നാഫിആയ ഇല്മ് പഠിക്കുന്നതിനുവേണ്ടി വീടിന്റെ പുറത്തു പോകുന്നതിനു ഭാര്യക്ക് ഭര്‍ത്താവിന്റെ അനുവാദം അനിവാര്യമാണോ?
ചോദ്യകർത്താവ്
മുസ്ഥ്വഫാ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
വ്യക്തിപരമായി നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട വിജ്ഞാനങ്ങള്‍ വിശ്വസ്തനായ തന്‍റെ ഭര്‍ത്താവില്‍ നിന്ന് നേരിട്ടോ, വീട്ടില്‍ നിന്നിറങ്ങാതെ തന്നെ മഹ്റമുകളില്‍ നിന്നോ നേടിയെടുക്കാന്‍ അവസരമില്ലെങ്കില്‍ അതിനായി ഭര്‍ത്താവിന്‍റെ അനുവാദമില്ലാതെ പുറത്തു പോകാവുന്നതാണ്. അതു പോലെ തന്നെ അവളെ ബാധിക്കുന്ന ചില പ്രത്യേക വിഷയത്തില്‍ ഫത്‍വ ചോദിച്ചും പുറത്തു പോകാവുന്നതാണ്. എന്നാല്‍ വ്യക്തിഗത നിര്‍ബന്ധ ഗണത്തില്‍ പെടാത്ത നാഫിഅ് ആയ അറിവുകള്‍ തേടി വഅളു കേള്‍ക്കാനോ മറ്റു ക്ലാസുകളില്‍ പങ്കെടുക്കാനോ അതു പോലെ ദിക്റ് മജ്‍ലിസുകളില്‍ പങ്കെടുക്കാനോ പുറത്തു പോകണമെങ്കില്‍ ഭര്‍തൃമതിയായ ഒരു സ്ത്രീക്ക് ഭര്‍ത്താവിന്‍റെ സമ്മതം ആവശ്യമാണ് . അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ക്ക് പുറത്തു പോവുന്നതില്‍ ഭര്‍ത്താവിനു തൃപ്തിയുണ്ടെന്ന് മികച്ച ധാരണ വേണം. അങ്ങനെയല്ലാതെ പുറത്തു പോകുന്നത് കുറ്റമാണ്. ഭര്‍ത്താവുമായുള്ള പിണക്കമായി അത് ഗണിക്കപ്പെടുകയും ചെയ്യും. (ഫത്ഹുല്‍ മുഈന്‍). വ്യക്തിഗത നിര്‍ബന്ധ ഗണത്തില്‍ പെട്ട ഇല്മ് പഠിക്കാനായി പുറത്തു പോകേണ്ട അവസ്ഥയാണെങ്കില്‍ അങ്ങനെ പോകല്‍ നിര്‍ബന്ധവും അത് തടയല്‍ ഭര്‍ത്താവിനു നിഷിദ്ധവുമാണ്. (തര്‍ശീഹ്)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.