ഉസ്താദേ , വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ സമ്മതം തന്നാൽ ചാറ്റ് ചെയ്യുന്നതും ഫോൺ വിളിക്കുന്നതും ഹലാലാവുമോ? പെൺകുട്ടിയുടെ യും ആൺകുട്ടിയുടെ മാതാപിതാക്കൾ സമ്മതം തന്നാലും നിക്കാഹിനു മുൻപ് ഫോണിലൂടെ സംസാരിക്കുന്നത് ഹറാമല്ലേ ? എന്താണ് ഇസ്‌ലാമിക വിധി?
ചോദ്യകർത്താവ്
Mansoor
Jan 22, 2019
CODE :Fiq9081
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നികാഹ് കഴിഞ്ഞാൽ മാത്രമേ ഒരു സ്ത്രീ തന്റെ ഭാര്യാകുകയുള്ളൂ. അതു വരേ അവൾ അന്യ സ്ത്രീയാണ്. നികാഹ് കഴിയാതെ വിവാഹം ഉറപ്പിക്കുക മാത്രമേ ചെയ്തുള്ളൂവെങ്കിൽ അവർ ഭാര്യാ ഭർത്താക്കളായിട്ടല്ല, പ്രത്യുത അന്യ സ്ത്രീ പുരുഷന്മാരായിട്ടാണ് ഇസ്ലാമിൽ പരിഗണിക്കപ്പെടുക (തുഹ്ഫ). അതിനാൽ ചോദ്യത്തിൽ പറഞ്ഞതടക്കം യാതൊന്നും ചെയ്യൽ ആ ഘട്ടത്തിൽ അനുദനിയമല്ല. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ അഥവാ തെറ്റുകൾ ചെയ്യാൻ മാതാപിതാക്കൾ അനുമതി നൽകുന്നത് തന്നെ തെറ്റാണ്. തെറ്റു ചെയ്യാൻ ആരു പറഞ്ഞാലും നിർബ്ബന്ധിച്ചാലും അവരെ അനുസരിക്കരുതെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്(ബുഖാരി, മുസ്ലിം, അഹ്മദ്). മാതാപിതാക്കൾ ഹലാലായ കാര്യങ്ങൾ ചെയ്യാൻ പറഞ്ഞാലാണ് അവരെ അനുസരിക്കൽ നിർബ്ബന്ധമാകുക (ഖുർത്വുബീ). നമ്മുടെ നാട്ടിൽ പക്ഷേ ഇതൊന്നും ഒരു പ്രശ്നമല്ലാത്ത അവസ്ഥയാണ്. ശറഇന്റെ വിധിവിലക്കുകൾ പാലിച്ചില്ലെങ്കിൽ അല്ലാഹുവിന്റെ പൊരുത്തവും ഭാവി ജീവിതത്തിൽ അല്ലാഹുവിന്റെ സഹായവും നിഷേധിക്കപ്പെടുമോയെന്ന് ഭയപ്പെടുന്നത് നല്ലതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.