മുത്അതിന്‍റെ വിവാഹം ഇപ്പോള്‍ പറ്റുമോ?

ചോദ്യകർത്താവ്

abdulbasheer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബന്ധത്തിന് പ്രത്യേക അവധി നിശ്ചയിച്ചുകൊണ്ടുള്ള നികാഹിനെയാണ് മുത്അതിന്റെ നികാഹ് എന്ന് പറയുന്നത്. അവധി എത്ര നീണ്ടതാണെങ്കിലും അത് പറഞ്ഞുള്ള നികാഹ് സാധുവല്ലെന്നാണ് കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നത്. ആയിരം വര്‍ഷമെന്ന് പറഞ്ഞാല്‍ പോലും നിഷിദ്ധം തന്നെയാണെന്ന് ഉദാഹരണമായി എടുത്തുപറയുന്നുമുണ്ട്. പ്രബോധനത്തിന്റെ ആദ്യകാലങ്ങളില്‍ യുദ്ധത്തിന് പോവുമ്പോള്‍ കൂടെ സ്ത്രീകളില്ലാത്തതിനാല്‍ ഇത്തരം നികാഹിന് പ്രവാചകര്‍ (സ) അനുമതി നല്‍കിയിരുന്നുവെന്ന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ വ്യക്തമായി കാണാം. ഖൈബര്‍ യുദ്ധ കാലത്താണ് അത് നിരോധിച്ചതെന്ന് അലി(റ) പറയുന്നതായി ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിലും കാണാവുന്നതാണ്. മുത്അത് എന്നത് ആദ്യകാലത്ത് അനുവദിക്കപ്പെട്ടിരുന്നു എന്നും പിന്നീട് ആ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടതാണെന്നുമാണ് മേല്‍പറയപ്പെട്ട ഹദീസുകളുടെ അടിസ്ഥാനത്തില്‍ പണ്ഡിതര്‍ പറഞ്ഞിരിക്കുന്നത്. ഇക്കാലത്ത് ഒരു രീതിയിലും മുത്അതിന് ന്യായീകരണില്ല. മുത്അതിന്റെ വിവാഹം കഴിച്ചുകൊണ്ട് സ്ത്രീയുമായി ബന്ധപ്പെടുന്നത് വ്യഭിചാരത്തിന് തുല്യമാണെന്ന് പണ്ഡിതര്‍ പറയുന്നതും ആ നികാഹ് ശരിയല്ലെന്നതിനാല്‍ തന്നെ.  ശിയാ വിഭാഗക്കാര്‍ അത് ഇക്കാലത്തും അനുവദനീയമാണെന്ന് പറയുന്നുണ്ട്, പക്ഷേ, അതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് മാത്രമല്ല, വ്യഭിചാരം ഹറാമാണെന്ന നിയമത്തിന് പോലും സാധുതയില്ലാത്ത വിധം മുത്അതിലൂടെ അവര്‍ക്കിടയില്‍ കാര്യങ്ങളെത്തിരിക്കുന്നുവെന്നാണ് നേരില്‍കണ്ടവര്‍ പറയുന്നത്. ശരീഅതിന്റെ വിധികളും വിലക്കുകളും അനുസരിച്ച് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter