വിഷയം: ‍ നോമ്പുകാരന്‍റെ ഇന്‍ഹൈലര്‍ ഉപയോഗം

നോമ്പുകാരന് ഇന്ഹൈലര്‍ (ആസ്മ രോഗത്തിന് വേണ്ടി) ഉപയോഗിക്കാമോ?? അതുകൊണ്ട് നോമ്പ് മുറിയുമോ?

ചോദ്യകർത്താവ്

Saleem

Apr 26, 2020

CODE :Fiq9737

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തുറന്ന ദ്വാരത്തിലൂടെ തടിയുള്ള വസ്തുക്കളൊന്നും അകത്തേക്ക് പ്രവേശിക്കാതിരിക്കുകയെന്നതാണ് നോമ്പ് സാധുവാകാനുള്ള നിബന്ധന.

ഇന്‍ഹൈലര്‍ ഉപയോഗിക്കുമ്പോള്‍ അകത്തേക്ക് തടിയുള്ള വസ്തുക്കള്‍ പ്രവേശിക്കുന്നുണ്ടോ എന്നിടത്താണ് നോമ്പ് മുറിയുന്നതും മുറിയാതിരിക്കുന്നതും തീരുമാനിക്കപ്പെടുന്നത്.

പുക അകത്തേക്കു കടന്നാല്‍ നോമ്പു മുറിയുമോ എന്ന വിഷയം ചര്‍ച്ച ചെയ്തിടത്ത് പുകക്ക് തടിയുണ്ടോ ഇല്ലയോ എന്നതില്‍് പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. രുചി, ഗന്ധം, തുടങ്ങിയവ പോലെ പുക അകത്തേക്ക് കയറിയാലും നോമ്പ് മുറിയില്ല എന്നാണ് ഇബ്നുഹജര്‍(റ) വിശദീകരിച്ചിട്ടുള്ളത്. പുകക്ക് നോമ്പ് മുറിയുന്ന തരത്തിലുള്ള തടിയില്ലെന്നാണ് ഇബ്നുഹജര്‍(റ) പറഞ്ഞിട്ടുള്ളത് (തുഹ്ഫ 4-539)

പലതരം രോഗങ്ങള‍ക്കായി പലവിധത്തിലുള്ള ഇന്‍ഹൈലറുകള്‍ ഇന്ന് ഉപയോഗത്തിലുണ്ട്. അവയുപയോഗിച്ച് അകത്തേക്ക് കടത്തിവിടുന്നത് തടിയുള്ളതാണോ എന്നതാണ് ശ്രദ്ധേയം. അകത്തേക്ക് പൊടിയായി മരുന്നുകള്‍ കയറ്റുന്ന ഇന്‍ഹൈലറുകളും ഗ്യാസ് മാത്രം കയറ്റുന്ന ഇന്‍ഹൈലറുകളും കാണുന്നുണ്ട്.  ആസ്മക്ക് വേണ്ടി ഇന്‍ഹൈലര്‍ ഉപയോഗിക്കുമ്പോള്‍ നോമ്പ് മുറിയുന്ന തരത്തിലുള്ള തടിയുള്ള വസ്തു അകത്തേക്ക് പ്രവേശിക്കാത്തതാണെങ്കില്‍ നോമ്പ് മുറിയുകയില്ല.

നോമ്പ് മുറിക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ അകത്തേക്ക് കയറ്റുന്ന ഇന്‍ഹൈലറുപയോഗിക്കുന്നവര്‍ക്ക് അത് പകല്‍സമയത്ത് തീരെ ഉപയോഗിക്കാതെ നോമ്പെടുക്കാന്‍ കഴിയില്ലെങ്കില്‍ അവര്‍ക്ക് നോമ്പ് ഒഴിവാക്കാന്‍ വിട്ടുവീഴ്ചയുണ്ടല്ലോ. രോഗം മാറിയാല്‍ ഖളാഅ് വീട്ടിയാല്‍ മതി. മാറുമെന്ന പ്രതീക്ഷയില്ലാത്ത രോഗിയാണെങ്കില്‍ അവര്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് ഫിദ്'യ കൊടുക്കുകയാണ് വേണ്ടത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter