കച്ചവട സാധനം കൈപ്പറ്റുന്നതിനുമുമ്പ് അതിനെ മറ്റൊരാൾക്ക് വിൽക്കാൻ പാടില്ല. കാരണം അത് അയാളുടെ ഉടമസ്ഥതയിൽ ആയിട്ടില്ല. എന്നാൽ ഇനി സ്ഥല കച്ചവടത്തിൽ ആകുമ്പോൾ അവിടെ രജിസ്ട്രേഷനു മുമ്പ് അയാൾക്ക് അത് മറ്റൊരാൾക്ക് വിൽക്കാൻ പറ്റുമോ? ഇന്ന് ചിലരൊക്കെ രജിസ്ട്രേഷന് മുമ്പ് തന്നെ ആ സ്ഥലത്ത് വീട് വെക്കുന്നത് കാണാറുണ്ട്. രജിസ്ട്രേഷന് മുമ്പ് അത് അയാളുടെത് ആകുമോ? ആ സ്ഥലം യധാർത്ഥത്തിൽ അയാൾ കൈപറ്റിയിട്ടുണ്ടോ? ഇസ്ലാമിക വിധി എന്ത്?
ചോദ്യകർത്താവ്
JOWHAR
Sep 8, 2020
CODE :Fin9979
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ശറഇല്‍ ഇടപാട് നടക്കാനുള്ള നിബന്ധനകളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകണമെന്നില്ലല്ലോ. നിയമാനുസൃതമായി വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഈജബും ഖബൂലും നടത്തുന്നതോടെ കച്ചവടം ഇടപാട് സാധുവായെന്നാണ് ശറഇന്‍റെ വിധി. ആയതിനാല്‍ ശറഇന്‍റെ നിയമമനുസരിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തികുന്നതിന് മുമ്പ് വാക്കാല്‍ ഇടപാട് പൂര്‍ത്തിയാക്കിയ ഭൂമിയില്‍ വാങ്ങിയ വ്യക്തിക്ക് ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിന് കുഴപ്പമില്ല.
എന്നാല്‍, ഗവണ്‍മന്‍റ് നിയമങ്ങള്‍ക്കനുസൃതമായി ഇടപാടുകളുടെ രേഖകള്‍ ശരിയാക്കാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടി വരുമ്പോള്‍ അവിടെ മതനിയമങ്ങള്‍ പരിഗണിക്കപ്പെടില്ലല്ലോ. ആയതിനാല്‍ ഗവണ്‍മന്‍റ് അനുശാസിക്കുന്ന എല്ലാ നിയമങ്ങളും പൂര്‍ത്തീകരിച്ച ശേഷം ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെടുന്നതാകും ഉചിതം.
വധൂവരന്മാര്‍ തമ്മില്‍ നിയമാനസൃതമായ നികാഹ് നടക്കുന്നതോടെ ശറഇന്‍റെ കാഴ്ചപ്പാടില്‍ വിവാഹം പൂര്‍ത്തിയായെങ്കിലും വിവാഹം രജിസ്ട്രേഷന്‍ ചെയ്യാത്ത കാലത്തോളം ഗവണ്‍മന്‍റ് അവരെ ഇണകളായി പരിഗണിക്കുകയില്ലല്ലോ. എന്നിരുന്നാലും മതനിയമപ്രകാരം അവരുടെ വൈവാഹികബന്ധങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളുമെല്ലാം സാധുവാണുതാനും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.