പ്രസവം നിര്‍ത്തുന്നതിന്റെ വിധി ഒന്ന് വിശദീകരിക്കാമോ

ചോദ്യകർത്താവ്

മജീദ് ചിറക്കല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവാഹത്തിന്‍റെ പ്രധാപ്പെട്ട ഉദ്ദേശ്യങ്ങളിലൊന്നാണ് സന്താന ലബ്ധിയും അതുമൂലം മനുഷ്യകുലത്തിന്‍റെ നിലനില്‍പും. ഉമ്മത്തിന്‍റെ അംഗസംഖ്യാ വര്‍ദ്ധനവില്‍ റസൂല്‍ (സ) അഭിമാനിക്കുമെന്നു പറഞ്ഞതിലും അതിരറ്റ് സ്നേഹിക്കുകയും കൂടുതല്‍ പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീകളെ വിവാഹം കഴിക്കാന്‍ റസൂല്‍ (സ) പ്രേരിപ്പിച്ചതിലും ദാരിദ്ര്യം ഭയന്നു സന്താനങ്ങളെ ഇല്ലായ്മ ചെയ്യരുതെന്ന ഖുര്‍ആനിന്‍റെ താക്കീതിലും സന്താന നിയന്ത്രണത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. സന്താന നിയന്ത്രണം താല്‍ക്കാലികവും സ്ഥായിയുമുണ്ട്. പ്രസവത്തിനു താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തുന്നത് കറാഹത് ആണ്. സന്താനങ്ങളുടെ ശരിയായ വളര്‍ച്ചക്കും പരിപാലനത്തിനും തര്‍ബിയതിനും വേണ്ടി പ്രസവങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാനായി താല്‍ക്കാലികവും ആരോഗ്യകരമായ ദോഷഫലങ്ങളില്ലാത്തതുമായ നിയന്ത്രണങ്ങളും മുന്‍കരുതലുകളുമാകാവുന്നതാണ്. സ്ഥിരമായ രീതിയില്‍ പ്രസവം നിര്‍ത്തുന്നതും പ്രത്യുല്‍പാദന ശേഷി എടുത്തു കളയുന്നതും ഹറാം ആകുന്നു. സ്ത്രീകളുടെ ഫെലോപ്യന്‍ കുഴല്‍ മുറിച്ചു മാറ്റിയും ഗര്‍ഭാശയ ശസ്ത്രക്രിയയിലൂടെയും പുരുഷന്മാരുടെ ബീജവാഹിനികളെ മുറിച്ചു കളഞ്ഞും ബീജ-അണ്ഡ ഉത്പാദനത്തിനു ആവശ്യമായ ഹോര്‍മോണുകളുടെ ഉത്പാദനം മരുന്നുകളിലൂടെ ഇല്ലായ്മ ചെയ്തും പ്രത്യുല്‍പാദന ശേഷി തീരെ എടുത്തു കളയുന്നത് നിഷിദ്ധമാണ്. എന്നാല്‍ ജീവന്‍ രക്ഷിക്കാനോ ഗുരുതരമായ വൈകല്യങ്ങള്‍ ഇല്ലാതാക്കാനോ ഉള്ള ചികിത്സയുടെ ഭാഗമായി ഗര്‍ഭാശയം എടുത്തു കളയുക, പ്രത്യുല്‍പാദന അവയവയങ്ങളെയോ അവയുടെ ഗ്രന്ഥികളെയോ നീക്കം ചെയ്യുക, അല്ലെങ്കില്‍ അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള ശസ്ത്രക്രിയയോ മറ്റോ ചെയ്യുക എന്നിവ അനുവദനീയവും ആവശ്യവുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter