പതിവാക്കിയാല്‍ പല പുണ്യങ്ങളും കിട്ടുന്ന സൂറതുകളും ആയത്തുകളും ഉണ്ടല്ലോ. ആര്‍ത്തവകാരിക്ക് പതിവാക്കലിന്‍റെ പുണ്യം കിട്ടുമോ? ആര്‍ത്തവസമയത്ത് തബാറക തുടങ്ങിയ സൂറത്തുകള്‍ ഹൃദയം കൊണ്ട് ഓതാമോ? ദിക്റ് എന്ന നിലയില്‍ ആയത്തുകള്‍ ചൊല്ലാമോ?

ചോദ്യകർത്താവ്

jasmine

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹൈള്, നിഫാസ്, ജനാബത് തുടങ്ങിയ വലിയ അശുദ്ധിയുള്ളവര്‍ക്ക് ഖുര്ആന്‍ തൊടലും ഓതലും പാടില്ല. ഖുര്‍ആന്‍ എന്ന ഉദ്ദേശ്യത്തോടെ ഒന്നും ഓതാവതല്ല. സാധാരണ പതിവാക്കുന്ന സൂറതുകളും ഹൈള് സമയത്ത് ഓതല്‍ അനുവദനീയമല്ല. ദിക്റ് എന്ന നിലയില് ആയതുകളും മറ്റും ഓതാവുന്നതാണ്, ഉദാഹരണം,ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുന്നത്, വാഹനത്തില്‍ കയറുമ്പോഴുള്ള ദിക്റ് ചൊല്ലുന്നത്. എന്നാല്‍, വാക്കുകള്‍ പുറത്തേക്ക് വരാത്ത വിധം ഹൃദയം കൊണ്ട് സൂറതുകളും മറ്റും ഓതാവുന്നതുമാണ്. സാധാരണ പതിവാക്കുന്ന കാര്യങ്ങള്‍ ന്യായമായ കാരണങ്ങളാല്‍ ചെയ്യാനാവാതിരുന്നാലും ആ പതിവാക്കലിന്റെ പുണ്യം കിട്ടുന്നതാണ്. അത്തരം കാരണങ്ങളാല്‍ മുടങ്ങുന്നതിനെ പതിവാക്കല്‍ (മുവാളബത്) മുടങ്ങലായി പരിഗണിക്കപ്പെടുകയുമില്ല. മാത്രവുമല്ല, ആരോഗ്യ സമയത്ത് സ്ഥിരമായി ചെയ്തുപോരുന്ന കര്‍മ്മങ്ങള്‍ അനാരോഗ്യസമയത്ത് ചെയ്യാന്‍ കഴിയാതെ വരുമ്പോഴും ചെയ്തതിന്റെ പ്രതിഫലം ലഭിക്കുമെന്ന് തര്‍ഗീബിന്റെ പല ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. മേല്‍പറഞ്ഞ അവസ്ഥകളിലും അത് ബാധകമാവുമെന്ന് തന്നെ ന്യായമായും പ്രതീക്ഷിക്കാം. ഒരു സല്‍കര്‍മ്മം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍തന്നെ അതിന് ഒരു പ്രതിഫലം എഴുതപ്പെടുമെന്ന് ഹദീസുകളില്‍ വ്യക്തമായി വന്നതാണല്ലോ. അതായത്, കരുത്ത് ഏറെ പ്രധാനമാണെന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. ഹജ്ജ് ചെയ്യാന്‍ അതിയായി ആഗ്രഹിച്ച് അവസാനം അതിനായി സ്വരൂപിച്ച തുക ഇതരരുടെ കഷ്ടപ്പാട് കണ്ട് അവര്‍ക്ക് ദാനം നല്‍കിയതിന്റെ പേരില്‍ ചെയ്യാത്ത ഹജ്ജ് സ്വീകരിക്കപ്പെട്ടതും മുന്‍ഗാമികളുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. വിശ്വാസിയുടെ കരുത്ത് തന്നെ സല്‍കര്‍മ്മമാണെന്ന് ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം. കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും ചെയ്യുന്നത് പതിവാക്കാനും സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter