റകഅത് നഷ്ടപ്പെട്ട് മസ്ബൂക് ആയവര്‍ എങ്ങനെ നിസ്കരിക്കണം എന്ന് പൂര്ണമായി വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

അഷര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇമാം സലാം വീട്ടിയതിനു ശേഷം എഴുന്നേറ്റ്, നിസ്കരിക്കാന്‍ ബാക്കിയുള്ളത് നിസ്കരിക്കണം. ഒന്നാമത്തെ സലാം വീട്ടിയതിനു ശേഷം മാത്രമേ എഴുന്നേല്‍ക്കാവൂ. അതിന് മുമ്പോ അതോടൊപ്പമോ മനപൂര്‍വ്വം എഴുന്നേറ്റാല്‍ നിസ്കാരം ബാത്വിലാവും. മറന്ന് എഴുന്നേറ്റാല്‍ അവിടെ ഇരിക്കുകയും രണ്ടാമത് എഴുന്നേല്‍ക്കുകയും വേണം. ഇമാം രണ്ട് സലാമും വീട്ടി കഴിഞ്ഞതിനു ശേഷം എഴുന്നേല്‍ക്കലാണ് സുന്നത്. രണ്ട് സലാമും കഴിഞ്ഞാല്‍ ഉടനെ എഴുന്നേല്‍ക്കല്‍ നിര്‍ബന്ധമാണ്. പിന്നെ അത്തഹിയ്യാത് പൂര്‍ത്തിയാക്കാനോ മറ്റോ വേണ്ടി ഇരിക്കരുത്. എഴുന്നേല്‍ക്കുമ്പോള്‍ ഒറ്റക്ക് നിസ്കരിക്കുമ്പോള്‍ ഇരിക്കേണ്ടിയിരുന്ന ഇരുത്തത്തില്‍ നിന്നാണ് എഴുന്നേല്‍ക്കുന്നവതെങ്കില്‍ മാത്രം തക്ബീര്‍ ചൊല്ലിയാല്‍ മതി. ഉദാഹരണമായി ളുഹ്റ് നിസ്കാരത്തില്‍ മൂന്നാമത്തെ റകഅതിലാണ് ഇമാമിനോടൊപ്പം ചേര്‍ന്നത്. അപ്പോള്‍ ഇമാമിന്റ നാലാമത്തെ റകഅത് മഅ്മൂമിന്റെ രണ്ടാമത്തെ റകഅതായിരിക്കും. ഇമാമിന്റെ ആ റകഅതിലെ അത്തഹിയ്യാത് മഅ്മൂം ഒന്നാമത്തെ അത്തഹിയ്യാത് ഓതേണ്ട സ്ഥലമാണ്. ഇവിടെ സലാമിന് ശേഷം മഅ്മൂം തന്റെ മൂന്നാം റക്അതിലേക്ക് എഴുന്നേല്‍ക്കുമ്പോള്‍ കൈ ഉയര്‍ത്തുകയും തക്ബീര്‍ ചൊല്ലുകയും ചെയ്യുന്നത് സുന്നതാണ്. ഇനി നാലാമത്തെ റകഅതിലാണ് തുടര്‍ന്നതെങ്കില്‍ ഇമാമിനോട് കൂടെ മഅ്മൂമും ആ റകഅതില്‍ അത്തഹിയ്യാതിന് വേണ്ടി ഇരിക്കണമല്ലോ. സലാമിനു ശേഷം എഴുന്നേല്‍ക്കുമ്പോള്‍ മഅ്മൂമിന്റെ യഥാര്‍ത്ഥ ഇരുത്തത്തിന്റെ സ്ഥാനമല്ലാത്തതിനാല്‍ മഅ്മൂം തക്‍ബീര്‍ ചൊല്ലരുത്.

മസ്ബൂഖ് സൂറത് ഓതേണ്ട രൂപം തുടര്‍ന്ന് വിശദീകരിക്കും പോലെയാണ്: ഇമാം ഏതു റക്അതിലാണെങ്കിലും മസ്ബൂഖിന്‍റെ യഥാര്‍ത്ഥ ഓന്നാമത്തെയും രണ്ടാമത്തെയും റക്അതുകളില്‍ അവനു സുറത് ഓതല്‍ സുന്നത്താണ്.  ഇമാം മൂന്നാമത്തെയോ നാലാമത്തെയോ റക്അതിലാണെങ്കിലും ശരി. ഇനി ഇമാമിന്‍റെ മൂന്നാമത്തെ റക്അത്തില്‍ സൂറത് ഓതാന്‍ സമയം ലഭിച്ചില്ലെങ്കില്‍  ഇമാമിന്‍റെ നാലാമത്തെ റക്അതില്‍ പകരമായി ഓതല്‍ സുന്നത്താണ്. ഇമാമിന്‍റെ നാലാമത്തെ റക്അതിലും ഓതാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ ഇമാമിന്‍റെ സലാമിനു ശേഷം നിസ്കരിക്കുന്ന റക്അതിലോ റക്അതുകളിലോ ഓതലും സുന്നത്താണ്. അത് മഅ്മൂമിന്‍റെ യഥാര്‍ത്ഥത്തിലുള്ള മൂന്നാമത്തെയോ നാലാമത്തെയോ റക്അതാണെങ്കിലും ശരി. ഇമാമിന്‍റെ ആദ്യത്തെയോ രണ്ടാമത്തെയോ റക്അതില്‍ ആ റക്അത് പൂര്‍ണ്ണമായും ലഭിക്കത്തക്ക വിധത്തില്‍ തുടരുകയും നിര്‍ത്തത്തില്‍ സൂറത് ഓതിത്തീര്‍ക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അവന്‍റെ ആ റക്അതിലെ സൂറത് ഇമാം വഹിക്കും.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter