ഒരു സ്ത്രീ ഒരാളെ ഇഷ്ട്ടപ്പെട്ടു.എങ്കില്‍ വലിയ്യിന്റെ സമ്മതം ഇല്ലാതെ ,അല്ലെങ്കില്‍ വലിയ്യിനെ അറിയിക്കാതെ വിവാഹം കഴിക്കാന്‍ പറ്റുമോ ?, എങ്കില്‍ ഏതു ഖാളി യാണ് അത് നടത്തി കൊടുക്കേണ്ടത് ? ഏതെങ്കിലും നാട്ടിലെ ഏതെങ്കിലും ഖാളിക്ക് അത് നടത്തി കൊടുക്കാന്‍ പറ്റുമോ ? വിശദീകരണം പ്രതീക്ഷിക്കുന്നു
ചോദ്യകർത്താവ്
അശ്റഫ് അബുദാബി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
വിവാഹമെന്നത് വളരെ വിശിഷ്ടവും ഏറെ പ്രാധാന്യവുമുള്ള ഒന്നാണ്. അത് ജീവിതവും ഭാവിയുമാണ്. അത് എടുത്തു ചാട്ടമാവരുത്. ഏറെ ആലോചിച്ചും ചിന്തിച്ചും എടുക്കേണ്ട തീരുമാനങ്ങളാണ്. അതിനാല്‍ എപ്പോഴും രക്ഷിതാക്കളുടെയും ബന്ധപ്പെട്ടവരുടെയും അറിവോടും അവരുടെ സമ്മതത്തോടുമായിരിക്കാന്‍ ശ്രമിക്കണം.
വലിയ്യ് ഇല്ലാത്ത അവസ്ഥയില്‍ ഒരു സ്ത്രീയുടെ വിവാഹം നടത്തിക്കൊടുക്കേണ്ടത് ഖാദിയാണ്. നടത്തികൊടുക്കുന്ന അവസരത്തില്‍ ആ ഖാദിയുടെ അധികാര പരിധിയിലായിരിക്കണം ആ സ്ത്രീയുടെ സാന്നിധ്യം. വലിയ്യോ വലിയ്യിന്‍റെ വകാലതുകാരനോ രണ്ടു മര്‍ഹലക്കും അപ്പുറം വിദൂരത്താവുകയോ, അല്ലെങ്കില്‍ അവന്‍റെ അടുത്തേക്ക് എത്തിപ്പെടാന്‍ കഴിയാത്തവിധം പ്രതിബന്ധങ്ങളുണ്ടാവുകയോ, അവനെ കുറിച്ച് കാലങ്ങളായി ഒരു വിവരവും ഇല്ലാതിരിക്കുകയോ ചെയ്താല്‍ വലിയ്യ് ഇല്ലാത്തവളെന്ന വിധിക്കു പരിധിയില്‍ വരുന്നതാണ്. അവിടെ വലിയ്യിന്‍റെ സമ്മതവും അറിവുമില്ലാതെ തന്നെ ഖാദി നേരിട്ട് വിവാഹം ചെയ്തു കൊടുത്താല്‍ ആ വിവാഹം സാധുവാകും. പക്ഷേ, വരന്‍ വധുവിനു ശറഇല്‍ അനുയോജ്യനായിരിക്കണമെന്നും വധുവിനു പ്രായപൂര്‍ത്തിയായിരിക്കണമെന്നും നിബന്ധനയുണ്ട്.
മുജ്ബിറായ വലിയ്യ് (സമ്മതം ചോദിക്കാതെ വിവാഹം ചെയ്തു കൊടുക്കാന്‍ അധികാരമുള്ള വലിയ്യ്) പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്ത്രീക്ക് ആ സ്ത്രീ അവള്‍ക്കു നിര്‍ദ്ദേശിച്ച അനുയോജ്യനായ ഒരു വരനു വിവാഹം ചെയ്തുകൊടുക്കാന്‍ വിസമ്മതിക്കുകയും അനുയോജ്യനായ മറ്റൊരു വരനെ കണ്ടെത്താതിരിക്കുകയും ചെയ്താല്‍ ആ വിവാഹം ഖാദിക്കു നടത്തി കൊടുക്കാനുള്ള അധികാരമുണ്ട്.
അതു പോലെ മുജ്ബിറല്ലാത്ത വലിയ്യ് പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്ത്രീ ഒരാളെ തന്‍റെ വരനായി നിര്‍ദ്ദേശിച്ചാല്‍ ആ വരനു മാത്രമേ വിവാഹം കഴിച്ചു കൊടുക്കാവൂ. അതിനു വിസമ്മതിച്ചാല്‍ പകരം ഖാദിക്കു ആ വിവാഹം നടത്തിക്കൊടുക്കാനുള്ള അധികാരമുണ്ട്.
വലിയ്യില്ലാത്തിടത്ത് നീതിമാനായ ഒരാളെ തന്നെ വിവാഹം ചെയ്തു കൊടുക്കാനായി സ്ത്രീക്ക് ഏല്‍പിക്കാവുന്നതാണ്. പക്ഷേ, ഖാദിയുണ്ടെങ്കില്‍ ഈ ഏല്‍പ്പിക്കപ്പെട്ട നീതിമാന്‍ മുജ്തിഹിദു കൂടി ആവല്‍ നിബന്ധനയാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.