ഗര്‍ഭം ധരിച്ച് ഏഴാം മാസത്തിലോ ശേഷമോ വയറ് കാണല്‍ എന്ന പേരില്‍ നടക്കുന്ന ചടങ്ങിന് ഇസ്‌ലാമില്‍ വല്ല അടിസ്ഥാനവുമുണ്ടോ?

ചോദ്യകർത്താവ്

ഉനൈസ് തയിനേരി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടതും സമാനവുമായ ഒട്ടേറെ ആചാരങ്ങളും നാട്ടുനടപ്പുകളും സമൂഹത്തിലുണ്ട്. ഇസ്‌ലാമിന്‍റെ അടിസ്ഥാനങ്ങള്‍ക്ക് വിരുദ്ധമാവാത്തിടത്തോളം അത്തരം ആചാരങ്ങളൊക്കെ ആകാവുന്നതാണ്. അവ സുന്നതാണെന്നോ പുണ്യകരമാണെന്നോ പറയുമ്പോഴാണല്ലോ അവക്ക് നാം അടിസ്ഥാനം അന്വേഷിക്കേണ്ടത്. അങ്ങനെ ആരും പറയുന്നില്ലെന്നതിനാല്‍ അത്തരം പ്രശ്നം ഉദിക്കുന്നില്ല താനും. അതേസമയം, പഴമക്കാര്‍ തുടങ്ങി വെച്ച പല ആചാരങ്ങളും പരസ്പര സഹായത്തിന്‍റെയും കുടുംബബന്ധം ചേര്‍ക്കലിന്‍റെയും അടിത്തറയില്‍ തുടങ്ങിയതാണ് എന്ന് മനസ്സിലാക്കാം. ഗര്‍ഭം ധരിക്കുന്ന സ്ത്രീ, ഏറ്റവും നന്നായും പോഷകങ്ങളടങ്ങിയ ആഹാരപദാര്‍ത്ഥങ്ങളും കഴിക്കേണ്ടതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എല്ലാ ദിവസവും ആവശ്യമായ പഴങ്ങളും മറ്റു പോഷകാഹാരങ്ങളും വാങ്ങിക്കൊടുക്കുക എന്നത് പലപ്പോഴും ഭര്‍ത്താവിന് പ്രയാസമായി വരാം, ബന്ധുക്കളോരോരുത്തരായി ഇടക്കിടെ ഇത്തരം സാധനങ്ങള്‍ കൊണ്ടുകൊടുക്കുന്നതിലൂടെ ഗര്‍ഭവതിയായ സ്ത്രീക്ക് പോഷകാഹാരങ്ങള്‍ ഉറപ്പുവരുത്തപ്പെടുകയാണ് ചെയ്യുന്നത്. വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ സാമ്പത്തികമായി തളര്‍ന്നുപോകുന്നവന്, വീട്ടിലേക്ക് ആവശ്യമായ സാമഗ്രികള്‍ വാങ്ങിനല്‍കുന്ന പതിവിലും ഈ പരസ്പര സഹായത്തിന്‍റെ അടിസ്ഥാന തത്വം കാണാവുന്നതാണ്. ഇത്തരം അത്യാവശ്യ ഘട്ടങ്ങളില്‍ ചെലവ് താങ്ങാനാവാതെ പലിശ ബാങ്കുകളെ ആശ്രയിക്കേണ്ടിവരുന്നതില്‍നിന്ന് രക്ഷിക്കുക കൂടിയാണ് പലപ്പോഴും ഈ ആചാരങ്ങളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. എന്നാല്‍, സദുദ്ദേശ്യപരമായി തുടക്കം കുറിക്കപ്പെട്ട ഇത്തരം സദാചാരങ്ങള്‍ ഇന്ന് ആര്‍ഭാടത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും പ്രകടനപരതയിലേക്ക് വഴിമാറിപ്പോകുന്നു എന്നത് ഏറെ ഖേദകരമാണ്. അത്തരം ഉദ്ദേശ്യശുദ്ധിയില്ലായ്മക്കെതിരെയാണ് നാം ശബ്ദിക്കേണ്ടത്. സന്തോഷകരമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter