ഇമാം റുകൂഇല്‍ പോകുമ്പോള്‍ നമ്മുടെ ഫാതിഹ പകുതിയേ ആയിട്ടുള്ളൂവെങ്കില്‍ ഫാതിഹ പൂര്‍ത്തിയാക്കണോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറയപ്പെട്ട വിഷയത്തില്‍ മസ്ബൂഖിനും മുവാഫിഖിനും വിത്യസ്ത നിയമങ്ങളാണ്. മുവാഫിഖ് എന്നാല്‍ ഇമാമിനോട് കൂടെ സാധാരണ നിലയില്‍ ഫാതിഹ ഓതാനുള്ള സമയം ലഭിച്ചവനാണ്. അങ്ങനെ ഫാതിഹ ഓതാന്‍ സമയം ലഭിക്കാത്തവന്‍ മസ്ബൂഖുമാണ്. മസ്ബൂഖ് തക്ബീറതുല്‍ ഇഹ്റാം കെട്ടിയ ഉടനെ ഫാതിഹ തുടങ്ങുകയാണ് വേണ്ടത്. മറ്റു സുന്നതുകള്‍ ചെയ്യാന്‍ പാടില്ല. മറ്റു സുന്നതുകള്‍ ചെയ്തത് കാരണം ഫാതിഹ ഓതി തീരുന്നതിനു മുമ്പ് ഇമാം റുകൂഇലേക്ക് പോയാല്‍ ഇമാമിനോട് കൂടെ റുകൂഇലേക്ക് പോവരുത്. എത്ര സമയമാണോ ഫാതിഹ അല്ലാത്ത സുന്നത് ചെയ്തത് ആ സമയത്തിനനുസരിച്ച് ഫാതിഹ ഓതണം അതിനു ശേഷം ഇമാമിനോടൊപ്പം റുകൂഅ് ലഭിച്ചാല്‍ അവനു റകഅത് ലഭിക്കും. അവന്‍ പറയപ്പെട്ടത് ഓതുന്നതിനു മുമ്പ് ഇമാം റുകൂഇല്‍ നിന്നുയര്‍ന്നാല്‍ ആ റകഅത് ലഭിക്കില്ല. പിന്നെ അവന്‍ റുകൂഅ് ചെയ്യരുത്. മറിച്ച് ഇമാമിനോട് കൂടെ സൂജൂദില്‍ പോവണം. മറ്റു സുന്നതുകള്‍ ചെയ്യാത്ത മസ്ബൂഖ് ഫാതിഹ ഓതി തീരുന്നതിന് മുമ്പ് ഇമാം റുകൂഇലേക്ക് പോയാല്‍ ഫാതിഹ പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ മസ്ബൂഖ് റുകൂഇലേക്ക് പോവേണ്ടതാണ്. ഫാതിഹ പൂര്‍ത്തിയാക്കാന്‍ നിന്ന് ഇമാം റുകൂഇല്‍ നിന്നുയര്‍ന്നാല്‍ അവന്റെ ആ റകഅത് നഷ്ടപ്പെടും. മുവാഫിഖ് ഫാതിഹ ഒാതി അവസാനിക്കുന്നതിനു മുമ്പ് (ഇമാം വേഗത്തിലോതി , മുവാഫിഖ് ഫാതിഹ അല്ലാത്ത സുന്നതായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ സമയമെടുത്തു, റുകൂഇന് മുമ്പ് ഫാതിഹ ഓതാന്‍ മറന്നു തുടങ്ങിയ കാരണങ്ങള്‍ കൊണ്ട്) ഇമാം റുകൂഇലേക്ക് പോയാല്‍ അവന്‍ ഫാതിഹയുടെ ശേഷിക്കുന്ന ഭാഗം ഓതിയതിനു ശേഷമേ റുകൂഇല്‍ പോകാവൂ. ഇവിടെ മൂന്ന് നീണ്ട റുക്നുകള്‍ ( ഇഅ്തിദാല്‍ രണ്ട് സുജൂദിനിടയിലുള്ള ഇരുത്തം എന്നിവ അല്ലാത്ത റുക്നുകള്‍) വരെ അവന് വിട്ടുവീഴ്ച ചെയ്യപ്പെടും. അഥവാ ഇമാം ആ റക്അതിലെ രണ്ടാമത്തെ സൂജൂദില്‍ നിന്ന് വിരമിക്കുന്നത് വരെ മഅ്മൂമിന് ഫാതിഹ ഓതാം. പിന്നെ ഫാതിഹ അവസാനിക്കും മുമ്പ് ഇമാം രണ്ട് സുജൂദും പൂര്‍ത്തിയാക്കി എഴുന്നേറ്റാല്‍ അല്ലെങ്കില്‍ (ഇമാമിന്റെ രണ്ടാമത്തെ റകഅതിലാണെങ്കില്‍) അത്തഹിയ്യാതിനു വേണ്ടി ഇരുന്നാല്‍ അതില്‍ ഇമാമിനോട് തുടരണം. അതിനു മുമ്പുള്ളത് ചെയ്യരുത്. നഷ്ടപ്പെട്ടത് ഇമാമിന്റെ സലാമിനു ശേഷം ചെയ്യണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter