ഭർത്താവിന് ഭാര്യയുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും വെറുപ്പാണ് .അത് മാറികിട്ടാനും അയ്ക്യത്തോടെ മുന്നോട്ടുള്ള കാലം ജീവിക്കാനും ഒരു ദുആ പറഞ്ഞു തരുമോ ഉസ്താദേ അത് പോലെ തന്നെ ഭാര്യയെ മനസിലാക്കാനും കഴിയാത്ത ഭർത്താവിന്റെ വീട്ടുകാർക്കും ഭർത്താവിനും മനസിലാക്കാനും സ്നേഹം തോന്നാനും ഉള്ള ദുആ യും പറയണേ

ചോദ്യകർത്താവ്

shukoor

Jan 16, 2019

CODE :Par9074

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഭാര്യ ഭർത്താവിന്റേയോ ഭർത്താവ് ഭാര്യയുടേയോ മാതാപിതാക്കളേയും ബന്ധുക്കളേയും മൈന്റ് ചെയ്യാതിരിക്കുന്നതും ഇകഴ്ത്തുന്നതും പ്രധാനമായും മൂന്നു രീതിൽ ഗൌരവപ്പെട്ടതും അനഭിലഷണീയവുമാണ്. ഒന്ന് സത്യ വിശ്വാസികളുമായി സ്നേഹ ബന്ധം നിർത്തുന്നതിലും രണ്ട് അല്ലാഹു ചേർത്തു തന്ന കൂടുംബ ബന്ധം നിലനിർത്തുന്നതിലും മൂന്ന് ഭാര്യയെ പ്രയാസപ്പെടുത്താതെ അവരോട് നല്ലനിലയിൽ പെരുമാറണം (സൂറത്തുന്നിസാഅ്) എന്ന അല്ലാഹുവിന്റെ വചനം പാലിക്കുന്നതിലും വീഴ്ച വരുത്തലാണത്.

സത്യ വിശ്വാസികളോട് നബി (സ്വ) അരുൾ ചെയ്തു: നിങ്ങൾ സത്യ വിശ്വാസികളാകുന്നത് വരേ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരേ നിങ്ങൾ സത്യവിശ്വാസികളാകുകയില്ല. നിങ്ങൾ പരസ്പരം സ്നേഹം നിലനിർത്താൻ ആവശ്യമായ ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടേ,,, നിങ്ങൾ പരസ്പരം സലാം പറയൽ വ്യാപിപ്പിക്കലാണത് (മുസ്നദ് അഹ്മദ്). സലാം എന്നാൽ അല്ലാഹുവിങ്കൽ നിന്നുള്ള സമാധാനമാണ്. അത് മറ്റുളളവരിലേക്ക് വ്യാപിപ്പിക്കുമ്പോൾ പരസ്പരം സ്നേഹിക്കാനുള്ള സാഹചര്യം അല്ലാഹു ഒരുക്കും. മുഅ്മിനീങ്ങളെ സ്നേഹിക്കാൻ കഴിയുന്ന മനസ്സിലേക്ക് ഇമാൻ പ്രവഹിക്കും, ഈമാനിന്റെ പ്രകാശം കൊണ്ടേ സ്വർഗം കാണുവാനും അതിൽ പ്രവേശിക്കുവാനും കഴിയൂ. ഇവിടെ ഭാര്യയുടെ/ ഭർത്താവിന്റം ബന്ധുക്കൾ വ്ശ്വാസികളായ സഹോദരങ്ങളാണ്. അവരെ സ്നേഹിക്കലും പ്രയാസപ്പെടുത്താതിരിക്കലും നമ്മുടെ ഈമാൻ പൂർത്തിയാകുന്നതിനും സ്വർഗ്ഗ പ്രവേശത്തിനും ആ ആർത്ഥത്തിൽ അനിവാര്യമാണ്.

നബി (സ്വ) വീണ്ടും സത്യ വിശ്വാസികളോട് പറയുന്നു: നിങ്ങൾ പരസ്പരം കോപവും വെറുപ്പും പ്രകടിപ്പിക്കുന്നവരോ പരസ്പരം അസൂയ വെച്ച് പുലർത്തുന്നവരോ ബന്ധങ്ങൾ വിച്ഛേദിക്കുന്നവരോ ആകരുത്. നിങ്ങൾ സഹോദരങ്ങളായ ദൈവദാസന്മാരാകുക (ബുഖാരി, മുസ്ലിം). ഭാര്യാ ഭർത്താക്കളാകുന്നതോടെ അവരുടെ കുടുംബങ്ങളേയും അല്ലാഹു അവരിലേക്ക് ബന്ധിപ്പിച്ച് കൊടുത്തിരിക്കുകയാണ്. ഭാര്യയുടെ കുടുംബം ഭർത്താവിന്റെ രക്ത ബന്ധമല്ലെങ്കിലും തനിക്ക് സർവ്വസ്വവും സമർപ്പിച്ച ഭാര്യയുടെ രക്ത ബന്ധമാണ്. ഭാര്യയെ അല്ലാഹു ഇണയാക്കിത്തരുന്നതോടെ അവരുടെ കുടുംബത്തേയും അല്ലാഹു ബന്ധിപ്പിക്കുന്നു ഇനി ആ ബന്ധം പൊട്ടിക്കാതെ നിലനിർത്തേണ്ട്ത് സത്യ വിശ്വാസിയുടെ ബാധ്യതയാണ്. തിരിച്ച് ഭർത്താവിന്റെ കുടുംബത്തോട് ഭാര്യയുടെ സമീപനവും ഇതു പോലെയാകണം. കുടുംബ ബന്ധങ്ങൾ ചിന്നഭിന്നമാക്കൽ വൻദോഷമാണെന്ന് വിശുദ്ധ ഖുർആനും (സൂറത്തുൽ മുഅ്മിനൂൻ) കുടുംബ ബന്ധം മുറിക്കുന്നവന്റെ അല്ലാഹുവുമായുള്ള ബന്ധം അല്ലാഹു മുറിച്ചു കളയുമെന്ന് തിരു ഹദീസൂം (ബുഖാരി, മുസ്ലിം) വ്യക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അത് പോലെത്തന്നെ ഭർത്താവിന് തന്റെ ബന്ധുക്കളോട് സ്നേഹം നിലനിൽക്കാനാവശ്യമായ മാനസികവും സാമൂഹികവുമായ സാഹചര്യം ഭാര്യ ഒരുക്കണം. തന്റെ ബന്ധക്കളോട് ഭർത്താവിനെ പരിഗണിക്കാനും അദ്ദേഹത്തോട് സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാനും പ്രേരിപ്പിക്കൽ, ഭർത്താവിന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങളും ഭർത്താവിന്റേയും ബന്ധുക്കളുടേയും രഹസ്യങ്ങളും തന്റെ വീട്ടുകാർക്ക് ചോർത്തിക്കൊടുത്ത് അവർ തമ്മിലെ വിടവ് വർദ്ധിപ്പിക്കാതിരിക്കൽ, തന്റെ വീട്ടുകാർക്ക് മുന്നിൽ വെച്ച് ഭർത്താവിനെ താഴ്ത്തിക്കെട്ടാതിരിക്കൽ, ഭർത്താവിനെക്കുറിച്ച് തന്റെ വീട്ടുകാർ മോശമായി ചിന്തിക്കുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കൽ, ഭർത്താവിന്റെ ബന്ധക്കളെ ആദരിക്കൽ തുടങ്ങിയ കാര്യങ്ങൾ ഭാര്യയും, അത് പോലെ ഭാര്യയുമായി ബന്ധപ്പെട്ടുള്ള ഇത്തരം വിഷയങ്ങൾ ഭർത്താവും അതീവ ശ്രദ്ധയോടെ കൈകാര്യ ചെയ്യുന്നത് ഇങ്ങനെയുള്ള കുടുംബ പ്രശ്നങ്ങൾ ക്രമേണ ഇല്ലാതാകാൻ കാരണമാകും.

ഇനി എന്ത് ചെയ്തിട്ടും തന്നെയും കുടുംബത്തേയും മനസ്സിലാക്കാൻ ഭർത്താവിന് കഴിയുന്നില്ലെങ്കിൽ അക്കാര്യം അല്ലാഹുവിനെ ഏൽപ്പിക്കുക. അഥവാ അല്ലാഹുവിനോട് ഇക്കാര്യം മനസ്സിൽ കരുതി എപ്പോഴും استغفار  (പൊറുക്കലിനെ തേടൽ) വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുക. അല്ലാഹുവിന്റ റസൂൽ (സ്വ) അരുൾ ചെയ്തു: ആരെങ്കിലും ഇസ്തിഗ്ഫാർ പതിവാക്കിയാൽ അവൻ/ൾ അഭിമുഖീകരിക്കുന്ന ജീവിത ഞെരുക്കങ്ങളിൽ നിന്ന് മോചിതരാകാനുള്ള മാർഗം അല്ലാഹു ഏർപ്പെടുത്തും, എല്ലാ മനഃപ്രയാസങ്ങൾക്കും അവൻ സമാധാനം നൽകും, അവൻ/ൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെ അവൻ ഉപജീവനം നൽകുകയും ചെയ്യും.(അബൂ ദാവൂദ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter