വിഷയം: നമസ്‌കാരം
ഇമാമായി നിസ്കരിച്ച ഒരാൾ നിസ്കാരത്തിൽ നിന്നും വിരമിച്ച ശേഷം നിസ്കാരത്തിന്റെ സാധുതയെ ബാധിക്കുന്ന രൂപത്തിൽ ശരീരത്തിൽ നജസൊ മറ്റോ കണ്ടു . പ്രസ്തുത നിസ്കാരം അയാളെ തുടർന്ന് നിസ്കരിച്ചവരും മടക്കി നിസ്കരിക്കേണ്ടതുണ്ടോ ?
ചോദ്യകർത്താവ്
ABU SHARAF JEDDAH
Jul 8, 2026
CODE :Pra16378
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
നിസ്കാരം പൂർത്തിയായതിന് ശേഷമാണ് ഇമാമിന്റെ ശരീരത്തിൽ നജസ് ഉണ്ടായിരുന്നു എന്ന് മാമൂമുകൾക്ക് ബോധ്യപ്പെടുന്നതെങ്കിൽ പ്രബല വീക്ഷണമനുസരിച്ച് താഴെ പറയും പോലെയാണ് അതിന്‍റെ വിധി:
- ഇമാമിന്റെ ശരീരത്തിലുള്ള നജസ് പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്ന ഒന്നാണെങ്കിൽ, ആ നിസ്കാരം ഇമാമും മാമൂമുകളും ഒരുപോലെ മടക്കി നിസ്കരിക്കേണ്ടത് നിർബന്ധമാണ്.
- നജസ് പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്തതും ഒളിഞ്ഞിരിക്കുന്നതുമായ സ്ഥലങ്ങളിലാണെങ്കിൽ, ഇമാം മാത്രമാണ് നിസ്കാരം മടക്കേണ്ടത്; മാമൂമുകൾക്ക് നിസ്കാരം മടക്കൽ നിർബന്ധമില്ല.
(ഇമാം നവവി (റ) വുന്റെ വീക്ഷണപ്രകാരം, ഇമാമിന്റെ ശരീരത്തിലുണ്ടായിരുന്ന നജസ് പ്രകടമായതായാലും ഗോപ്യമായതായാലും മാമൂമുകൾക്ക് പിന്നീടാണ് അത് ബോധ്യപ്പെട്ടതെങ്കിൽ മാമൂമുകൾ ആ നിസ്കാരം നിരുപാധികം മടക്കേണ്ടതില്ല എന്നാണ്. ഇമാം മാത്രം മടക്കിയാൽ മതി)
മുകളിൽ പറഞ്ഞ ഇളവുകളെല്ലാം ബാധകമാകുന്നത് നിസ്കാരത്തിൽ പ്രവേശിക്കുന്നതിന് മുമ്പോ, അല്ലെങ്കിൽ നിസ്കാരത്തിന്റെ ഇടയിലോ ഇമാമിന്റെ ശരീരത്തിൽ നജസ് ഉള്ളതായി മാമൂമുകൾക്ക് അറിവില്ലാതിരിക്കുമ്പോൾ മാത്രമാണ്. എന്നാൽ, നിസ്കാരത്തിന് മുമ്പോ നിസ്കാരത്തിനിടയിലോ ഇമാമിന്റെ ശരീരത്തിൽ നജസ് ഉണ്ടെന്ന് മാമൂമുകൾ അറിഞ്ഞിട്ടുണ്ടെങ്കിൽ, ആ നിസ്കാരം നിർബന്ധമായും മടക്കി നിസ്കരിക്കേണ്ടതുണ്ട്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


