ആൺകുട്ടികള്‍ക്ക് ചേലാകർമ്മം ചെയ്യേണ്ടത് എത്രാമത്തെ വയസ്സിലാണ്?
ചോദ്യകർത്താവ്
Mujeeb
Mar 25, 2020
CODE :Par9651
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നബി(സ്വ) പറഞ്ഞു: “അഞ്ചു കാര്യങ്ങള്‍ ഫിത്വ്’റത്തില്‍ പെട്ടതാണ്. ചേലാകര്‍മ്മം, ഗുഹ്യാവയവങ്ങളിലെ രോമം വടിക്കല്‍, കക്ഷത്തിലെ രോമം പറിക്കല്‍, നഖം വെട്ടല്‍, മീശ ചെറുതാക്കല്‍ എന്നിവയാണാ അഞ്ചു കാര്യങ്ങള്‍.” (ബുഖാരി: 5891, മുസ്ലിം: 257).
പുരുഷന്മാര്‍ക്ക് ചേലാകര്‍മ്മം നിര്‍ബന്ധമാണ്. എന്നാല്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ളവരോട് മാത്രമേ ശറഇന്‍റെ കല്‍പ്പനകള്‍ ബന്ധിക്കൂ എന്നതിനാല്‍ ബുദ്ധിയുള്ല പുരുഷന് പ്രായപൂര്‍ത്തിയാകുന്നതോടെയാണ് ചേലാകര്‍മം നിര്‍ബന്ധമാകുന്നത്. എന്നാല്‍ ചേലാക്കര്‍മം ചെയ്യുന്നത് മൂലം എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് ഭയക്കുന്നുണ്ടെങ്കില്‍ ആ അപകടം തരണം ചെയ്യുമെന്ന മികച്ച ധാരണയുണ്ടാകുന്നത് വരെ പിന്തിപ്പിക്കേണ്ടതാണ് (തുഹ്ഫ 9-233)
ചേലാകര്‍മം നടത്തുകയെന്ന നിര്‍ബന്ധബാധ്യത പ്രായപൂര്‍ത്തിയാകുമ്പോഴേ ഉള്ളൂവെങ്കിലും കുട്ടിയുടെ രക്ഷിതാവിന് അത് നേരത്തെ ചെയ്തുകൊടുക്കല്‍ സുന്നത്തുണ്ട്. പ്രസവദിവസം ഒഴിച്ചുള്ള ഏഴാമത്തെ ദിവസം ചെയ്യലാണ് ഏറ്റവു നല്ലത്. അതിന് മുമ്പ് ചെയ്യല്‍ കറാഹത്താണ്. ഏഴാം ദിവസം ചെയ്തില്ലെങ്കില്‍ പിന്നെ നാല്‍പതാമത്തെ ദിവസവും അന്ന് ചെയ്തില്ലെങ്കില്‍ ഏഴാം വയസില്‍ ചെയ്യലുമാണ് ഉത്തമം. കാരണം ഏഴാം വയസ് നിസ്കാരം കൊണ്ട് കല്‍പിക്കപ്പെടുന്ന സമയമാണല്ലോ (തുഹ്ഫ 9-234)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.