ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇസ്ലാമില്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

മുജീബ് റഹ്മാന്‍ വടക്കേപാറമ്മല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പരമ്പരാഗത ബാങ്കുകള്‍ (conventional banks) ക്രെഡിറ്റ് കാര്‍ഡുകളുടെ ഓരോ ബില്ലിലും രേഖപ്പെടുത്തപ്പെട്ട തുക തൊട്ടു ശേഷം വരുന്ന പേമെന്റ്തിയ്യതിക്കകം അടച്ചില്ലെങ്കില്‍ മുഴുവന്‍ തുകക്കും പലിശ ഈടാക്കും. ഇത് നിഷിദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. പരമ്പരാഗത ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ്‌ എടുക്കുന്നവര്‍ പൊതുവേ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. പലിശ അടക്കുന്ന സാഹചര്യമുണ്ടാക്കാതെ ഓരോ മാസവും പൂര്‍ണ്ണമായിപണമടച്ചാല്‍ പ്രശ്നമില്ലല്ലോയെന്നു. എന്നാല്‍ ഫിഖ്‌ഹിന്റെ നിയമം അതിനനുവദിക്കുന്നില്ല. കാരണം ഇവിടെ ഇടപാട്‌ രേഖയില്‍ നിശ്ചിത തിയ്യതിക്കകം പണമടിച്ചില്ലെങ്കില്‍ പലിശ അടക്കണമെന്ന നിബന്ധന വെക്കുന്നതോടെ ആ ഇടപാട്‌ സാധുവല്ലാ(ഫാസിദ്‌) താകുന്നു. ‘ഫാസിദാ’യ ഇടപാടുമായി ബന്ധപ്പെടുന്നത് ഹറാമാണ്. സമയത്ത്‌ അടച്ചുവീട്ടുമെന്നു നിശ്ചയം ചെയ്തിട്ടുണ്ടെങ്കിലും ആ ഇടപാട് ഹറാമായി തീരുന്നു. ഇസ്‌ലാമിക ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ സാധാരണ ഫിഖ്‌ഹില്‍ വിശദീകരിച്ച  ദാമാന്‍ അല്ലെങ്കില്‍ ജാമ്യ ഇടപാടുകളുടെ ഗണത്തില്‍ പെടുന്നതാണ്. കടമിടപാടുകള്‍ക്ക് തത്തുല്യമായ വിധികളാണ് ഇവക്കും. അത്തരം കാര്‍ഡുകള്‍ താഴെ നിബന്ധനകള്‍ക്ക് വിധേയമായി ഉപയോഗിക്കാവുന്നതാണ്. ൧. കാര്‍ഡ്‌ ഇഷ്യു ചെയ്യുമ്പോഴും പുതുക്കുമ്പോഴും ഈടാക്കുന്ന തുക നല്‍കപ്പെടുന്ന സേവനത്തിന്റെ കൂലിയായി ഒരു നിശ്ചിത  സംഖ്യ യായിരിക്കണം. അതായത്‌  ക്രെഡിറ്റ് ലിമിറ്റിന്റെ അടിസ്ഥാനത്തില്‍ പലിശക്ക്‌ പകരമായി ശതമാന അടിസ്ഥാനത്തില്‍ ഫീസ്‌ ഈടാക്കരുത്. ൨. ക്രെഡിറ്റ് കാര്‍ഡ്‌ ഉപയോഗിച്ച് കാശ് പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ഫീസ്‌ നിശ്ചിത സംഖ്യയായിരിക്കണം.  പിന്‍വലിക്കുന്ന തുകയുടെ നിശ്ചിതശതമാനം ഈടാക്കുന്നതും തിരിച്ചടക്കാനുള്ള കാലാവധിക്ക് അനുസരിച്ച്  ഫീ വര്‍ദ്ധിപ്പിക്കുന്നതും  പലിശക്ക്‌ സമാനമാണ്. കടമിടപാടും സേവന (ഇജാറ)ഇടപാടുകളും ഒന്നിച്ചു നടത്തുമ്പോള്‍ സേവനത്തിനു ഈടാക്കുന്ന കൂലിയില്‍ സാധാരണഗതിയില്‍ മാര്‍ക്കറ്റ്‌കൂലിയെക്കള്‍ കൂടുതല്‍ വാങ്ങുന്നത് കടമിടപാടില്‍ പലിശ ഈടാക്കുന്നതിന് തുല്യമാണെന്ന കര്‍മ്മശാസ്ത്ര വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍, അത്തരം അധിക ഫീ ഇല്ലാതെ മേല്‍ നിബന്ധനകള്‍ക്ക് വിധേയമായി ഉപയോഗിക്കാവുന്നതാണെന്നു അന്തരാഷ്ട്ര ഫിഖ്‌ഹ് അക്കാദമിയും ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ച പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യതസ്തമായി മുറാബഹ പോലുള്ള ഇസ്‌ലാമിക കര്‍മ്മശാസ്ത്ര രീതികള്‍ അനുസരിച്ച് ചില ഇസ്‌ലാമിക ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. അത്തരം ഇടപാടുകളുടെ വിശദാംശങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ അവയെക്കുറിച്ച് ഒരു തീരുമാനത്തിലെത്താന്‍ കഴിയൂ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter