ദീനീ വിഷയങ്ങളില്‍ മാതാപിതാക്കളെ അല്പം കര്‍ക്കശ രൂപത്തില്‍ മക്കള്‍ ഉപദേശിക്കുന്നതില്‍ തെറ്റുണ്ടോ?

ചോദ്യകർത്താവ്

Jamal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മാതാപിതാക്കള്‍ ഏറ്റവും വലിയ അനുഗ്രഹങ്ങളാണ്. അവര്‍ തെറ്റായ കാര്യങ്ങളോ മറ്റോ ചെയ്യുമ്പോള്‍ ഉപദേശിക്കേണ്ടത് സ്നേഹമുള്ള മക്കളുടെ ബാധ്യത തന്നെയാണ്. എന്നാല്‍, കാര്‍ക്കശ്യത്തിന്റെ സ്വരം ഒരു ഉപദേശത്തിലും ഉപകാരപ്പെടില്ലെന്നും അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂവെന്നതുമാണ് അനുഭവം. വിശിഷ്യാ മാതാപിതാക്കളുടെ കാര്യത്തില്‍. എന്ത് തന്നെ സാഹചര്യത്തിലും മാതാപിതാക്കള്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന വിധം അവരോട് സംസാരിക്കാനോ കയര്‍ത്തു പറയാനോ അനുവാദമില്ല. സ്നേഹബുദ്ധിയോടെ ഉപദേശിക്കുകയാണ് വേണ്ടത്. ഉപദേശത്തിലെ ആത്മാര്‍ത്ഥതയും സ്നേഹമസൃണതയും അവര്‍ക്ക് ബോധ്യപ്പെടണം, അങ്ങനെ ബോധ്യപ്പെടുന്ന പക്ഷം അവര്‍ പുനരാലോചിക്കാതിരിക്കില്ല. ഏത് ഉപദേശത്തിലും സ്വീകരിക്കേണ്ട രീതിശാസ്ത്രമാണ് അത്. മറ്റുള്ളവരാല്‍ തിരുത്തപ്പെടാന്‍ സാധാരണ ഗതിയില്‍ ആരും ആഗ്രഹിക്കാറില്ല. എന്നാല്‍ സ്നേഹത്തിന്റെ ഭാഷയില്‍ അത് അവതരിപ്പിക്കാനായാല്‍ തീര്‍ച്ചയായും അതിന് പ്രതീക്ഷിക്കുന്നതിലും വലിയ പ്രതിഫലനങ്ങളുമുണ്ടാവും. മുടി നീട്ടിവളര്‍ത്തുകയും തുണി നെരിയാണിക്ക് താഴോട്ട് പോകുകയും ചെയ്യാറുണ്ടായിരുന്ന ഖുറൈമുല്‍അസദിയെ പ്രവാചകര്‍ (സ) തിരുത്തിയ രീതി ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. പ്രവാചകര്‍ (സ) അദ്ദേഹത്തോട് അത് നേരിട്ട് പറയാതെ, അദ്ദേഹമില്ലാത്ത സദസ്സില്‍ ഇങ്ങനെ പറഞ്ഞു, തലയിലെ ആ കുടുമയും തുണിയുടെ നീട്ടവും ഇല്ലായിരുന്നുവെങ്കില്‍ ഖുറൈമുല്‍ അസദീ എത്ര നല്ല മനുഷ്യനാണ്. ഈ വിവരം ഖുറൈമുല്‍അസദിയുടെ കാതിലുമെത്തി. കേട്ട പാടെ അദ്ദേഹം ഒരു കത്തിയെടുത്ത് തന്റെ മുടി മുറിച്ചു കളയുകയും തുണി മുട്ടിനും നെരിയാണിക്കും മധ്യത്തിലേക്ക് എത്തുംവിധം ഉയര്‍ത്തിയെന്നും മാത്രമല്ല, ശിഷ്ട ജീവിതത്തില്‍ ഒരിക്കല്‍ പോലും അതിന് വിരുദ്ധമായി പിന്നീട് അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടില്ലെന്നും ചരിത്രം നമുക്ക് പറഞ്ഞുതരുന്നു. ഉപദേശത്തിന്റെ ഏറ്റവും മനശ്ശാസ്ത്രപരമായ സമീപനമാണ് പ്രവാചകര്‍ (സ) അതിലൂടെ കാണിച്ചുതന്നിരിക്കുന്നത്. ഒരു കലര്‍പ്പുമില്ലാത്ത ആത്മാര്‍ത്ഥമായ സ്നേഹമാണ് മാതാപിതാക്കളുടേത്. അവരെ ഉപദേശിക്കുമ്പോള്‍ നമ്മുടെ മനസ്സിലും ഉണ്ടാവേണ്ടത് ആ ബോധവും തിരിച്ചുള്ള സ്നേഹാതിരേകവുമാണ്. എത്ര ഉപദേശിച്ചിട്ടും ശരിയാവാതിരിക്കുകയും അതിന് മാത്രം ഗുരുതരമായ പാതകങ്ങള്‍ അവര്‍ ചെയ്യുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ ഇത് തുടരുന്ന പക്ഷം, ഞാന്‍ ഈ വീട്ടിലേക്ക് വരില്ലെന്ന് പറഞ്ഞ് അവരുടെ ലോലമനസ്സിനെ സ്വാധീനിക്കാനും ശ്രമിക്കാവുന്നതാണ്. മക്കളോടുള്ള സ്നേഹത്തേക്കാള്‍ വലുതായി അവര്‍ക്ക് മറ്റൊന്നുമില്ലെന്നതാണ് സത്യം. മക്കള്‍ സ്നേഹത്തോടെ എപ്പോഴും സമീപത്തുണ്ടാവണമെന്നാണ് ഏതൊരു മാതാവും പിതാവും ആഗ്രഹിക്കുക. അതിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും അവര്‍ തയ്യാറുമായിരിക്കും. അത്തരം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അവരെ തെറ്റില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക, അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി ദുആ ചെയ്യുക, എത്ര വലിയ തെറ്റ് ചെയ്യുന്നവരാണെങ്കില്‍ പോലും മാതാപിതാക്കള്‍ എന്ന നിലയില്‍ അവര്‍ക്ക് ചെയ്തുകൊടുക്കേണ്ട കടമകളും ബാധ്യതകളും നിറവേറ്റുക അതെല്ലാം ഒരു വിശ്വാസിയുടെ കടമയായാണ് വിശുദ്ധ ഇസ്ലാം പരിചയപ്പെടുത്തുന്നത്. മതാപിതാക്കളുടെ തൃപ്തി സമ്പാദിക്കുന്ന നല്ല മക്കളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter