എന്റെ സുഹൃത്ത് വിവാഹം കഴിച്ചത് ഒരു പാവപ്പെട്ട പെണ്‍കുട്ടിയെയാണ്. പക്ഷെ ഈ വിവാഹം അദ്ദേഹത്തിന്റെ ഉമ്മായ്ക്കു ഇഷ്ടമല്ല , ഉപ്പയുടെ ആവശ്യപ്രകാരമാണ് വിവാഹം കഴിച്ചത് . ഉപ്പ മരിച്ച് പോയി .ഇപ്പോള്‍ എന്താണ് ഒരു പ്രതിവിധി ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മാതാവിനെ വെറുപ്പിക്കാതെ, പരമാവധി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും അവരെ സ്വാധീനിക്കാന്‍ കഴിയുന്ന കുടുംബത്തിലും നാട്ടിലുമുള്ള മുതിര്‍ന്നവരെയോ പണ്ഡിതന്‍മാരേയോ കൊണ്ട് അവരോട് സംസരിപ്പിക്കുകയും ചെയ്യുക. കുടുംബജീവിതത്തില്‍ പലരും അനുഭവിക്കുന്ന, അതേ സമയം, എങ്ങനെ നേരിടണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയോ പിഴവ് സംഭവിക്കുകയോ ചെയ്യുന്ന മേഖലയാണ് ഭാര്യയും ഉമ്മയും തമ്മിലുള്ള പ്രശ്നങ്ങള്‍. അല്ലാഹുവിന്‍റെ മതം പൂര്‍ണ്ണമായും നീതിയുടേതാണ്. ഓരോരുത്തര്‍ക്കും അര്‍ഹമായതെല്ലാം വക വെച്ച് കൊടുക്കുകയും ആരെയും വെറുപ്പിക്കാതിരിക്കുകയും ചെയ്യുക എന്നത് അതിന്‍റെ അടിസ്ഥാന തത്വമാണ്. മാതാവിനോടും ഭാര്യയോടും ഒരേ സമയം നല്ല നിലയില്‍ വര്‍ത്തിക്കാനാണ് അത് നമ്മോട് കല്‍പിക്കുന്നത്. മാതാവിനോടുള്ള സ്നേഹാധിക്യത്താല്‍ ഭാര്യക്കുള്ള അവകാശങ്ങള്‍ നിഷേധിക്കാനോ ഭാര്യയോടുള്ള സ്നേഹാധിക്യത്താല്‍ ഉമ്മയെ അവഗണിക്കാനോ ഒരിക്കലും അത് അനുവദിക്കുന്നില്ല. കുടംബജീവിതത്തിന്‍റെ തുടക്കത്തില്‍ തന്നെ, മാതാവും ഭാര്യയുമായുള്ള ബന്ധം നല്ല നിലയിലായിരിക്കാന്‍ ഭര്‍ത്താക്കന്മാര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മാതാവിനോട് നല്ല നിലയില്‍ പെരുമാറുകയും മാതാവിന്‍റെ സ്നേഹം നേടുകയും ചെയ്യുമ്പോഴാണ് തന്നോട് ഭര്‍ത്താവിന് സ്നേഹം വര്‍ദ്ദിക്കുന്നതെന്ന് ഭാര്യയെ ബോധ്യപ്പെടുത്തേണ്ടത് ഭര്‍ത്താവിന്റെ കടമയാണ്. ഭര്‍ത്താവിന്റെ ഉമ്മയെ സ്വന്തം ഉമ്മയായി കാണാനും അവര്‍ക്കാവശ്യമായതെല്ലാം കണ്ടറിഞ്ഞ് ചെയ്തുകൊടുക്കാനും തയ്യാറാകുന്നവളാണ് നല്ല ഭാര്യ, അത്തരം ഭാര്യമാര്‍ തീര്‍ച്ചയായും കുടുംബത്തിന്‍റെ വിളക്കായിരിക്കും. കുടുംബബന്ധങ്ങളിലെ ഇസ്‌ലാമിക മാനവും രീതിശാസ്ത്രവും വേണ്ടവിധം മനസ്സിലാക്കാത്തതിനാലാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്. അതോടൊപ്പം മാതാവിന്റെ സ്ഥാനവും അവരെ ശുശ്രൂഷിക്കുന്നതിലൂടെ കരസ്ഥമാകാവുന്ന പ്രതിഫലവും മനസ്സിലാക്കാനും പലപ്പോഴും നാം പരാജയപ്പെടുന്നു എന്നതും സത്യമാണ്. മക്കളുടെ സ്നേഹം ആഗ്രഹിക്കാത്ത ഉമ്മമാരുണ്ടാവില്ലെന്നതാണല്ലോ പ്രകൃതി നിയമം. തന്റെ മകന്റെ സ്നേഹത്തിന് അവകാശിയായി മറ്റൊരുത്തി വരുന്നത്, പലപ്പോഴും അവര്‍ക്ക് സഹിക്കാന്‍ കഴിയാതെ പോവുന്നത് പോലും ആ സ്നേഹാധിക്യം കൊണ്ട് മാത്രമാണ്. മാതാവിനോട് സംസാരിക്കാന്‍ സമയം കണ്ടെത്തുകയും ഇടക്കിടെ സാമ്പത്തിക സഹായങ്ങള്‍ വരെ നല്‍കാറുണ്ടായിരുന്നവരും വിവാഹശേഷം അത് മുടക്കാറുള്ളത് പലപ്പോഴും ഇത്തരം ചിന്തക്ക് ആക്കം കൂട്ടുന്നു. ഇത്തരം ചിന്തകളെല്ലാം ചേര്‍ന്നാണ് ഭാര്യയോടുള്ള ഉമ്മയുടെ പെരുമാറ്റത്തില്‍ പ്രകടമാവുന്നത്. ഇത്തരം സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ സാധിക്കണം. ഉമ്മയും ഭാര്യയും തമ്മിലുള്ള തര്‍ക്കങ്ങളിലും പെരുമാറ്റച്ചട്ടങ്ങളിലും ന്യായാന്യായങ്ങളുടെ ത്രാസിലിട്ട് തൂക്കി നോക്കി നിലപാടെടുത്താല്‍ അത് പലപ്പോഴും ബന്ധങ്ങള്‍ കൂടുതല്‍ വഷളാകാനേ സഹായിക്കൂ. ഉമ്മയുടെ വാര്‍ദ്ധക്യവും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ആധുനികചിന്താരീതികളെകുറിച്ചുള്ള പരിചയക്കുറവുമെല്ലാം നാം ഉള്‍ക്കൊണ്ടിരിക്കണം, അതിനെ കുറിച്ച് ഭാര്യയെയും ബോധ്യപ്പെടുത്തേണ്ടത്. കൊച്ചുനാളില്‍ നാം ഉമ്മയോട് ചെയ്ത പരാക്രമങ്ങളെ കൊച്ചുകുട്ടിയുടെ കുസൃതിയായി ആസ്വദിക്കാന്‍ ഉമ്മാക്ക് സാധിച്ചത് പോലെ, വാര്‍ദ്ധക്യത്തിലുണ്ടാവുന്ന ഉമ്മയുടെ പെരുമാറ്റങ്ങളെയും മോശമായി കാണാതെ, അവ ആസ്വദിക്കാന്‍ നമുക്ക് സാധിക്കണം. അതിന് ഭാര്യക്കും ഭര്‍ത്താവിനും സാധിച്ചാല്‍ അവിടെ ഒരിക്കലും പ്രശ്നങ്ങള്‍ കടന്നുവരില്ല. സ്ത്രീകള്‍ എപ്പോഴും കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വിശിഷ്യാ, പ്രായമാവുന്നതോടെ, തങ്ങളെ കേള്‍ക്കാന്‍ ആരുമില്ലെന്ന ബോധം അവര്‍ക്ക് കൂടിക്കൂടി വരും. മാതാവിനോടൊപ്പം ഇരിക്കാനും അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ കേള്‍ക്കാനും നാം സമയം കണ്ടെത്തണം. ഒരു പക്ഷേ, അടുത്ത വീട്ടിലെ കല്യാണത്തെ കുറിച്ചോ ഏതോ വിരുന്നിന് പോയപ്പോഴുണ്ടായ അനുഭവങ്ങളോ അവര്‍ വാചാലമായി പറയുന്നത് നമുക്ക് ഒരു ഉപകാരവുമില്ലാത്തവയായിരിക്കാം. എന്നാല്‍പോലും താല്‍പര്യത്തോടെ അത് കേള്‍ക്കാനും കൂടുതല്‍ ചോദിച്ചറിയാനും നാം തയ്യാറായേ മതിയാവൂ. തന്നെ കേള്‍ക്കാന്‍ തയ്യാറാവുന്നവരയൊണ്  തനിക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരേക്കാള്‍ അവര്‍ക്ക് ഇഷ്ടമാവുക എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് മകനും ഭാര്യയും തിരിച്ചറിയണം. അതോടൊപ്പം, ഭാര്യയേക്കാളും എല്ലാ കാര്യങ്ങളിലും മുന്‍ഗണന നല്‍കുന്നത് ഉമ്മാക്ക് തന്നെയാണെന്ന് ഉമ്മയെ ബോധ്യപ്പെടുത്തണം. പുറത്തുപോവുമ്പോള്‍ വിവരം പറയുന്നതും തിരിച്ചുവരുമ്പോള്‍ ആദ്യമായി കാണുന്നതും ഉമ്മയെ ആയിരിക്കണം. വീട്ടിലേക്ക് എന്ത് സാധനങ്ങളാണ് വേണ്ടതെന്ന് ഭാര്യയോട് ചോദിക്കാതെ ഉമ്മയോട് ചോദിക്കാന്‍ നാം തയ്യാറായാല്‍, തീര്‍ച്ചയായും ഉമ്മ അത് ഭാര്യയോട് ചോദിക്കുകയും രണ്ട് പേരും ചേര്‍ന്ന് ആ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്യും. ഉമ്മയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കണ്ടറിഞ്ഞ് ഭര്‍ത്താവിനെകൊണ്ട് നിവര്‍ത്തിച്ചുകൊടുക്കാന്‍ ഭാര്യ മുന്‍കൈയ്യെടുക്കണം. രാവിലെ വീട്ടില്‍നിന്ന് പോവുന്ന ഭര്‍ത്താവിനോട്, ഉമ്മയുടെ മരുന്ന് കഴിഞ്ഞിട്ടുണ്ട്, വൈകുന്നേരം വരുമ്പോള്‍ കൊണ്ടുവരാന്‍ മറക്കരുത് എന്നോ, ഉമ്മയുടെ പുതപ്പ് പഴയതായിട്ടുണ്ട്, ഉമ്മാക്ക് പുതിയതൊന്ന് കൊണ്ടുവരണം എന്നോ പറയുന്ന ഭാര്യയെ ഏത് ഉമ്മക്കാണ് വെറുക്കാനാവുക. അത്തരം സ്നേഹപ്രകടനങ്ങളിലൂടെ ഉമ്മയെ കൈയ്യിലെടുക്കാന്‍ ഭാര്യക്കും ഭര്‍ത്താവിനും സാധിച്ചാല്‍ അവിടെ പിന്നെ പ്രശ്നങ്ങളൊരിക്കലും കടന്നുവരില്ലെന്ന് മാത്രമല്ല, അത് ഏറെ സംതൃപ്തമായ ജീവിതവും അതിലേറെ പാരത്രിക വിജയവും പ്രദാനം ചെയ്യുമെന്നതില്‍ സംശയമില്ല. ജീവിതത്തില്‍ ഭാര്യക്ക് ഭര്‍ത്താവിനെയും ഭര്‍ത്താവിന് ഭാര്യയെയും എത്ര വേണമെങ്കിലും ലഭിക്കും, പക്ഷേ, ഉമ്മ ഒന്ന് മാത്രമേ ലഭ്യമാവൂ എന്ന സത്യം ഇടക്കിടെ ക്രിയാത്മകമായി ഓര്‍ക്കുന്നതും നല്ലതാണ്. രണ്ടാലൊരു മാതാപിതാക്കള്‍ ഭാര്യയെ ത്വലാഖ് ചൊല്ലാന്‍ കല്‍പിച്ചാല്‍ അത്  ചെയ്യല്‍ സുന്നതാണ് എന്നാണ് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ദീനിയ്യായ കാരണം കൊണ്ടാണ് അത്തരം ഒരു കല്‍പനയെങ്കില്‍ മാത്രമേ ഇത് ബാധകമാവൂ. അറിവില്ലാത്ത ചില മാതാപിതാക്കള്‍ ചെയ്യുന്ന പോലെ വെറുതെയുള്ള അല്ലെങ്കില്‍ ദരിദ്ര കുടുംബത്തില്‍ നിന്നോ ആയി എന്നതിന്റെ പേരിലുള്ള കല്‍പനകള്‍ അംഗീകരിക്കേണ്ടതില്ല. ഇവിടെ ഭാര്യയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും മാതാവിനെ തൃപ്തിപ്പെടുത്തേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്ത് സ്വര്‍ഗ്ഗാവകാശികളാവുന്ന സല്‍പുത്രരില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter