السلام عليكم ورحمة الله وبركاته പ്രിയ ഉസ്താദുമാരെ, ഞാന്‍ ഒരു സംശയ നിവാരണത്തിനായിട്ടാണ് ഈ കുറിപ്പ് എഴുതുന്നത്. വിഷയം : ഒരാള്‍ 20 വര്‍ഷം മുമ്പ് റമളാന്‍ മാസത്തിന്‍റെ പകലില്‍ നോമ്പു കാരനായി കൊണ്ട് ഭാര്യയുമായി ലൈംഗികമായി ബന്ധപെട്ടു , ഇതുവരെ പ്രായക്ചിതം ചെയ്തിട്ടില്ല. 60 നോമ്പ് തുടര്‍ച്ചയായി എടുക്കാന്‍ ബുദ്ധിമുട്ട് ആണ് . ആയതിനാല്‍ മുദ്ദു കൊടുത്തു പ്രായക്ഷിത്വം ചെയ്യാന്‍ അയാള്‍ ഉദേശിക്കുന്നു . 1.അദ്ദേഹം മുദ്ദു കൊടുത്തു കൊണ്ട് പ്രതിക്രിയ ചെയ്യുകയാണെങ്കില്‍ 20 വര്‍ഷത്തിനു മുന്പ് ചെയ്തതായത് കൊണ്ട് എത്ര കിലോ അരി കൊടുക്കണം ? 2.അഗതി മന്ദിരം , യതീം ഖാന എന്നിവയില്‍ മൊത്തമായി കൊടുക്കാന്‍ പറ്റുമോ ? ദയവു ചെയ്ത് വിശദമായ കര്‍മ ശാസ്ത്ര വിധി എഴുത്തായിട്ടോ ശബ്ദമായിട്ടോ അയച്ചു തരണമെന്നു അഭ്യര്‍ത്ഥിക്കുന്നു. 20 വര്‍ഷം മുന്‍പ് ചെയ്തതാണെന്നത്‌ വീണ്ടും ഓര്‍മപ്പെടുത്തുന്നു . നിങ്ങളുടെ സൌകര്യമനുസരിച്ച് അധികം വൈകാതെ ഉചിതമായ മറുപടി ഈ വരുന്ന റമളാന്‍ നോമ്പ് തുടങ്ങുന്നതിനു മുമ്പ് അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. താങ്കളുടെ സേവനം അള്ളാഹു സല്‍ കര്‍മങ്ങളായി സ്വീകരിക്കട്ടെ ....آمين

ചോദ്യകർത്താവ്

شمس الدين

Apr 8, 2019

CODE :Fat9232

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

റമാളാന്‍ നോമ്പുകാരനായിരിക്കെ സംയോഗം ചെയ്താല്‍ ആ ദിവസത്തെ നോമ്പ് മുറിയും. ആ നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം ചെയ്ത തെറ്റിന്റെ പ്രാശ്ചിത്തം ഒരു അടിമയെ മോചിപ്പിക്കുക, അതിന് കഴിയില്ലെങ്കില്‍ 60 ദിവസം തുടര്‍ച്ചയായി നോമ്പ് നോല്‍ക്കുക, (അസുഖം, വാര്‍ദ്ധക്യം എന്നിവ മൂലം) അതിനും സാധിച്ചില്ലെങ്കില്‍ ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട 60 പേര്‍ക്ക് ഓരോ മുദ്ദ് വീതം കൊടുത്തു വീട്ടുക എന്നതാണ് (ഫത്ഹുല്‍ മുഈന്‍).

ഇവിടെ സംയോഗം മൂലം ഖളാആയ ആ ദിവസത്തെ നോമ്പ് ഈ 20 വര്‍ഷവും ഖളാഅ് വീട്ടിയിട്ടില്ലെങ്കില്‍ അത് ഖളാഅ് വീട്ടിയിട്ടില്ലായെന്ന കാരണത്താല്‍ ഓരോ വര്‍ഷത്തിനും ഓരോ മുദ്ദ് എന്ന തോതില്‍ ഇരുപത് മുദ്ദ് കൊടുത്തു വീട്ടണം. എന്നാല്‍ സംയോഗം ചെയ്ത് നോമ്പ് മുറിച്ചതിന്റെ പ്രായ്ശ്ചിത്തം 20 വര്‍ഷമായി നിര്‍വ്വഹിച്ചിട്ടില്ല എന്നത് കൊണ്ട് ആ പ്രായ്ശ്ചിത്തം 20 തവണയായി വര്‍ദ്ധിക്കുകയില്ല. അഥവാ 20 വര്‍ഷം മുമ്പുള്ള അതേ പ്രാശ്ചിത്തം തന്നെ കൊടുത്താല്‍ മതി (തുഹ്ഫ). എന്നാല്‍ പ്രായ്ശ്ചിത്തം ചെയ്യാന്‍ സാധിച്ചിട്ടും അകാരണമായി അത് വര്‍ഷങ്ങളോളം പിന്തിച്ചതിന് അവന്‍ കുറ്റക്കാരനാകും (ശറഹുല്‍ മുഹദ്ദബ്), അതിനാല്‍ അത് പിന്തിച്ചിതിന് അവന്‍ തൌബ ചെയ്യണം.

മുദ്ദ് കൊടുക്കുന്നതിന് പകരം കാഷ് കൊടുത്താല്‍ വീടില്ല. നാട്ടിലെ മുഖ്യ ആഹാര പദാര്‍ത്ഥം തന്നെ കൊടുക്കണം. ഫഖീര്‍, മിസ്കീന്‍ എന്നീ രണ്ട് വിഭാഗങ്ങള്‍ക്ക് നല്‍കിയാല്‍ മാത്രമേ മുദ്ദ് വീടുകയുള്ളൂ. പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ സകാത്തിന്റെ മറ്റു ആറ് അവകാശികള്‍ക്കും വ്യക്തിപരമായോ സകാത്തിന്റെ അവകാശികളായി എണ്ണപ്പെടാത്ത അഗതി- അനാഥ മന്ദിരങ്ങള്‍ തുടങ്ങിയവക്ക് മൊത്തമായോ നല്‍കിയാല്‍ മുദ്ദ് വീടുകയില്ല (തുഹ്ഫ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter