മൂന്ന്‍ ത്വലാഖ് ഒരേ സമയം ചൊല്ലിയാല്‍ അത് ഒരു ത്വലാഖായി മാത്രമേ പരിഗണിക്കപ്പെടുകയുളളു എന്ന് പറയുന്നത് ശരിയാണോ?ഏതെങ്കിലും മദ്ഹബില്‍ ഇത്തരത്തില്‍ വിധിയുണ്ടോ?അങ്ങിനെ ത്വലാഖ് ചൊല്ലിയാല്‍ അതെ സ്ത്രീയെ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ എന്താണ് വിധി?

ചോദ്യകർത്താവ്

എം.എ.സുധീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഒരേ സമയം മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ നാല് മദ്ഹബ് പ്രകാരവും മൂന്നു ത്വലാഖും സംഭവിക്കും.  നാല് മദ്ഹബിലും ഉള്‍പെടാത്ത ചില പണ്ഡിതന്മാര്‍ക്ക് ഒന്ന് മാത്രമേ സംഭവിക്കുകയുള്ളൂവെന്ന അഭിപ്രായമുണ്ട്. ഇബ്നു തൈമിയയും ഇങ്ങനെ ഒരഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ത്വലാഖ് ചെല്ലുന്നത് ഇസ്‌ലാം ഏറെ നിരുത്സാഹപ്പെടുത്തുകയും അതിനെതിരെ ശക്തമായി താക്കീത്‌ നല്‍കുകയും ചെയ്തിട്ടുണ്ട്. വിവാഹമോചനം ഇസ്‍ലാം അനുവദിച്ചിട്ടുണ്ടെങ്കിലും ഏറെ നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്.  അല്ലാഹു പറയുന്നു: وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا അവരോട് (സ്ത്രീകളോട്) നല്ല നിലക്ക് വര്‍ത്തിക്കുക. ഇനി അവരോട് വെറുപ്പ് തോന്നിയാല്‍ (ക്ഷമിക്കുക. എന്തുകൊണ്ടെന്നാല്‍) നിങ്ങള്‍ ഒരു സാധനത്തെ വെറുക്കുകയും അല്ലാഹു അതില്‍ നിങ്ങള്‍ക്ക് ധാരാളം നന്മ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തെന്നു വന്നേക്കാം. സൌന്ദര്യം കുറഞ്ഞത് കൊണ്ടോ മറ്റേതെങ്കിലും നിലക്കോ അവളില്‍ നിങ്ങള്‍ക്ക് വെറുപ്പുളവായാല്‍ ഉടനടി വിവാഹമോചനം നടത്താതെ ക്ഷമ കൈകൊള്ളണമെന്നാണ് അല്ലാഹുവിന്റെ നിര്‍ദേശം. എന്തെങ്കിലും വെറുപ്പുളവാകുന്ന മുറക്ക് വിവാഹ മോചനം ചെയ്യലല്ല ഇസ്‍ലാമിന്റെ രീതി. മറിച്ച് പടിപടിയായി മാത്രമേ വിവാഹ മോചനത്തിലേക്കെത്താവൂ. സ്ത്രീകളുടെ കാര്യങ്ങളൊക്കെ നോക്കി നടത്തണമെന്ന് പുരുഷന്മാരോട് കല്‍പിച്ച ശേഷം അല്ലാഹു പറയുന്നു: وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക; (അത് ഫലിക്കാതെ വന്നാല്‍) ശയനസ്ഥാനങ്ങളില്‍ അവരെ വെടിയുക; (അതും ഫലപ്രദമായില്ലെങ്കില്‍) അവരെ അടിക്കുക. അങ്ങനെ നിങ്ങള്‍ക്ക് കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ച് മറ്റൊരു മാര്‍ഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും വലിയവനുമാകുന്നു. ഭര്‍ത്താവിനെ അനുസരിക്കല്‍ സ്ത്രീയുടെ ബാധ്യതയാണ്. കാരണം അവളെ നിയന്ത്രിക്കാനുള്ള അധികാരം അല്ലാഹു നല്‍കിയത് പുരുഷന്‍മാര്‍ക്കാണ്. നിരുപാധികമല്ല അതിനുള്ള കാരണവും അല്ലാഹു പറയുന്നു: പ്രകൃതിപരമായി തന്നെ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ഉല്‍കൃഷ്ടരാണ്. ശരീരശേഷിയും മനക്കരുത്തും സ്ത്രീ വര്‍ഗത്തേക്കാള്‍ പുരുഷവര്‍ഗത്തിനുണ്ടെന്നത് നിഷേധിക്കാനാവാത്തതാണല്ലോ. മാത്രമല്ല സ്ത്രീകളുടെ മുഴുവന്‍ ഉത്തരവാദിത്വവും നിറവേറ്റേണ്ട ചുമതല പുരുഷനുണ്ട്. ഇങ്ങനെയൊക്കെ ചെയ്ത് കൊടുത്തിട്ടും സ്ത്രീ അനുസരണക്കേട് കാണിച്ചാല്‍ അവളെ നല്ല നിലയില്‍ ഉപദേശിക്കണം. എന്നിട്ടും അവള്‍ അനുസരണക്കേട് കാണിച്ചാല്‍ കിടപ്പറയില്‍ അവളെ ഒഴിവാകുകയും അവളോട് സംസാരിക്കാതിരിക്കുകയും ചെയ്യണം. മൂന്ന ദിവസത്തിലേറെ ഈ നില തുടരരുതെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട്. വീണ്ടും അവര്‍ അനുസരണക്കേട് കാണിച്ചാല്‍ അവരെ അടിക്കല്‍ അനുവദനീയമാണ്. അടി ഒഴിവാക്കലാണ് ഏറ്റവും ശ്രേഷ്ടമെന്ന് ഹദീസിന്റെ വെളിച്ചത്തില്‍ ശാഫിഈ ഇമാം പറഞ്ഞതായി കാണാം. ഇനി സഹികെട്ട് അടിക്കുന്നുവെങ്കില്‍ തന്നെ ശരീരത്തില്‍ അടയാളം പോലും വരാത്ത രീതിയിലായിരിക്കണം അടിക്കേണ്ടത്. ഇങ്ങനെയെല്ലാം ചെയ്തിട്ടും സ്ത്രീ വഴിപ്പെടുന്നില്ലെങ്കിലും ഇസ്‍ലാം വിവാഹമോചനത്തിന് നിര്‍ദേശം നല്‍കിയിട്ടില്ല. മറിച്ച് ഭാര്യയുടെയും ഭര്‍ത്താവിന്റെയും കുടുംബത്തില്‍ നിന്ന് ഓരോ മധ്യസ്ഥര്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണം. ഇതിന് സ്ത്രീ വഴങ്ങിയില്ലെങ്കിലും വിവാഹ മോചനത്തേക്കാള്‍ നല്ലത് ക്ഷമ തന്നെ. ക്ഷമിച്ച് സഹിച്ച് ജീവിക്കണമെന്ന് ഒരു മനുഷ്യനെ നിര്‍ബന്ധിക്കുന്നത് നീതിയല്ലാത്തത് കൊണ്ട് മാത്രം ഈ ഘട്ടത്തില്‍ അല്ലാഹു വിവാഹ മോചനത്തിന് അവസരം നല്കി. അല്ലാഹു ഏറ്റവും വെറുക്കുന്ന ഹലാല്‍ എന്നാണല്ലോ നബി തങ്ങള്‍ ത്വലാഖിനെ വിശേഷിപ്പിച്ചത്. ഇങ്ങനെ ത്വലാഖിന് അനുവാദം നല്‍കിയപ്പോഴും യോജിപ്പിക്കാനുള്ള മാര്‍ഗം തന്നെയാണ് അല്ലാഹു രൂപപ്പെടുത്തിയത്. മൂന്നവസരം അല്ലാഹു നല്‍കി. അതില്‍ ഒരവസരം നഷ്ടപ്പെടുത്തിയാല്‍ അവന് മടക്കിയെടുക്കാനുള്ള അവകാശം അല്ലാഹു വക വെച്ച് നല്‍കി. ഏകദേശം മൂന്ന് മാസത്തെ ഈ ഇദ്ദകാലം ഭാര്യക്ക് ഗര്‍ഭമുണ്ടോ എന്നറയാന്‍ വേണ്ടി മാത്രമല്ല വീണ്ടുവിചാരത്തിനുള്ള അവസരം കൂടിയാണ്. പരസ്പരം ഉള്ളില്‍ സ്നേഹമുള്ള ഭാര്യഭര്‍ത്താക്കളെങ്കില്‍ പിരിഞ്ഞ് ജീവിക്കാന്‍ സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കുകയും പിന്നീട് സ്നേഹത്തോടും സഹകരണമനോഭാവത്തോടെയും ജീവിക്കാന്‍ അത് ഹേതുവായിത്തീരുകയും ചെയ്യും. അതിനു ശേഷം രണ്ടാമതും അല്ലാഹു അനുവാദം നല്‍കി. രണ്ടാമത്തെ അവസരവും നഷ്ടപ്പെടുത്തിയാല്‍ പിന്നെ ഒരവസരമേ അല്ലാഹു അവന് നല്കിയിട്ടുള്ളൂ. മൂന്നാമത്തെ അവസരം എടുത്തുപയോഗിക്കാതിരിക്കാന്‍ അല്‍പം കണിശമായ നിയമമാണ് ഇസ്‍ലാം വെച്ചത്. അഥവാ മൂന്ന്  ത്വലാഖും ചൊല്ലപ്പെട്ട സ്ത്രീയെ അതേ ഭര്‍താവിന് തന്നെ രണ്ടാമതും വിവാഹം ചെയ്യണമെങ്കില്‍ അവളെ മറ്റൊരാള്‍ വിവാഹം ചെയ്തു ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷം ത്വലാഖ് ചൊല്ലി ഇദ്ദ തീരേണ്ടതുണ്ട്. ഒരിക്കലും മൂന്നാമത്തെ അവസരം ഉപയോഗിക്കാതിരിക്കാനാണ് അല്ലാഹു ഇങ്ങനെ ചെയ്‍തത്. തന്റെ സ്നേഹ ഭാജനവുമായി മറ്റൊരാള്‍ ലൈംഗികമായി ബന്ധപ്പെടുന്നത് ബുദ്ധിയുള്ളവന്‍ ഇഷ്ടപ്പെടില്ലല്ലോ. ഇനിയും അവസരം നല്‍കുന്നത് ചൂഷണത്തിന് കാരണമായേക്കാമെന്നത് കൊണ്ടാണ് മൂന്നില്‍ പരിമിതിപ്പെടുത്തിയത്. ഒറ്റത്തവണയായി ഈ മൂന്നവസരവും ഉപയോഗിച്ചവരെ നബി തങ്ങള്‍ ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. നസാഈ ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: مَحْمُودَ بْنَ لَبِيدٍ قَالَ: أُخْبِرَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ رَجُلٍ، طَلَّقَ امْرَأَتَهُ ثَلَاثَ تَطْلِيقَاتٍ جَمِيعًا، فَقَامَ غَضْبَانًا، ثُمَّ قَالَ: «أَيُلْعَبُ بِكِتَابِ اللهِ، وَأَنَا بَيْنَ أَظْهُرِكُمْ» حَتَّى قَامَ رَجُلٌ فَقَالَ: يَا رَسُولَ اللهِ أَلَا أَقْتُلُهُ؟ മൂന്നു ത്വലാഖും ചൊല്ലിയ ഒരാളെ കുറിച്ച് വിവരമറിഞ്ഞപ്പോള്‍ ദേശ്യപ്പെട്ട് കൊണ്ട് നബി തങ്ങള്‍ പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്കിടയിലുണ്ടായിരിക്കെ നിങ്ങള്‍ അല്ലാഹുവിന്റെ കിതാബ് കൊണ്ട് കളിക്കുകയാണോ? ഘട്ടംഘട്ടമായി അല്ലാഹു ഉപയോഗിക്കാന്‍ പറഞ്ഞ മൂന്ന് ത്വലാഖ് ഒറ്റത്തവണയായി ഉപയോഗിച്ചവന്‍ അല്ലാഹുവിന്റെയും റസൂലിന്റെയും കോപത്തിനര്‍ഹനായിത്തീരും

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter