്തതിന് ശേഷമോ ‘ഏതായാലും കുറച്ച് പൈസ അല്ലെങ്കിൽ സാധനം കൊടുത്തല്ലോ, അത് എന്റെ മുദ്ദായിട്ടു കൂടി കിടക്കട്ടേ’ എന്ന ചിന്താഗതിയും ഉണ്ടാകാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിൽ നിബന്ധനകൾക്ക് വിധേയമായി നൽകേണ്ട നിർബ്ബന്ധ ദാനമായ മുദ്ദായിട്ട് അതൊന്നും പരിഗണിക്കപ്പെടില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.