വിഷയം: കമ്മീഷൻ
ഞാൻ ഒരു സ്ഥാപനത്തിൽ വർക് ചെയ്യുന്നു.ആ സ്ഥാപനത്തിലെ ജോലിക്കാരുടെ ഫോട്ടോ എടുക്കാൻ എന്നെ ഏല്പിക്കുന്നു. സ്റ്റുഡിയോ വിൽ ഒരു ഫോട്ടോ എടുക്കാൻ 35 dhs ആണ്. സ്ഥാപനക്കാരോട് ഞാൻ ആ വിവരം പറയുന്നില്ല. ഞാൻ ഫോട്ടോ ഗ്രാഫരുമായി ഒരു വ്യവസ്ഥ വെക്കുന്നു. ഒരു ഫോട്ടോക്ക് 25 ആണ് നിനക്ക് തരുക 10 dhs എനിക്കും. ഈ 10 dhs എനിക്കു ഹലാൽ ആകുമോ അതോ ഹറാമാണോ?
ചോദ്യകർത്താവ്
MUHAMMED KUNHI
Aug 12, 2022
CODE :Fin11299
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ.
സമ്പത്ത് അള്ളാഹു മനുഷ്യന് കനിഞ്ഞ് നല്‍കിയ അനുഗ്രഹമാണ്. അവ അള്ളാഹു ഇഷ്ടപ്പെട്ട മാര്‍ഗ്ഗത്തില്‍ സമ്പാദിക്കാനും അവന്‍ പൊരുത്തപ്പെടുന്ന വിധം ചെലവഴിക്കാനും ശ്രദ്ധിക്കണം. ധനസമാഹരണം ലക്ഷ്യമില്ലാതെ പരസ്പരം സഹായിക്കുന്നതും സഹകരിക്കുന്നതും ദൈവപ്രീതി ലഭിക്കാന്‍ കാരണമാണ്.
ചോദ്യത്തിലേക്ക് വരാം. കമ്പനി ഉടമ അല്ലെങ്കില്‍ കൈകാര്യം ചെയ്യുന്നവര്‍ ഏല്‍പിക്കുന്ന ജോലി ചെയ്യാനാണല്ലോ ഏതൊരു കമ്പനിയും ജോലിക്കാരെ നിയമിക്കുന്നത്. അതിനവര്‍ ശമ്പളവും നല്‍കുന്നു. അത്തരത്തില്‍ താങ്കള്‍ ഏല്‍പിക്കപ്പെട്ട ഒരു ജോലിയായിരിക്കും ജീവനാക്കാരുടെ ഫോട്ടോയെടുക്കുകയെന്നതും.
ചോദ്യത്തില്‍ പറഞ്ഞ പ്രകാരം താങ്കള്‍ കൂലിക്ക് വിളിച്ച ഫോട്ടോഗ്രാഫറോട് നിനക്ക് ലഭിക്കുന്ന കൂലിയായ 35 ദിര്‍ഹമില്‍ നിന്ന് 10 ദിര്‍ഹം എനിക്ക് കമ്മീഷനായി നല്‍കണമെന്നാണ് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളത്. കമ്മീഷന്‍ അനുവദനീയമാവണമെങ്കില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് എന്തെങ്കിലും അദ്ധ്വാനമോ ചെലവോ വരുന്ന വിധം പ്രവർത്തിക്കുന്ന സാഹചര്യം കമ്മീഷൻ പറ്റുന്ന വ്യക്തിക്കുണ്ടാകണമെന്നത്. പറയപ്പെട്ട വിഷയത്തില്‍ 10 ദിര്‍ഹം കമ്മീഷനായി കൈപറ്റാന്‍ മാത്രം അദ്ധ്വാനമുള്ള ഒരു ജോലിയുമില്ലല്ലോ. അതിനാല്‍ അത് നിഷിദ്ധമായ കമ്മീഷനാണ്.
ഇടപാടിന്‍റെ അവസരത്തില്‍ ഒരു നിബന്ധനയുമില്ലാതെ ഫോട്ടോഗ്രാഫര്‍ അദ്ദേഹത്തിന്‍റെ വക ഗിഫ്റ്റായി താങ്ങള്‍ക്ക് ഒരു ഫോട്ടോക്ക് 10 എന്ന നിരക്കില്‍ നല്‍കുന്നുവെങ്കില്‍ അത് സ്വീകരിക്കുന്നതിന് വിരോധമില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.