സ്നേഹിച്ചു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇസ്‌ലാമിക വീക്ഷണം എന്താണ്? മെസ്സേജ്/ ചാറ്റിങ് അന്യ സ്ത്രീ-പുരുഷന്മാരുമായി നടത്തുന്നതിന്‍റെ വിധി?

ചോദ്യകർത്താവ്

badusha

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്നേഹം എന്നത് പ്രവൃത്തിയല്ല, മറിച്ച് മനസ്സില്‍ സ്വയം ഉണ്ടാവുന്നതാണ്. നിഷിദ്ധമായ യാതൊരു കാരണമോ സാഹചര്യമോ ഇല്ലാതെ, ഒരു പുരുഷന്‍റെ കണ്ണ് ഒരു സ്ത്രീയില്‍ അറിയാതെ പതിയുകയും ആ പ്രഥമ ദൃഷ്ടിയില്‍ തന്നെ സ്നേഹം തോന്നുകയും ചെയ്യുന്നതില്‍ തെറ്റില്ല.  നിഷിദ്ധമായ കാര്യങ്ങള്‍ വരാത്തിടത്തോളം സ്നേഹം ഒരു തെറ്റല്ല.  എന്നാല് നിഷിദ്ധമായ കാര്യങ്ങള് കടന്നുവന്നാല് അത് നിഷിദ്ധവുമാണ്. ഇമാം ബൈഹഖിയും ഇബ്നുമാജയും നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം, പരസ്പരം സ്നേഹിക്കുന്ന രണ്ട് പേര്‍ക്ക് നികാഹ് പോലെ (പ്രതിവിധിയായി) മറ്റൊന്നും ഞാന്‍ കാണുന്നില്ല. നിഷ്കളങ്കമായ ഇത്തരം സ്നേഹം ഉണ്ടായിപ്പോയാല്‍ നികാഹ് സാധ്യമാവുമോ എന്നാണ് ശ്രമിക്കേണ്ടത്. വിവിധ കാരണങ്ങളാല്‍ അത് സാധ്യമാവാതെ വന്നാല്‍, എത്രയും വേഗം ആ സ്നേഹചിന്ത മനസ്സില്‍ നിന്ന് നീക്കാന്‍ ശ്രമിക്കേണ്ടതാണം, അല്ലാത്ത പക്ഷം, ആരാധനാകാര്യങ്ങളിലും മറ്റു ഭൌതികജീവിതത്തിലുമെല്ലാം അതിന്‍റെ പ്രതിഫലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും, അതൊന്നും ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് മാത്രമല്ല, അതിലൂടെ ആ സ്നേഹം തെറ്റായി മാറുകയും ചെയ്യും. സ്നേഹവിവാഹങ്ങള്‍ പലതും അവസാനം പരാജയത്തില്‍ കലാശിക്കുന്നു എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. രക്ഷിതാക്കളുടെയോ മറ്റു ഗുണകാംക്ഷികളുടെയോ ഉപദേശനിര്‍ദ്ദേശങ്ങളൊന്നും വകവെക്കാതെ സ്നേഹിച്ചുപോയ പെണ്ണിന്‍റെയോ ആണിന്‍റെയോ കൂടെ പോകുന്നത് പലപ്പോഴും ആപത്തിലേക്കും അപകടത്തിലേക്കുമാണെന്ന് ആ പ്രായത്തില്‍ പലരും മനസ്സിലാക്കുന്നില്ല, എല്ലാം തിരിച്ചറിയുമ്പോഴേക്ക് സമയം വൈകുകയും ചെയ്യുന്നു. കന്യകയായ സ്ത്രീയെ  അവളുടെ സമ്മതം പോലുമില്ലാതെ അനുയോജ്യരായവര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍  പിതാവിനും വല്യുപ്പക്കും അധികാരമുണ്ടെന്ന് പരിശുദ്ധ ശരീഅത് പറയുന്നത് പോലും, അവര്‍ വിവേകപൂര്‍വ്വം എടുക്കുന്ന തീരുമാനങ്ങളായിരിക്കും ആ പ്രായത്തിലെ കുട്ടിയുടെ അപക്വമായ തീരുമാനങ്ങളേക്കാള്‍ ഗുണകരമെന്നതിനാലാണ്. അന്യസ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള മെസേജ് - ചാറ്റിംഗ് പോലോത്തവ ഹറാം തന്നെയാണ്. ഗൌരവമായ ആശയക്കൈമാറ്റത്തിന് വേണ്ടി തുടങ്ങിയാല്‍ പോലും പതുക്കെപ്പതുക്കെ അത്  നിഷിദ്ധമായ ചിന്തകളിലേക്കും വിചാരങ്ങളിലേക്കും സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. പച്ചയായ ജീവിതത്തിലെ ദുരിതപൂര്‍ണ്ണമായ എത്രയോ അനുഭവങ്ങള്‍ ഇന്ന് അതിന് സാക്ഷിയാണ്. ആയതിനാല്‍ ആ കവാടം ആദ്യമേ അടക്കേണ്ടത് നിര്‍ബന്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter