ഞാന്‍ ഗര്‍ഭിണിയായിരുന്നു. നാലു മാസമായപ്പോള്‍ ബ്ലീഡിംഗ് തുടങ്ങി. ഡോക്ടറെ കണ്ടപ്പോള്‍ പ്രശ്നമാണെന്നും അബോര്‍ഷന്‍ നടത്തണമെന്നും പറഞ്ഞു. അതനുസരിച്ച് ഡി ആന്‍റ് സി നടത്തി. ഇപ്പോള്‍ വിശ്രമത്തിലാണ്. പല നിലക്കും ചെറിയൊരു പ്രസവത്തിന് സമാനമാണിത്. പ്രസവാനന്തരമുള്ള പല ചികിത്സകളും ഇതോടനുബന്ധിച്ചും നടത്തപ്പെടുന്നുണ്ട്. ഇത് നിഫാസായി പരിഗണിക്കപ്പെടുമോ? ഒരാഴ്ചയോളം നിഫാസ് രക്തം പോലെ അല്‍പാല്‍പം രക്തവും വന്നിരുന്നു. ഈ കാലയളവില്‍ ഞാന്‍ നിസ്കരിക്കേണ്ടതുണ്ടോ? അതോ നിഫാസ് രക്തമെന്ന് കണ്ട് രക്തം മുറിയുന്നതുവരെ കാത്തുനില്‍ക്കണോ? രക്തക്കട്ടയോ ഇറച്ചിക്കട്ടയോ പുറത്തു പോയാലുള്ള മസ്അല എന്താണ്? ഞാന്‍ നിസ്കരിക്കണമോ?

ചോദ്യകർത്താവ്

ഇര്‍ശാന

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ പ്രിയ സഹോദരീ, നിസ്കാരത്തിന്‍റെയും മറ്റും കാര്യത്തിലുള്ള ശ്രദ്ധയെ പ്രത്യേകം അഭിനന്ദിക്കുന്നു, നാഥന്‍ സ്വാലിഹായ സന്താനങ്ങളെ നല്‍കട്ടെ എന്ന് ആദ്യമായി പ്രാര്‍ത്ഥിക്കുന്നു. ഗര്‍ഭപാത്രം കാലിയാവുന്നതിനെ തുടര്‍ന്നുണ്ടാവുന്ന രക്തസ്രാവമാണ് നിഫാസ്. ഗര്‍ഭം ധരിക്കുന്നതോടെ ആര്‍ത്തവം നിലക്കുന്നതാണല്ലോ പതിവ്. ശേഷം പ്രസവത്തിലൂടെയോ മറ്റോ ഗര്‍ഭപാത്രം കാലിയാവുന്നതോടെ രക്തം പുറപ്പെടുന്നു. ഇതിനെയാണ് കര്‍മ്മശാസ്ത്രപ്രകാരം നിഫാസ് എന്ന് വിളിക്കുന്നത്. ഇത് ചര്‍ച്ച ചെയ്യുന്നിടത്ത് തന്നെ, മാസം പിണ്ഡമോ രക്ത പിണ്ഡമോ (അലഖതും മുള്ഗതും) പുറത്തുവന്നാലുള്ള വിധിയും വിവരിക്കുന്നുണ്ട്. അവ്യക്തമായമനുഷ്യരൂപമെത്തിയ ശേഷം പുറത്തുവരുന്നതൊക്കെ പ്രസവത്തിന്‍റെ പരിധിയിലാണ് ഉള്‍പ്പെടുക. സാധാരണ ഗതിയില്‍ മൂന്ന് മാസം ആവുന്നതോടെ ഇത്തരത്തില്‍ രൂപം പ്രകടമാവുമെന്നാണ് പഠനങ്ങള്‍ മനസ്സിലാക്കിത്തരുന്നത്. തീരെ മനുഷ്യരൂപം പ്രാപിക്കാത്ത കേവലം രക്തക്കട്ടയോ മറ്റോ പുറത്തുപോവുന്നതിലൂടെ വരുന്ന രക്തത്തെ നിഫാസ് ആയി പരിഗണിക്കാവതല്ല, സാധാരണ ഗതിയിലെ ആര്‍ത്തവ സമയത്തല്ല അത് സംഭവിക്കുന്നതെങ്കില്‍ ഇസ്തിഹാദത് എന്ന പരിധിയിലാണ് അത് ഉള്‍പ്പെടുക. ചോദ്യത്തില്‍ പറഞ്ഞ രൂപത്തില്‍, അത് നിഫാസിന്‍റെ പരിധിയില്‍ ഉള്‍പ്പെടാന്‍ തന്നെയാണ് സാധ്യതകള്‍ ഏറെയും. അങ്ങനെ ആവുന്ന പക്ഷം, നിസ്കാരം നിര്‍വ്വഹിക്കേണ്ടതില്ല, നിഫാസ് രക്തത്തിന് ബാധകമായതെല്ലാം അവിടെയും ബാധകമാവുന്നതുമാണ്. നിഫാസ് രക്തത്തെക്കുറിച്ച് വിശദമായി കുടുംബം ലൈഫ്സ്റ്റൈല്‍ എന്നതിലെ  സ്ത്രീ എന്ന വിഭാഗത്തില്‍ വായിക്കാവുന്നതാണ്. ആരധനാകര്‍മ്മങ്ങളില്‍ കൂടുതല്‍ അറിവ് നേടാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter