നബി (സ) തങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍ എന്തല്ലാം ആയിരുന്നു?

ചോദ്യകർത്താവ്

റഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെഅനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നബി (സ)യുടെ ഭക്ഷണ രീതികളും ശീലങ്ങളും  ഹദീസ് ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സ്ഥിരമായി ഒരു ഭക്ഷണം മാത്രമായിരുന്നില്ല നബി (സ)കഴിച്ചിരുന്നത്. അന്നവിടെ ലഭ്യമായിരുന്ന വ്യതസ്ത ഇനം ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും നബി തങ്ങള്‍ കഴിച്ചിരുന്നതായി ഹദീസുകളില്‍ കാണാന്‍ കഴിയും. ഏതു ഭക്ഷണം കഴിച്ചാലും ഒരു ദിവസം രണ്ടു നേരം പ്രത്യേകം തയ്യാറക്കപ്പെടുന്ന ഭക്ഷണങ്ങള്‍ നബി (സ) കഴിച്ചിരുന്നില്ല. താബിഉകളില്‍ പ്രമുഖനായ മസ്രൂഖ് ബിന്‍ അജ്ദഅ് പറയുന്നു: ഒരിക്കന്‍ ഞാന്‍ ആഇശ ബീവിയുടെ അടുക്കല്‍ ചെന്നു. അവര്‍ എനിക്ക് വേണ്ടി ഭക്ഷണം കൊണ്ടുവരാന്‍ പറഞ്ഞു. എന്നിട്ട് അവര്‍ പറഞ്ഞു: വയര്‍ നിറച്ചു ഭക്ഷണം കഴിക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരികയും അങ്ങനെ ഞാന്‍ കരയുകയും ചെയ്യും. അപ്പോള്‍ ഞാന്‍ (മസ്രൂഖ്) ചോദിച്ചു: അതെന്താ അങ്ങനെ? ആഇശ(റ) മറുപടി പറഞ്ഞു: നബി(സ) ദുന്‍യാവിനോട് വിട്ടുപിരിഞ്ഞ അവസ്ഥ ഞാനോര്‍മിക്കും; അല്ലാഹുവിനെ തന്നെ സത്യം! ഒരു ദിവസം രണ്ടു നേരം ഇറച്ചിയും ബ്രെഡും (റൊട്ടി)നബി (സ) വയര്‍നിറച്ചു കഴിച്ചിട്ടില്ല. (തിര്‍മിദി)ഏതെങ്കിലും ദിവസം രണ്ടു നേരം ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒന്ന് ഈത്തപ്പഴമായിരിക്കുമെന്നു മറ്റു ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി (സ) സ്ഥിരമായി കഴിച്ചിരുന്നത് ബാര്‍ലി(യവം)യുടെ റൊട്ടിയായിരുന്നു. ചിലപ്പോഴൊക്കെ ഗോതമ്പിന്റെ റൊട്ടിയും കഴിച്ചിരുന്നു.വളരെ നേര്‍ത്ത (പൂര്‍ണ്ണമായും ഉമിയും തവിടും നീക്കപ്പെട്ട) റൊട്ടി നബി(സ) തീരെ കഴിച്ചിട്ടില്ലെന്നു ഹദീസുകളില്‍ കാണാം.ഞങ്ങള്‍ക്ക് അരിപ്പകള്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് ബാര്‍ലിപൊടിയില്‍ ഞങ്ങള്‍ ഊതുകയും അപ്പോള്‍ പറന്നുപോകുന്നതൊക്കെ പറന്നുപോകുമെന്നും ആഇശ (റ) മറ്റൊരു ഹദീസില്‍ വ്യക്തമാക്കുന്നു. റൊട്ടിക്ക് കറിയായി വീട്ടില്‍ ലഭ്യമായപലതും നബി (സ) ഉപയോഗിച്ചതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍ ഈത്തപ്പഴം എടുത്ത് ഒരു കഷ്ണം റൊട്ടിയില്‍ വെച്ച് ഇത് ഇതിന്റെ കറിയാണെന്നു പറഞ്ഞു തിരുദൂതര്‍ കഴിച്ചതായി യൂസുഫ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ സലാം റിപ്പോര്‍ട്ട് ചെയ്യുന്നു. ആട്ടിറച്ചി നബി(സ)ക്ക് ഏറെ ഇഷ്ടപെട്ട ഭക്ഷണമായിരുന്നു. കറിയായും ചുട്ടെടുത്തും (roasted/grilled)നബി (സ) കഴിച്ചിരുന്നു. ഉണക്ക ഇറച്ചിയും ചുരയ്ക്കയും ചേര്‍ത്തുണ്ടാക്കിയ കറി നബി തങ്ങള്‍ കഴിച്ചിരുന്നതായും അതില്‍ നിന്ന് ചുരയ്ക്ക പ്രത്യേകം തെരഞ്ഞെടുത്ത് കഴിച്ചിരുന്നതായും സഹാബാക്കള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഞങ്ങളെ ഒരു ഭക്ഷണത്തിനു ക്ഷണിച്ചപ്പോള്‍ ചുരയ്ക്ക നബി (സ) ഏറെ ഇഷ്ടമായത് കൊണ്ട് ഞാനത് തെരഞ്ഞുപിടിച്ച് നബിക്ക് മുമ്പിലേക്ക് വെച്ചുകൊടുത്തിരുന്നതായി സന്തതസഹചാരിയായിരുന്ന അനസ് ബിന്‍ മാലിക് (റ) പറയുന്നു. നബിയുടെ ഈ ഇഷ്ടം കാരണം ഞാനും ഇതിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നുവന്നു അദ്ദേഹം പറയുന്നുണ്ട്. കോഴി, ഹുബാറ (Houbara) തുടങ്ങിയവയുടെ ഇറച്ചി നബി (സ) കഴിച്ചതായി ഹദീസുകളുണ്ട്‌. മറ്റൊന്നും ഇല്ലാത്ത അവസരങ്ങില്‍ സുര്‍ക്ക (വിനാഗിരി)കറിയായി ഉപയോഗിക്കുകയും അതിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഉമ്മു ഹാനിഅ് (റ)യുടെ വീട്ടില്‍ ചെന്ന നബി (സ) അവരോടു ചോദിച്ചു, നിന്റെ അടുത്ത് (കഴിക്കാന്‍) വല്ലതുമുണ്ടോ? അവര്‍ പറഞ്ഞു: ഉണക്ക റൊട്ടിയും സുര്‍ക്കയുമല്ലാതെ മറ്റൊന്നുമില്ല. നബി (സ) അവ കൊണ്ടുവരാന്‍ കല്‍പിക്കുകയും സുര്‍ക്കയുള്ള വീട്ടില്‍ കറിക്ക് പഞ്ഞമില്ലെന്നു പറയുകയും ചെയ്തു. (തിര്‍മിദി) ഈത്തപ്പഴം/കാരയ്ക്ക ചേര്‍ത്ത് വെള്ളരി/കക്കരി (cucumber), ഒരിനം ശമ്മാം (sweet melon/musk melon) എന്നിവ കഴിച്ചിരുന്നതായി ആഇശ ബീവിയും മറ്റും ഉദ്ധരിക്കുന്നുണ്ട്.