വിഷയം: ‍ സാമ്പത്തികം

നിങ്ങളുടെ Forex മായി ബന്ധപ്പെട്ട ലേഖനത്തില്‍ ഒരുപാട് അവ്യക്തത ഉണ്ട്. അതിൽ കൂടുതല്‍ വ്യക്തത വരുത്താമോ. കൈവശാവകാശം തുടങ്ങിയവ അതിൽ എങ്ങനെയാണ് എന്ന് പഠിച്ച് അതിലെ ഫിഖ്ഹ് വിശദീകരിക്കാമോ. അതിൽ സ്വര്‍ണ്ണം, വെള്ളി, currency മാത്രമല്ലല്ലോ ഇടപാട് നടത്തുന്നത്. അവയുടെ ഫിഖ്ഹിന്റെ വശം കൂടി വിവരിക്കാമോ?

ചോദ്യകർത്താവ്

Anvar Sadique PT

Aug 22, 2022

CODE :Fin11319

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

താങ്കള്‍ ഫോറക്സുമായി ബന്ധപ്പെട്ട ഏത് ലേഖനമാണ് വായിച്ചതെന്ന് വ്യക്തമല്ല. ആ ലേഖനം ഏതാണെന്നും അതിലെ അവ്യക്തതയുള്ള ഭാഗം സൂചിപ്പിക്കുകയും ചെയ്താല്‍ ഇന്‍ ശാഅല്ലാഹ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാം. മുമ്പ് ഇതേ വിഷയത്തില്‍ നല്‍കിയ മറുപടി താഴെ ചേര്‍ക്കുന്നു.

ഫോറിൻ കറൻസിയും എക്സ്ചേഞ്ചും കൂടിച്ചേർന്നാണ് ഫോറക്സ് എന്ന പദം ഉണ്ടായിട്ടുള്ളത്. ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റുകൾ എന്ന ലോകത്തെ ഏറ്റവും വലുതും ദ്രവ്യതയേറിയതുമായ ധനവിപണികളിൽ വിദേശ കറൻസികൾ ട്രേഡ് ചെയ്യുന്നതാണ് ഫോറക്സ് ട്രേഡിംഗ്. ഇത് വളരേ ലാഭകരമായ ബിസിനസ്സായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അനുദിനം മൂന്ന് ട്രില്യൺ ഡോളർ വിദേശനാണ്യ ട്രേഡുകളുണ്ടെന്നാണ് റിപ്പോർട്ട്. ഒരു കറൻസിയിലെ പണം മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യുന്ന ഇടമാണ് വിദേശനാണ്യ വിപണി. ഒരു കറൻസിയും മറ്റൊന്നും തമ്മിലുള്ള മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ ലാഭകരമായ ഒരു സംരംഭത്തിന് കാരണമാകുന്നതാണ് ഈ ഇടപാട് ജനപ്രിയമാകാനുള്ള കാരണം .

സ്വർണ്ണം വെള്ളിക്ക് പകരമായും തിരിച്ചും ഇപാട് നടത്താം എന്നത് പോലെത്തന്നെ വ്യത്യസ്ത നാണയങ്ങൾ തമ്മിൽ കൈമാറ്റം ചെയ്യുന്നത് ഇസ്ലാമിൽ അനുവദിക്കപ്പെട്ടതാണ്.. അവ വ്യത്യസ്ത ഇനങ്ങളായതിനാൽ അവയുടെ മാർക്കറ്റ് വാല്യുവിനനുസരിച്ച് അവയിലൊന്ന് മറ്റേതിനേക്കാൾ കുറയുകയോ കൂടുകയോ ചെയ്യാം. പക്ഷേ ഇരു നാണയങ്ങളുടേയും കൈമാറ്റം റൊക്കമായിരിക്കണം. ഇടപാട് നടത്തുന്നിടം വിട്ടു പിരിയുന്നതിന് മുമ്പ് കൈമാറ്റം നടന്നിരിക്കണം. അഥവാ ഏതെങ്കിലും ഒരു നാണയം കടം പറയാനോ സദസ്സ് പിരിഞ്ഞിട്ടും ഏതെങ്കിലുമൊരു നാണയം കൈമാറ്റം ചെയ്യപ്പെടാതിരിക്കാനോ പാടില്ല. ഇക്കാര്യം വ്യക്തമായി നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്. (ബുഖാരി, മുസ്ലിം, നസാഈ, ഇസ്തിദ്കാർ). ഈ നിബന്ധനകൾ പാലിച്ചു കൊണ്ട് ലോകത്തെ ഏത് കറൻസികൾ തമ്മിലും എക്സ്ചേഞ്ച് ട്രേഡിംഗ് നടത്താം.

എന്നാൽ ഇന്നത്തെ കാലത്ത് ഫോറിൻ എക്സ്ചേഞ്ച് (ഫോറെക്സ്) ട്രേഡിംഗ് ഏത് രീതിയിലാണ് നടത്തപ്പെടുന്നത് എന്നത് ഏറേ ഗൌരവത്തോടെത്തന്നെ മനസ്സിലാക്കേണ്ട കാര്യമാണ്. കാരണം സാദാ ബാങ്കുകൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ, കറൻസി സ്പെക്യുലേറ്റർമാർ, സർക്കാരുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെ പരസ്പരം ട്രേഡ് ചെയ്യുന്ന ഒരു ഓവർ-ദി-കൌണ്ടർ (ഒ.ടിസി) മാർക്കറ്റാണ് എക്സ്ചേഞ്ച് മാർക്കറ്റ്. ഇവയിൽ മിക്കതും പലിശയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായതിലാൽ ഇവയുടെ സഹായത്തോടെയും ബ്രോക്കറേജിലും കുത്തകയിലും നടക്കുന്ന വിദേശ നാണയ വിനിമയ വ്യവഹാരത്തിൽ പങ്കാളിയാകൽ ഒരു സത്യവിശ്വാസിക്ക് അനുവദനീയമല്ല. പലിശ ഏത് രീതിയിലായാലും ശെരി പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ സംവിധാനങ്ങളുമായോ സഹകരിച്ച് ഇടപാടുകൾ നടത്തുന്നത് നമ്മുടെ ഹലാലായ പണം ഹറാം കലരാനും ക്രമേണ അത് തനി ഹറാമായി മാറാനും കാരണമാകും. പലിശയുമായി ഏത് രീതിയിൽ ബന്ധപ്പെടലും സഹകരിക്കലും വൻ പാപവും ഇഹലോകത്തും പരലോകത്തും ദൈവിക ശിക്ഷയെ ക്ഷണിച്ചു വരുത്തുന്നതും അല്ലാഹുവും റസൂൽ (സ്വ)യും ശപിച്ചതുമായ സാമൂഹിക ദുരന്തമാണ് (സൂറത്തുൽ ബഖറ, ബുഖാരി, മുസ്ലിം). അതു കൊണ്ട് തന്നെ വിദേശത്ത് പോകുമ്പോൾ ആ നാട്ടിലെ കറൻസി ഉപയോഗിക്കൽ നിർബ്ബന്ധമായത് കൊണ്ട് അത്തരം അനിവാര്യ ഘട്ടങ്ങളിലൊഴികെ ഫോറെക്സിനെ ലാഭം നേടാനുള്ള  ഒരു ഏർപ്പാടായി കൊണ്ട് നടക്കുന്നത് ഭയഭക്തിയുള്ള ഒരു വിശ്വാസിക്ക് യോജിച്ചതല്ല.

കൂടതല്‍ വായനക്ക് ഈ ലിങ്കും ഉപയോഗിക്കാം

കൂടുതല്‍ അറിയാനും  അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter