വിഷയം: പിതാവ് വാങ്ങിത്തന്ന ലാപ്ടോപ് പിതാവറിയാതെ വിൽക്കൽ
വാപ്പ എനിക്ക് വാങ്ങി നൽകിയ ലാപ്ടോപ് വാപ്പയുടെ അനുവാദം ഇല്ലാതെ വിൽക്കുന്നതിന്റെ വിധി?
ചോദ്യകർത്താവ്
Muhammed Shafi
Nov 4, 2019
CODE :Fin9501
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
ഇവിടെ രണ്ടു കാര്യങ്ങൾ പരാമർശിക്കേണ്ടിയിരിക്കുന്നു. ഒന്നു പിതാവിന്റെ മക്കിളിലുള്ള അധികാരം, രണ്ടാമത്തേത് പിതാവിന്റെ പൊരുത്തം.
ഒന്നാമതായി താങ്കൾ ഇപ്പോഴും പിതാവിന്റെ രക്ഷാ കർതൃത്വത്തിൽ തന്നെയാണ് കഴിയുന്നത് എങ്കിൽ അഥവാ താങ്കളുടെ ഭക്ഷണവും താമസവും വിദ്യാഭ്യാസവും അടക്കമുള്ള എല്ലാ ചെലവും വഹിക്കുന്നതും താങ്കളെ പരിപാലിക്കുന്നതും താങ്കളുടെ പ്രിയ പിതാവാണെങ്കിൽ അദ്ദേഹം താങ്കൾക്ക് കൂടുതൽ അറിവു നേടാൻ വേണ്ടി തന്ന ഈ ലാപ്ടോപ്പ് ബോധപൂർവ്വം കേടു വരുത്താനോ പിതാവിന്റെ സമ്മതമില്ലാതെ വിൽക്കാനോ മറ്റോ പാടില്ല. കാരണം താങ്കളുടെ കാര്യങ്ങളെല്ലാം പിതാവിന്റെ ഉത്തരവാദിത്തത്തിലാണ് നടന്നു പോകുന്നത്. അതിനാൽ താങ്കളുമായി ബന്ധപ്പെട്ട കാര്യത്തിൽ പിതാവിനോട് താങ്കൾക്ക് ഉത്തരവാദിത്തമുണ്ട്. നബി (സ്വ) അരുൾ ചെയ്തു: “ഒരു പുരഷന് തന്റെ വീട്ടുകാരുടെ കാര്യത്തിൽ അഥവാ താൻ ചെലവ് കൊടുക്കുന്നവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അധികാരം നൽകപ്പെട്ടിട്ടുണ്ട്. ആ ഉത്തരവാദിത്തം നിറവേറ്റിയോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കപ്പെടും” (സ്വഹീഹുൽ ബുഖാരീ). അത് കൊണ്ട് തന്നെ താൻ മകന് കൊടുത്ത ലാപ്ടോപ് അല്ലാഹു അനുവദിച്ച കാര്യത്തിൽ തന്നെ അവൻ ഉപയോഗിക്കുന്നുണ്ടോ, അത് കേടുവരുത്തുന്നുണ്ടോ, താനറിയാതെ അത് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോയെന്നൊക്കെ അറിയാനും അറിയിക്കപ്പെടാനുമുള്ള അർഹതയുണ്ട്. മഹാനായ അബ്ദുല്ലാഹിബിനു ഉമർ (റ) പറയുമായിരുന്നു: “പിതാവിന് മക്കളുടെ കാര്യത്തിൽ ഉത്തരവാദത്തമുള്ളത് പോലെ മക്കൾക്ക് പിതാവിന്റെ കാര്യത്തിലും ഉത്തരവാദിത്തമുണ്ട്” (കിതാബുസ്സുഹ്ദ്). ആ ഉത്തരവാദിത്തം മറന്നു കൊണ്ട് തന്നിഷ്ടം പ്രവർത്തിക്കാൻ മക്കൾക്ക് അനുവാദമില്ല.
ഇനി താങ്കൾ ഇപ്പോൾ പിതാവിന്റെ ചെലവിലും രക്ഷാ കർതൃത്വത്തിലും പരിപാലനത്തിലുമല്ല ഉള്ളത്. സ്വന്തമായി ജോലിയും കൂലിയും കുടുംബവും താമസവും ഒക്കെയുണ്ട്. അങ്ങനെ സ്വയം പര്യാപ്തനായ താങ്കൾക്കാണ് പിതാവ് ലാപ്ടോപ്പ് സമ്മാനിച്ചതെങ്കിൽ അത് വിൽക്കുന്ന സമയത്ത് പിതാവിന്റെ ആ വിഷയത്തിലുള്ള മാനസികാവസ്ഥ മനസ്സിലാക്കൽ അത്യവാശ്യമാണ്. കാരണം ആ പിതാവ് താങ്കൾക്ക് തന്നത് കേവലം ഒരു ലാപ്ടോപ്പായിട്ട് മാത്രമേ താങ്കൾക്ക് ഒരു പക്ഷേ തോന്നിയിട്ടുണ്ടാകുകയുള്ളൂ. യഥാർത്ഥത്തിൽ താങ്കൾക്ക് ഇപ്പോൾ അത്ര വില തോന്നാത്ത ആ വസ്തു പിതാവ് തരുമ്പോൾ അദ്ദേഹം തന്റെ കരൾ കൂടി പറിച്ചെടുത്ത് അതിൽ പതിച്ചിട്ടുണ്ടാകാം. പക്ഷേ മക്കൾക്ക് വേണ്ടി ഉരുകിയെരിയുന്ന ഒരു പിതാവും മക്കളെ അതൊന്നും അറിയിക്കാറില്ല. അതിനാൽ ഗുപ്ത സ്നേഹത്തിന്റെ പ്രതിരൂപമായ പിതാവറിയാതെ മകൻ അത് വിൽക്കുമ്പോൾ ആ മനസ്സ് നൊന്ത് പോകാൻ സാധ്യതയുണ്ടെങ്കിൽ നിർബ്ബന്ധമായും അദ്ദേഹത്തെ അറിയിക്കുകയും അക്കാര്യം ബോധ്യപ്പെടുത്തുകയും വേണം. കാരണം അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: “പിതാവിന്റെ പൊരുത്തത്തിലാണ് അല്ലാഹുവിന്റെ പൊരുത്തം കുടികൊള്ളുന്നത്, അല്ലാഹുവിന്റെ വെറുപ്പ് പിതാവിന്റെ വെറുപ്പിലും” (തിർമ്മിദീ). അതിനാൽ പിതാവിന് അനിഷ്ടമുണ്ടായാൽ അല്ലാഹുവിന് സഹിക്കില്ലെന്നോർക്കണം. മഹാനായ അബുദ്ദർദാഅ് (റ) പറയുന്നു: നബി(സ്വ) പറയുന്നത് ഞാൻ കേട്ടു. “സ്വർഗ കവാടങ്ങളിൽ മധ്യത്തിലുള്ള കവാടമാണ് പിതാവ്. അതിനാൽ ആ കവാടം നിനക്ക് വേണോ അതോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് നീയാണ്” (തിർമ്മിദീ).
എന്നാൽ ചില പിതാക്കൾ അവർ നമുക്ക് തരുന്ന വസ്തുക്കൾ അവർ അറിയാതെ നാം വിറ്റ് അതിനേക്കാൾ മികച്ചത് വാങ്ങുന്നതിനോ ആ പണം മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുന്നതിനോ എതിർപ്പില്ലാത്തവരായിരിക്കാം. അതൊക്കെ മക്കളുടെ ഇഷ്ടം പോലെ നടക്കട്ടേ എന്ന് ചിന്തിക്കുന്നവരാകാം. അത്തരം ഒരു പിതാവാണ് താങ്കിൾക്കിത് തന്നതെങ്കിൽ താങ്കൾ പറഞ്ഞത് പോലെ ചെയ്യുന്നതിന് വിരോധവുമില്ല. ഏതായാലും മാതാപിതാക്കളുമായി ബന്ധപ്പെട്ട വിഷയം മക്കൾ കൈകാര്യം ചെയ്യുമ്പോൾ നൂറ്റൊന്നു തവണ ആലോചിച്ചും ശ്രദ്ധിച്ചും വേണം ചെയ്യാൻ. കാരണം വല്ല കാരണത്താലും നാം കാരണം മനം നൊന്ത് അവർ അല്ലാഹുവിനോട് കൈകളുയർത്തിയാൽ അല്ലാഹു അത് സ്വീകരിക്കും (അബൂദാവൂദ്) അതോടെ നാം വീണു പോകും. മാതാപിതാക്കൾക്ക് ഗുണം ചെയ്ത് അല്ലാഹുവിന്റെ പൊരുത്തം സമ്പാദിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടേ...
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.