ഞാൻ വിവാഹം കഴിച്ചിട്ട് 10 വര്ഷം കഴിഞ്ഞു ,ജീവിതം നല്ല നിലയിൽ പോകുന്നു രണ്ടു മക്കൾ ഉണ്ട് അൽഹംദു ലില്ലാഹ് !! എങ്കിലും രാത്രി കിടക്കുമ്പോൾ ഭാര്യ വിവസ്ത്ര ആയിട്ടോ ,അൽപ വസ്ത്രം ധരിച്ചിട്ടോ എന്നിലേക്കു വരണം എന്നും എന്റെ ആദ്യം മുതൽ ഉള്ള ആഗ്രഹം ആണ് ..അവളോട് ഒരുപാട് വട്ടം ഞാൻ ഇത് പറയുകയും ചെയ്തു ഇന്നുവരെ അവൾ അത് അനുസരിക്കാറില്ല ! ( അവളുടെ വസ്ത്രങ്ങൾ ഞാൻ അഴിക്കണം എന്നാണ് അവളുടെ ആഗ്രഹം എന്നതാണ് കാരണം പറയാറുള്ളത് ) എനിക്ക് ബന്ധപ്പെടാൻ ആഗ്രഹമുള്ള (പരസ്പരം കെട്ടിപ്പിടിച്ച ഉറങ്ങാൻ എങ്കിലും ആഗ്രഹം ഉള്ളപ്പോൾ ) പല ദിവസവും അവൾ ഉറക്കം ,അല്ലെങ്കിൽ രാവിലെ കുളിക്കുന്ന കാര്യം പറഞ്ഞോ സമ്മതിക്കാതെ ഇരിക്കുകയും ,അവൾക് വല്ലപ്പോഴും താല്പര്യം ഉള്ളപ്പോൾ ഞാൻ ഉറങ്ങിപോയാൽ ആ കുറ്റം എടുത്തു പറയുകയും ചെയ്യാറുണ്ട്, എനിക്ക് അവളോടും,അവൾക്ക് എന്നോടും സ്നേഹ കുറവ് ഒന്നും ഇല്ല എങ്കിലും മനസ്സിൽ അവളോട് ഇതിന്റെ പേരിൽ ഒരു തൃപ്തി കുറവവും ഉണ്ടാവാറുണ്ട് എന്താണ് പരിഹാരം? .

ചോദ്യകർത്താവ്

SAHODARAN

Jan 24, 2019

CODE :Par9088

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നബി (സ്വ) അരുൾ ചെയ്തു: ‘ഒരു സ്ത്രീ അഞ്ചു നേരം നിസ്കരിക്കുകയും റമളാനിൽ നോമ്പനുഷ്ഠിക്കുകുയും തന്റെ പാതിവൃത്യം കാത്തു സൂക്ഷിക്കുകയും തന്റെ ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ  അവരോട് സ്വർഗ്ഗത്തിലേക്ക് അതിന്റെ ഏത് വാതിലിലൂടേ വേണെമെങ്കലിലും നിങ്ങൾക്ക് പ്രവേശിക്കാം എന്ന് പറയപ്പെടും (ഇബ്നു ഹിബ്ബാൻ). ഭർത്താവിനെ അനുസരിക്കുകയെന്നാൽ ഭാര്യയുടെ പരലോക വിജയത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഉത്തരവാദിത്തമാണ്.

ഭർത്താവിനെ അനുസരിക്കൽ നിർബ്ബന്ധമായ പ്രധാനപ്പെട്ട ഒരു സ്ഥലം കിടപ്പറയാണ്. അവിടെ ഭർത്താവിന്റെ ക്ഷണം നിരസിക്കൽ ഹറാമാണ് (ശറഹു മുസ്ലിം).  നബി (സ്വ) അരുൾ ചെയ്തു.: ‘ഒരാൾ തന്റെ ഭാര്യയെ കിടപ്പറയിലേക്ക് ക്ഷണിച്ചിട്ട് ഭാര്യ അതിന് വിസമ്മതി്ച്ചാൽ നേരം പുലരും വരെ അവളെ മലക്കുകൾ ശപിച്ചു കൊണ്ടിരിക്കും’ (ബുഖാരി, മുസ്ലീം). മറ്റൊരിക്കൽ നബി (സ്വ) അരുൾ ചെയ്ത:. ‘ഒരാൾ തന്റെ ഭാര്യയെ തന്റെ വിരിപ്പിലേക്ക് ക്ഷണിച്ചിട്ട് ഭാര്യ അതിന് വിസമ്മതിക്കുകയും ഭർത്താവ് അവൾ വരാത്തതിലുള്ള കലിപ്പോടെ രാത്രി കഴിച്ചു കൂട്ടുകയും ചെയ്താൽ നേരം പുലരും വരേ അവളെ മലക്കുകൾ ശപിച്ചു കൊണ്ടിരിക്കും’ (ബുഖാരി, മുസ്ലിം). നബി (സ്വ) അരുൾ ചെയ്ത:. ‘മൂന്ന് വിഭാഗം ആളുകളുടെ നിസ്കാരം അവരുടെ തലക്ക് ഒരു ചാൺ മുകളിൽ ഉയരുകയില്ല (അഥവാ സ്വീകരിക്കപ്പെടുകയില്ല); ഒന്ന് ജനങ്ങൾ വെറുക്കുന്ന ഭരണാധികാരി, രണ്ട് ഭർത്താവുമൊത്ത് കിടപ്പറ പങ്കിടാതെ അവനെ ദേശ്യം പിടിപ്പിച്ച് രാത്രി കിടന്നുറങ്ങുന്ന ഭാര്യ, മൂന്ന് പരസ്പരം ഏറ്റുമുട്ടുന്ന സഹോദരങ്ങൾ എന്നിവരാണവർ’ (ഇബ്നു മാജ്ജഃ, ഹാകിം, ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാൻ). നബി (സ്വ) അരുൾ ചെയ്തു: ‘അല്ലാഹുവാണ് സത്യം, ഒരാൾ തന്റെ ഭാര്യയെ തന്റെ വിരിപ്പിലേക്ക് ക്ഷണിച്ചിട്ട് അവൾ വിസമ്മതിച്ചാൽ അവൾ അവനെ തൃപ്തിപ്പെടുത്തുന്നത് വരേ അല്ലാഹു അവളോട് ദേഷ്യത്തിലായിരിക്കും (സ്വഹീഹ് മുസ്ലിം).

ഭാര്യാ ഭർതൃ ബന്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശാരീരിക ബന്ധം. അക്കാര്യത്തിൽ ഭാര്യ ഭർത്താവിന്റേയും ഭർത്താവ് ഭാര്യയുടേയും താൽപര്യങ്ങളേയും വികാര വിചാരങ്ങളേയും പരിഗണിക്കൽ അവർ തമ്മിലെ മാനസിക അടുപ്പത്തിനും സ്നേഹവും സൌഹൃദവും വർദ്ധിക്കാനും കാരണമാകും. അല്ലെങ്കിൽ അത് അവർ തമ്മിലെ മാനസിക പൊരുത്തക്കേടിലും ചെറുതും വലുതുമായ അസ്വാരസ്യത്തിലും പസ്പരം താൽപര്യമില്ലായ്കയിലും അധാർമ്മിക ചിന്ത ഉടലെടുക്കുന്നതിലും സർവ്വോപരി ദാമ്പത്യ ബന്ധത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നതിലും കലാശിക്കാം. ഈ വിഷയത്തിൽ സ്ത്രീകളിൽ മനപ്പൂർവ്വമോ അല്ലാത്തതോ ആയ വിസമ്മതം സ്വാഭാവികമായി ഉണ്ടാകാം എന്നതിനാലാകം സത്യ വിശ്വാസിനികൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും അല്ലാഹുവിന്റെ കോപത്തിനും മലക്കുകളുടെ ശാപത്തിനും ഇരയാകരുതെന്നും നിസ്കരം പോലും അല്ലാഹുവിലേക്ക് ഉയത്തപ്പെടാത്ത ദുരന്തത്തിലകപ്പെടരുതെന്നും നബി (സ്വ) പല സന്ദർഭങ്ങളിലായി ഉണർത്തിയത്.  

എന്നാൽ ശർഇയ്യായ കാരണങ്ങളുണ്ടെങ്കിൽ വിസമ്മതിക്കുന്നതിന് വിരോധമില്ല. അതിൽ തന്നെ ആർത്തവം ഒരു കാരണമായി പരഗണിക്കപ്പെിടുകയില്ല. കാരണം ആർത്തവ സമയത്ത് ലൈംഗിക ബന്ധമല്ലാത്ത ശാരീരിക ബന്ധങ്ങളും മുട്ടു പൊക്കിളിനിടയിൽ വസ്ത്രത്തിനു മീതേയുള്ള സുഖാസ്വാദനവും അനുവദനീയമാണ് (ശറഹു മുസ്ലിം)

ചോദ്യത്തിൽ പറയപ്പെട്ടതും ഭാര്യയുടെ വിസമ്മതം ഭർത്താവിൽ വിരുദ്ധ വികാരങ്ങൾക്ക് കാരണമാകുന്നുവെന്നാണ്. വിഷയത്തിന്റെ ഗൌരവം ഭാര്യ ഭർത്താക്കൾ ശ്രദ്ധിച്ചാൽ വിഷയം എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂ. പല വീടുകളിലും പകലന്തിയോളം ഭാര്യ വീട്ടിൽ കഷ്ടപ്പെട്ട് നടുവൊടിഞ്ഞ് ഇനിയൊന്ന് തല ചായ്ചാൽ മതിയെന്ന് കരുതിയാകും  കിടപ്പറയിലേക്ക് വരിക. ക്ഷീണിച്ചവശയായ അവളുടെ നിസ്സഹായതയാണ് പലപ്പോഴും ഭർത്താക്കന്മരെ തൃപ്തിപ്പെടുത്താൻ കഴിയായത്ത അവസ്ഥ അവർക്കുണ്ടാക്കുന്നത്. ഈ ഒരു അശുഭകരമായ സാഹചര്യം നമ്മുടെ പരിസരങ്ങളിൽ സാർവ്വത്രികമാണ്. ഇത് പരിഹരിക്കപ്പെടാൻ രണ്ടു കൂട്ടരും ശ്രമിക്കേണ്ടതുണ്ട്. നിത്യവും ചെയ്യുന്ന ജോലിയാകുമ്പോൾ അത് വ്യക്തമായ ഒരു പ്ലാനോട് കുൂടി ചെയ്താൽ ഒരു പരിധി വരേ ഈ അവസ്ഥക്ക് മാറ്റം വരും തലേന്ന് തന്നെ പിറ്റേന്ന് ചെയ്യാനുള്ള പ്ലാൻ തയ്യാറാക്കണം. എന്നാൽ വിശ്രമിക്കാനും മാനസികോല്ലാസത്തിനും സമയം കിട്ടും. അതിന് ഭാര്യമാർ ശ്രമിക്കണം. അതു പോലെ വീട്ടിൽ ഭാര്യമാരുടെ സമയം കൂടുതൽ കവർന്നെടുക്കുന്ന ജോലികൾ മനസ്സിലാക്കി അതിൽ ചിലതെങ്കിലും ഒഴിവനുസരിച്ച് ഭർത്താവും ഷെയർ ചെയ്ത് അവരുടെ ഭാരം കുറക്കുകയും ഭർത്താവ് തന്നെ ഏറേ പരിഗണിക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കുകയും വേണം. അതു പോലെ വീട്ടിൽ അതിഥികൾ വരിക, അത്യാവശ്യത്തിന് ആശുപത്രിയിലേക്കോ കല്യാണത്തിനോ മറ്റോ പുറത്ത് പോകുക തുടങ്ങിയ കാര്യങ്ങളുണ്ടാകുമ്പോൾ വീട്ടു ജോലികൾ പലതും ബാക്കിയാകുകുയും രാത്രി സമയങ്ങളിൽ  അവർ കൂടുതൽ പ്രതിരോധത്തിലാകുകയും ചെയ്യുക. ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കി ഭർത്താക്കന്മാർ അവരെ കഴിയുന്നത്ര സഹായിക്കാൻ ശ്രമിക്കണം.  ഭർത്താക്കന്മാർ പകലന്തിയോളം അധ്വാനിച്ച് ക്ഷീണിച്ച് വീട്ടിൽ വരുന്നവരാണെന്നറിയാം. എന്നാൽ  ഓരോ ദിവസവും ദഅ് വത്തും തസ്കിയത്തും ജനങ്ങളുടെ പ്രശ്ന പരിഹാരങ്ങളും അടക്കം ധാരാളം കാര്യങ്ങളിൽ കഠിനാധ്വാനം ചെയ്ത് വീട്ടിലെത്തിയിരുന്ന  നബി (സ) വീട്ടിലെ എല്ലാ ജോലികളിലും ഭാര്യമാരെ സഹായിച്ചിരുന്നു. അല്ലാതെ രാത്രി നേരെ വീട്ടിൽ കയറി വീട്ടിൽ നടക്കുന്നതൊന്നും അറിയാതെ തന്റെ കാര്യങ്ങളിൽ മാത്രം മുഴുകി രാത്രി ഭക്ഷണം കഴിച്ച് നേരേ കിടപ്പറയിലേക്ക് പോയി ഭാര്യമാരെ പ്രതീക്ഷിച്ച് കിടക്കുന്ന പതിവായിരുന്നില്ല റസൂൽ (സ്വ)യുടേത്.. പുരുഷന്മാർ എത്ര ക്ഷീണിച്ച് വീട്ടിലേക്ക് കയറി വന്നാലും പ്രകൃതി പരമായി പുർഷന്മാരേക്കാൾ പല കാര്യങ്ങളിലും പരിമിതികളുള്ള സ്ത്രീകളുടെ പ്രയാസങ്ങളും ക്ഷീണവും കണ്ടറിഞ്ഞ്  സന്തോഷത്തടെ സഹായിച്ച് കൊടുക്കണം എന്നൊരു സന്ദേശം ഈ പ്രവാചക മാതൃകയിലുണ്ട്..

ചുരുക്കത്തിൽ ഭാര്യാ ഭർത്താക്കൾ പരസ്പരം കണ്ടറിഞ്ഞ് പ്രവർത്തിച്ചും അപരന്റെ പ്രയാസങ്ങളും പരിമിതികളും കണ്ടറിഞ്ഞ് സഹായിച്ചും എപ്പോഴും തന്നോട് താൽപര്യം തോന്നുംവിധം പരസ്പരം പെരുമാറിയും പങ്കാളിയുടെ വീഴ്ചകളും പോരായ്മകളും പരമാവാധി വിട്ടു വീഴ്ച ചെയ്തും രണ്ട് പേർക്കുമുള്ള ശർഇയ്യായ കടമകൾ യഥാവിധി നിർവ്വഹിക്കുന്ന കാര്യത്തിൽ അല്ലാഹുവിനെ ഭയപ്പെട്ടും സ്നേഹവും കാരുണ്യവും  അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നത് കിടപ്പറയിൽ മാത്രമാക്കി ഒതുക്കാതെ സമയം കിട്ടുമ്പോഴൊക്കെ സൌഹൃദത്തിലും സന്തോഷത്തിലും ഇടപഴകിയും ‘എത്രയും പെട്ടെന്ന് രാത്രിയായിരുന്നെങ്കിൽ’ എന്ന് രണ്ടു പേരും നിത്യവും കൊതിക്കുന്ന സാഹചര്യം ഉണ്ടാക്കണം. ജീവിതത്തിലുടനീളം നാം ആഗ്രഹിക്കുന്നത് പോലെ സ്നേഹവും സന്തോഷവും പുത്തുല്ലസിക്കുന്ന ദാമ്പത്യ വസന്തം അല്ലാഹു തആലാ എല്ലാവരിലും വർഷിക്കട്ടേ..

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter