ഉപ്പയെ കരയിക്കുകയും അടിക്കുകയും ചീത്ത പറയുകയും ചയ്താല്‍ ഈ ലോകത്ത് നിന്ന് കുരുത്തക്കേട്‌ കിട്ടുമോ? ഭാവി ജീവിതത്തില്‍ മക്കള്‍ക്ക്‌ ഇത് കാരണം ബുദ്ധിമുട്ട് ഉണ്ടാവുമോ? ശേഷം ഉപ്പ പൊരുത്തപ്പെട്ടാല്‍ ശിക്ഷയുടെ വിധi എന്താണ്?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മാതാപിതാക്കളോടുള്ള ബാധ്യതകളും കടമകളും ഏറെ പ്രധാനമാണ്. അനസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം, എല്ലാ പാപങ്ങളും അല്ലാഹു അതിന്‍റെ ശിക്ഷ അവന്‍ ഉദ്ദേശിക്കുന്നത്ര പിന്തിച്ചേക്കാം, എന്നാല്‍ മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചവന് ഇഹലോകത്ത് വെച്ച് തന്നെ മരിക്കുന്നതിന് മുമ്പായി അതിന്‍റെ ശിക്ഷ നല്‍കുന്നതാണ്. മാതാപിതാക്കളോടെ വെറുപ്പിക്കുക എന്നത് തന്നെ ഏറെ ഗൌരവത്തോടെയാണ് കാണുന്നത്. തന്‍റെ മാതാവിനേക്കാള്‍ മനസ്സാ ഭാര്യക്ക് മുന്‍ഗണന നല്‍കിയിരുന്ന അല്‍ഖമ (റ)വിന്‍റെ ചരിത്രം വളരെ പ്രസിദ്ധമാണല്ലോ. അവരുടെ മനസ്സിനെ വേദനിപ്പിക്കുന്ന ഒന്നും തന്നെ ചെയ്തുകൂടാ. അത് എന്നെന്നേക്കും നമ്മുടെ നാശത്തിനും ദുഖത്തിനും കാരണമാകുമെന്നതില്‍ സംശയമില്ല. ഇത്തരം പൊരുത്തക്കേടുകളെ കുറിച്ച് പണ്ഡിതര്‍ പറയുന്നത്, അവ വിഷം കഴിക്കുന്ന പോലെയാണ് എന്നാണ്. വിഷമാണെന്ന് അറിയാതെ കഴിച്ചാല്‍ പോലും അതിന്‍റെ ഫലം അനുഭവിക്കേണ്ടിവരുമല്ലോ. അതുപോലെയാണ് ബഹുമാനിക്കേണ്ടവരെ അവമാനിച്ചാലുണ്ടാകുന്ന ഫലങ്ങളും, വിശിഷ്യാ മാതാപിതാക്കളെ. ജീവിതത്തിന്‍റെ ഏതെങ്കിലും നിമിഷങ്ങളില്‍ ഇത്തരത്തില്‍ വല്ലതും പറ്റിപ്പോയിട്ടുണ്ടെങ്കില്‍, അവര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും അവരോട് പൊരുത്തപ്പെടീക്കേണ്ടതാണെന്ന് മാത്രമല്ല, ശേഷിച്ച ജീവിതകാലമത്രയും അവരുടെ സേവനത്തിലും തൃപ്തിയിലുമാണ് ചെലവഴിക്കേണ്ടത്. അവരെ പ്രീതിപ്പെടുത്താനായി ചെയ്യുന്ന അത്തരം ആത്മാര്‍ത്ഥ കര്‍മ്മങ്ങളുടെ ഫലമായി അവര്‍ പടച്ചതമ്പുരാനോട് നമ്മുടെ നന്മക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍, അത് ഫലം കാണാതിരിക്കില്ല, പടച്ച തമ്പുരാന്‍ നേരത്തെ ചെയ്തുപോയതെല്ലാം അത് കാരണമായി പൊറുത്ത് തന്നേക്കാം. മാതാവ് പൊരുത്തപ്പെട്ട് കൊടുത്തപ്പോള്‍ അല്‍ഖമ (റ)വിന് മരണസമയത്ത് ശഹാദത് കലിമ ചൊല്ലാനായതും അതേ ചരിത്രത്തില്‍തന്നെ നമുക്ക് കാണാമല്ലോ. പേടിയുടെയും പ്രതീക്ഷയുടെയും ഇടയിലായിരിക്കണം വിശ്വാസി എന്നാണ് ഹദീസുകള്‍ പഠിപ്പിക്കുന്നത്. ഇനി അവര്‍ മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി കഴിയുന്നത്ര സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും അവരുടെ പരലോക നന്മക്കായി ദുആ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുക. ഒരു മനുഷ്യന് മറ്റുള്ളവരുടെ ദുആകള്‍ ഏറ്റവും ആവശ്യമുള്ള സമയമാണ് ഖബ്റിലെ ജീവിതകാലം ഹദീസുകളില്‍ കാണാം. ആയതിനാല്‍ അവര്‍ക്ക് വേണ്ടി സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ഹദിയ ചെയ്യുകയും ഇടക്കിടെ അവരുടെ ഖബ്റുകള്‍ക്കരികില്‍ പോയി ആത്മാര്‍ത്ഥമായി ദുആ ചെയ്യുകയും ചെയ്യുന്ന വലദുന്‍സ്വാലിഹ് ആയിത്തീരാന്‍ ശ്രമിക്കുക. ചെയ്തുപോയ പാപങ്ങളെയോര്‍ത്ത് പേടിക്കുകയും സദാസമയവും നാഥനോട് പാപമോചനം തേടുകയും വേണം. അതേ സമയം, അവയോര്‍ത്ത് മനസ്സ് പുകഞ്ഞ് ജീവിതം നഷ്ടപ്പെടാതെ, പടച്ച തമ്പുരാന്‍ എല്ലാം പൊറുത്തുതരുമെന്ന പ്രതീക്ഷയും കാത്തുസൂക്ഷിക്കേണ്ടതാണ്. ശിര്‍ക് അല്ലാത്ത ഏത് ദോഷവും പടച്ച തമ്പുരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്ത് തരുമെന്നാണല്ലോ വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നത്. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്ത്, അവര്‍ കാരണം സ്വര്‍ഗ്ഗം ലഭിക്കുന്നത് മക്കളില്‍ അല്ലാഹു നമ്മെയും നമ്മുടെ മക്കളെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter