വിഷയം: ‍ സുജൂദ് ഉപേക്ഷിച്ചാൽ

ഇമാം ഒന്നാം റക്അത്തിൽ മറവി കാരണം ഒരു സുജൂദ് മാത്രം ചെയ്തു അടുത്ത റക്അത്തിലേക്ക് എഴുന്നേറ്റു. എന്നിട്ട് നിസ്കാരം പൂർത്തിയാക്കി സലാം വീട്ടുകയും ചെയ്തു.അപ്പോൾ ഇമാമിനെ പിന്തുടർന്ന മഅമൂം എന്ത് ചെയ്യണം?

ചോദ്യകർത്താവ്

Ansiyah

Jul 3, 2026

CODE :Pra16365

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഒന്നാം റക്അത്തിൽ ഇമാം ഒരു സുജൂദ് മാത്രം ചെയ്ത് എഴുന്നേറ്റാൽ, മഅ്മൂമീങ്ങൾ 'സുബ്ഹാനള്ളാ' എന്ന് പറഞ്ഞ് ഇമാമിനെ ഉണർത്തേണ്ടതാണ്.

ഇമാം അത് കേട്ട് തിരികെ വന്ന് രണ്ടാമത്തെ സുജൂദ് ചെയ്താൽ, മഅ്മൂമീങ്ങൾക്ക് തുടർന്നും ഇമാമിനെ പിൻപറ്റാം. എന്നാൽ ഇമാം തിരികെ വന്നില്ലെങ്കിൽ മഅ്മൂമിന് രണ്ട് വഴികളുണ്ട്:

  1. മുഫാറഖത്ത് ചെയ്യുക: അതായത്, ഇമാമിൽ നിന്ന് പിരിയുന്നു എന്ന് മനസ്സിൽ കരുതി ബാക്കി നിസ്കാരം ഒറ്റയ്ക്ക് പൂർത്തിയാക്കുക. (ഇങ്ങനെയുണ്ടായാലും ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്).

  2. ഇമാമിനായി കാത്തിരിക്കുക: ഒന്നാം സുജൂദ് കഴിഞ്ഞ് മഅ്മൂമിന് അവിടെത്തന്നെ ഇരിക്കാം. തുടർന്ന് ഇമാം (രണ്ടാം റക്അത്താണെന്ന് കരുതി) എഴുന്നേറ്റുപോയ ആ റക്അത്തിലെ ഒന്നാം സുജൂദിലേക്ക് പോകുന്നത് വരെ മഅ്മൂമിന് ആ ഇരുത്തത്തിൽ കാത്തിരിക്കാവുന്നതാണ്. അതിനുശേഷം ഇമാമിനോടൊപ്പം ചേർന്ന് രണ്ടാമത്തെ സുജൂദ് ചെയ്യാം.

 ഇമാം രണ്ടാമത്തെ സുജൂദ് ഉപേക്ഷിച്ച് പോയതിനാൽ പ്രസ്തുത റക്അത്ത് പരിഗണിക്കപ്പെടുകയില്ല. ആയതിനാൽ, ഇമാം സലാം വീട്ടുന്നതിന് മുൻപായി ഒരു റക്അത്ത് കൂടി അധികമായി നിസ്കരിക്കേണ്ടതുണ്ട്.

ഇനി അങ്ങനെ നിസ്കരിക്കാതെയാണ് ഇമാം സലാം വീട്ടുന്നതെങ്കിൽ, മഅ്മൂം ഇമാമിനോടൊപ്പം സലാം വീട്ടാതെ എഴുന്നേറ്റ് നിന്ന് ഒരു റക്അത്ത് കൂടി നിസ്കരിച്ച് പൂർത്തിയാക്കണം. തുടർന്ന് അവസാനം 'സഹ്‌വിന്റെ സുജൂദും' (മറവിയുടെ സുജൂദ്) ചെയ്ത് സലാം വീട്ടേണ്ടതാണ്.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter