ഖുര്‍ആന്‍ പരിഭാഷയും വാക്കര്‍ത്ഥവും വിവരണവും ഉള്‍ക്കൊള്ളുന്ന ഒരുപാട് ഗ്രന്ഥങ്ങള്‍ കാണാന്‍ സാധിക്കുന്നു. പക്ഷേ കൂടുതലും ഇസ്ലാഹി-സലഫീ ഭാഗത്തു നിന്നുള്ളതാണ്. ഇത്തരത്തിലുള്ള സുന്നീ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്താമോ? പെട്ടെന്ന് വാങ്ങാനുദ്ദേശിക്കുന്നു.
ചോദ്യകർത്താവ്
അബ്ദുല്‍ വദൂദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അഹ്‍ലുസ്സുന്നത്തിന്‍റെ ആശയാദര്‍ശങ്ങള്‍ക്കനുയോജ്യമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ ധാരാളമായി ഇന്നു മലയാളത്തിലുണ്ട്. പല സംഘടനകളും വ്യക്തികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ് (ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്സീറില്‍ ഖുര്‍ആന്‍).
സാഹിത്യതറവാട്ടിലെ കാരണവരും സുന്നത്ത് ജമാഅത്തിന്റെ പ്രഗല്‍ഭ പണ്ഡിതനും മുപ്പത് വര്‍ഷമായി സമസ്തയുടെ സെക്രട്ടറിയുമായിരുന്ന മൗലാനാ കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ ധൈര്യപൂര്‍വ്വം ഈ സേവനരംഗത്തേക്ക് കടന്നുവരുകയായിരുന്നു. ആദ്യവോള്യം 1970 ല്‍ സ്വന്തം പുറത്തിറക്കിയെങ്കിലും യു.എ.ഇയിലെ അല്‍ ഐല്‍ സുന്നി യൂത്ത് സെന്ററിന്റെ സാമ്പത്തിക സഹായത്തോടെ നിലവില്‍ വന്ന സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ പരിഭാഷയുടെ പ്രസിദ്ധീകരണ ചുമതല മുഴുവനും ഏറ്റെടുത്തു. ഇതിനിടെ എസ് പി സി നാല് വോള്യങ്ങളായി ആ പരിഭാഷ പുറത്തിറക്കുകയുണ്ടായി. ഇതോടെ സുന്നത്ത് ജമാഅത്തിന്റെ ചിന്താഗതികള്‍ക്കനുസൃതമായി ഖുര്‍ആന്‍ വിശദീകരിക്കുന്ന ഒരു ഉന്നത മലയാള തഫ്‌സീറാണ് മുസ്‌ലിം കേരളത്തിന് ലഭിച്ചിരിക്കുന്നത്. കെ. ഉമര്‍ മൗലവിയുടെയും സി.എന്നിന്റെയും മറ്റു നവീന പരിഭാഷാ കര്‍ത്താക്കളുടെയും അടിബലമില്ലാത്ത വാദഗതികളെയും ദുര്‍വ്യാഖ്യാനങ്ങളെയും അതിശക്തമായി എതിര്‍ക്കുകയും മഹാന്മാരായ സ്വഹാബത്തിന്റെയും താബിഉകളുടെയും വീക്ഷണങ്ങള്‍ സമര്‍ത്ഥിക്കുകയും ചെയ്യുന്ന കെ.വിയുടെ ‘ഫതഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍’ സലഫുസ്സ്വാലിഹുകളുടെ തഫ്‌സീരിന്റെ മലയാള നിദര്‍ശനമായി നമുക്ക് സ്വീകരിക്കാം.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.