ഒലിവ് എണ്ണയും ഒലിവ്കായും നബി(സ) ഏറെ പുകഴ്ത്തി പറഞ്ഞിട്ടുള്ളവയാണ്. ഭക്ഷണം പാകം ചെയ്യാനും പുരട്ടാനും അതുപയോഗിക്കാന്‍ തങ്ങള്‍ ഉപദേശിച്ചിരുന്നു. നബി(സ) യുടെ പരിചാരികയും നബിയുടെ പുത്രന്‍ ഇബ്രാഹിമിന്റെ വളര്‍ത്തുമ്മയുമായിരുന്ന മഹതി സല്‍മ (റ) അടുക്കല്‍ ഒരിക്കല്‍ ഹസന്‍ ബിന്‍ അലി (റ), അബ്ദുല്ലാഹ് ബിന്‍ അബ്ബാസ് (റ) അബ്ദുല്ലാഹ് ബിന്‍ ജഅഫര്‍ എന്നിവര്‍ ചെന്ന് പ്രവാചകര്‍ക്ക്‌ ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞപ്പോള്‍ അവര്‍ ബാര്‍ലി എടുത്തു പൊടിച്ചു ഒരു പാത്രത്തില്‍ വെച്ച് അതിലല്‍പം ഒലിവ് എണ്ണ ഒഴിക്കുകയും കുരുമുളകും മറ്റു ചില സുഗന്ധവ്യഞ്ജനങ്ങള്‍ പൊടിച്ചു ചേര്‍ക്കുകയും ചെയ്തു. അങ്ങനെ അവര്‍ക്ക് അത് വിളമ്പുകയും റസൂലി(സ) ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമാണിതെന്നു പറയുകയും ചെയ്തു. പാനീയങ്ങളില്‍ നബി(സ)ക്ക് ഏറ്റവും ഇഷ്ടം മധുരവും തണുപ്പുമുള്ളതായിരുന്നുവെന്നു ആഇശ (റ) പറയുന്നു. പാല്‍, തേന്‍ എന്നിവ നബിയുടെ ഇഷ്ടപാനീയങ്ങളായിരുന്നു. ഇവയില്‍ വെള്ളം ചേര്‍ത്തും അല്ലാതെയും നബി(സ) കുടിക്കാറുണ്ടായിരുന്നു. തണുത്ത വെള്ളവും തേനും ചേര്‍ന്ന മിശ്രിതം നബിക്ക് ഏറെ ഇഷ്ട്ടമായിരുന്നു. ശരീര ആരോഗ്യത്തിനു വളരെ നല്ലതാണത്.പാലിനെ ഏറ്റവും വിശിഷ്ട ഭക്ഷണമായി അവിടുന്ന് വിശേഷിപ്പിച്ചിരുന്നു. മറ്റുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതിലും നല്ലത് തരണേയെന്നു അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞ പ്രവാചകന്‍ എന്നാല്‍ പാല്‍കുടിച്ചാല്‍ അതില്‍ ബറകത്ത് ചെയ്യാനും അത് കൂടുതല്‍ ലഭിക്കാനുമാണ് പ്രാര്‍ഥിക്കാനവശ്യപ്പെട്ടത്. ചീസ്, ഹല്‍വ, ഇറച്ചിയും റൊട്ടിയും ചേര്‍ത്തുണ്ടാക്കിയ ഥരീദ് തുടങ്ങി മറ്റു പല ഭക്ഷണങ്ങളും തിരുദൂതര്‍ കഴിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. ഉള്ളിപോലെ മറ്റുള്ളവര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെടുന്ന ഭക്ഷ്യസാധനങ്ങള്‍ കഴിച്ചു പൊതു സ്ഥലങ്ങളില്‍ വരുന്നത് നബി(സ) വിലക്കിയിരുന്നു. അടുപ്പു പുകായാതെ മാസങ്ങള്‍ കടന്നു പോകുമ്പോള്‍ ഞങ്ങളുടെ ജീവന്‍ നിലനിറുത്തിയിരുന്നത് വെള്ളവും കാരക്കയുമായിരുന്നുവെന്നു ആഇശ ബീവി ഉദ്ധരിക്കുന്നുണ്ട്. പ്രാവാചകരുടെ ഭക്ഷ്യ ശീലങ്ങളെക്കുറിച്ച് ഇനിയുമേറെ ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അതു മനസ്സിലാക്കാന്‍ ശ്രമിക്കുക. നല്ലത് മാത്രം കഴിക്കാനും ഭക്ഷണത്തില്‍ അമിതവ്യയവയും ദുര്‍വ്യയവും ഒഴിവാക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter