ഫർള് നോമ്പ് ഇസ്‌ലാമിൽ ആദ്യം നിർബന്ധമാക്കപ്പെട്ടത് എപ്പോൾ? നമ്മുടെ നബിയുടെ ഉമ്മത്തിന് മുമ്പുള്ള ഏതെങ്കിലും ഉമ്മത്തിന് നോമ്പ് നിര്ബന്ധമായിരുന്നോ ? ആശൂറാഅ് നോമ്പ് ആദ്യം നിർബന്ധമായിരുന്നു എന്ന അഭിപ്രായം ശരിയാണോ?
ചോദ്യകർത്താവ്
Mishal
Jan 15, 2020
CODE :Fiq9568
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഹിജ്റ രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്.
റമളാന്‍ മുഴുവന്‍ നോമ്പുനോല്‍ക്കല്‍ നിര്‍ബന്ധമാക്കപ്പെട്ടത് മുഹമ്മദ്(സ്വ)നബിയുടെ മാത്രം പ്രത്യേകതയാണ്.
മുന്‍കഴിഞ്ഞ ഉമ്മത്തുകള്‍ക്കും മറ്റുരീതികളിലായി നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നുവെന്ന് വിശുദ്ധഖുര്‍ആനില്‍ തന്നെ പറഞ്ഞിട്ടുണ്ട്(അല്‍ബഖറ 183).
എന്നാല്‍ മുന്‍കഴിഞ്ഞ ഉമ്മത്തുകള്‍ക്കും റമളാന്‍ മുഴുവന്‍ നോമ്പ് പിടിക്കല്‍ നിര്‍ബന്ധമാക്കപ്പെട്ടിരുന്നുവെന്നും അവരതില്‍ നിന്ന് വ്യതിചലിച്ചുവെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. ആദ്യം പറഞ്ഞതാണ് പ്രബലമായ അഭിപ്രായം(ഇആനതുത്ത്വാലിബീന്‍ 2/358).
ആശൂറാഇന്‍റെ നോമ്പ് മുഹമ്മദ് നബിയുടെ ഉമ്മത്തിന് നിര്‍ബന്ധമാക്കപ്പെട്ടിട്ടില്ല. മൂസാനബി(അ)യും അനുയായികളും ഫിര്‍ഔനിന്‍റെ അക്രമത്തില്‍ നിന്ന് രക്ഷ നേടിയ ദിവസത്തെ ആദരിച്ച് യഹൂദികള്‍ അന്നേ ദിവസം നോമ്പനുഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ട തിരുനബി(സ്വ), മൂസാനബി(അ)യെ ആദരിക്കാന്‍ കൂടുതല്‍ ബന്ധപ്പെട്ടത് ഞങ്ങളാണെന്നും വരും വര്‍ഷം ഞാനുണ്ടാവുകയാണെങ്കില്‍ മുഹര്‍റം 10 നോടൊപ്പം 9 കൂടി നോമ്പ് പിടിക്കുമെന്ന് പറയുകയുണ്ടായി. ആശൂറാഇന്‍റെ നോമ്പിനെ കുറിച്ച് വന്ന ഹദീസുകളിലെ കല്‍പനകളെല്ലാം പണ്ഡിതന്മാര്‍ ശക്തിയായ സുന്നത്തിന്‍റെ മേല്‍ ചുമത്തിയിട്ടുണ്ടെന്ന് ഇആനതുത്താലിബീന്‍(2/301)ല്‍ കാണാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.