സ്ത്രീകൾക്ക് മുൻകൈ മറച്ചുനിസ്കരിക്കാമോ? അങ്ങനെ നിസ്കരിക്കുമ്പോൾ അവരുടെ കൈപ്പത്തി സുജൂദ് ചെയ്യുമ്പോൾ നിലത്തു മുട്ടാതെ വരില്ലേ? 7 അവയവങ്ങൾ നിലത്തു മുട്ടിയിരിക്കണം എന്നത് ഫർദ് അല്ലെ.. അപ്പോൾ കൈ പത്തി മുട്ടാതെ വന്നാൽ സുജൂദ് ശെരിയാകുമോ?
ചോദ്യകർത്താവ്
Farhan
Oct 24, 2019
CODE :Fiq9483
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
സുജൂദ് ചെയ്യുമ്പോള്‍ നിലത്ത് വെക്കല്‍ നിര്‍ബന്ധമായ അവയവങ്ങള്‍ (1)നെറ്റി (2)രണ്ട് കാല്‍മുട്ടുകള്‍ (3)രണ്ടുകൈകളുടെയും പള്ളഭാഗം(4)കാല്‍വിരലുകളുടെ പള്ളകള്‍ എന്നിവയാണ്.
സുജൂദില്‍ മൂക്ക് നിലത്ത് വെക്കല്‍ ശക്തിയായ സുന്നത്താണ്. നിര്‍ബന്ധമില്ല.
മേല്‍പറയപ്പെട്ട അവയവങ്ങളില്‍ നിന്നൊക്കെ നിലത്ത് വെക്കാന്‍ സാധ്യമാകുന്ന അല്‍പം ഭാഗം നിലത്ത് വെക്കുക മാത്രമേ വേണ്ടൂ. നിലത്ത് തട്ടിക്കാന്‍ പ്രയാസമുള്ള കാല്‍ വിരലുകള്‍, നെറ്റിയുടെ മുഴുവന്‍ ഭാഗം എന്നിവയൊന്നും പ്രയാസപ്പെട്ട് നിലത്ത് വെക്കാന്‍ ശരീഅത്ത് ആവശ്യപ്പെടുന്നില്ല.
മേല്‍പറയപ്പെട്ട നിലത്ത് വെക്കേണ്ട അവയവങ്ങളില്‍ നെറ്റി മാത്രമേ ഒരു മറയും കൂടാതെ നേരിട്ട് തുറന്ന അവസ്ഥയില്‍ നിലത്ത് വെക്കല്‍ നിര്‍ബന്ധമുള്ളൂ. നിര്‍ബന്ധമായും നിലത്ത് വെക്കേണ്ട മറ്റു അവയവങ്ങളൊന്നും ഒരു മറയും കൂടാതെ തുറന്ന അവസ്ഥയില്‍ നിലത്ത് തട്ടിക്കണമെന്ന് നിര്‍ബന്ധമില്ല.
എന്നാല്‍ കൈപള്ളകള്‍ തുറന്ന അവസ്ഥയില്‍ നിലത്ത് തട്ടിക്കല്‍ സ്ത്രീക്കും പുരുഷനും സുന്നത്താണ്. കാല്‍വിരലുകളുടെ പള്ളകള്‍ തുറന്ന അവസ്ഥയില്‍ നിലത്ത് തട്ടിക്കല്‍ പുരുഷന്‍മാര്‍ക്ക് സുന്നത്താണ്. സ്ത്രീക്ക് കാല്‍പാദം തുറന്നുവെച്ചാല്‍ ഔറത്ത് വെളിവാകുന്നതിനാല്‍ കാല്‍പാദം മറക്കല്‍ നിര്‍ബന്ധമാണ്.
കാല്‍മുട്ട് തുറന്ന അവസ്ഥയില്‍ നിലത്ത് മുട്ടിച്ചാല്‍ സത്രീയുടെ ഔറത്ത് വെളിവാകുന്നതിനാല്‍ അവള്‍ക്കത് ഹറാമും പുരുഷന്‍ കാല്‍മുട്ട് തുറന്ന് നിലത്ത് തട്ടിച്ചാല്‍ ഔറത്ത് വെളിവാകാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാല്‍ അവനത് കറാഹത്തുമാണ്.
ചുരുക്കത്തില്‍ നിസ്കാരക്കുപ്പായത്തിന്‍റെ കയ്യിന്‍റെ നീളം കാരണമോ മറ്റൊ കൈപള്ള മറച്ചു നിസ്കരിക്കുന്നത് കൊണ്ട് സുജൂദിന് ഭംഗം വരുന്നില്ല. തുറന്നു വെക്കല്‍ സുന്നത്തേ ഉള്ളൂ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.