പ്രതിഷേധവും രാജ്യദ്രോഹമാവുമ്പോള്‍

"രാജ്യത്തോടുള്ള സ്നേഹമെന്നതിന് അവിടുത്തെ ഗവൺമെന്റിനോടുള്ള വിധേയത്വമെന്ന് അർത്ഥമില്ല" പൗലോ കൊയ്‌ലോ 

രാജ്ദീപ് സർദേശായി, വിനോദ് ജോസ്, അനന്ദു നാഥ്‌, മഹേഷ് നാഥ്‌, നടാഷ നർവാൾ, മീരാൻ ഹൈദർ, ഉമർ ഖാലിദ്, ഖാലിദ് സൈഫി... സമീപ കാലത്തായി മഹാ ഭാരതത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാജ്യ സ്നേഹ മത്സരത്തിൽ ഐ.പി.സി 124 പ്രകാരം എലിമിനേറ്റ് ആയ അനേകം പേരുകളിൽ ചിലതാണിത്. ഇവരുടെ അയോഗ്യതക്കുള്ള ഏതാനും കാരണങ്ങൾ പറയാം. രാജ്യം ഭരിക്കുന്നവരുടെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിക്കുക, ജനാധിപത്യ മൂല്യങ്ങളെ കുറിച്ച് ഗവണ്മെന്റിനെ ഇടക്കിടക്ക് ഓർമ്മപ്പെടുത്തുക, നിയമ നിർവ്വഹണത്തിൽ ഗവണ്മെന്റിനുണ്ടായ വീഴ്ചകളെ കുറിച്ച് പൗരന്മാരെ ബോധ്യപ്പെടുത്തുക. ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ ജനാധിപത്യ ബോധമുള്ള ഏത് പൗരനും ഉണ്ടാവാനിടയുള്ള 'ദുർഗുണ'ങ്ങളാണിവ. മറ്റൊരർത്ഥത്തിൽ കൊളോണിയൽ ഇന്ത്യയിൽ ഇത്തരം ദുർഗുണങ്ങൾക്ക് നല്കപ്പെട്ടിരുന്നതേക്കാൾ വീര്യമുള്ള അംഗീകാരമാണ് നടേ പറയപ്പെട്ടവർക്കെല്ലാം പുതിയ ഇന്ത്യ നൽകുന്നത്. ഭരണഘടന എത്രമേൽ ഭീദിതമായാണ് ലംഘിക്കപ്പെടുന്നതെന്നും ഭരണകൂടം ജനാധിപത്യത്തിൽ എത്ര ദൂരെയാണ് നിൽക്കുന്നതെന്നും ഐ.പി.സി 124 സെഡിഷൻ നിയമപ്രകാരം അറസ്റ്റിലാവുകയും കേസ് നിലനിൽക്കുകയും ചെയ്തവരുടെ കണക്ക് മാത്രം മതിയാകും. 

ഈ അയോഗ്യതയുടെ യോഗ്യതയിൽ അനൗദ്യോഗിക രാജ്യദ്രോഹപ്പട്ടം ലഭിച്ച അവസാനത്തെ ആളാണ് പ്രമുഖ മാധ്യമപ്രവർത്തകനായ വിനോദ് ദുവ. 1996 ൽ രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം അവാർഡും 2008 ൽ പത്രപ്രവർത്തനത്തിനുള്ള പത്മശ്രീ അവാർഡും ലഭിച്ചയാൾ. പൗരത്വ പ്രക്ഷോഭം അടിച്ചമർത്താൻ 2020ൽ ഡൽഹിയിൽ അരങ്ങേറിയ മുസ്​ലിം വിരുദ്ധ കലാപത്തെ കുറിച്ച്​ തയാറാക്കിയ റി​േപ്പാർട്ടിൽ തെരഞ്ഞെടുപ്പ്​ ജയിക്കാൻ മോഡി മൃതദേഹങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിക്കുന്നുവെന്ന് പറഞ്ഞതിനാണ് അദ്ദേഹത്തിനെതിരെ ക്ലിഷേ ഉമ്മാക്കിയുമായി രാജ്യസ്നേഹികൾ ഉറഞ്ഞ് തുള്ളിയത്. ഈ പരാമർശം പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാറിനെയും അപമാനിക്കുന്നതാണെന്ന്​ ചൂണ്ടിക്കാണിച്ച് ബി.ജെ.പി നേതാവ്​ അജയ്​ ശ്യാമാണ്​ പരാതിപ്പെട്ടത്​. തുടർന്ന്​​ ഹിമാചൽ പ്രദേശ് പൊലീസ്​ ദുവക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് വരെയെത്തി കാര്യങ്ങൾ. ഒരു പ്രതിഷേധത്തെ പോലും ഭരണകൂടം ഭയക്കുന്നുവെന്ന കാര്യം അവർക്ക് വിടാം. എന്നാൽ, പ്രതിഷേധത്തിന്റെ ശമ്പളം രാജ്യദ്രോഹം എന്ന അപ്രഖ്യാപിതവും അസംസ്കൃതവുമായ നയം നൽകുന്ന സന്ദേശമെന്താണ്? സമാനമായ അനേകം ഉദാഹരണങ്ങൾ തടവിൽ കിടക്കുന്നത് കൊണ്ടാണ്  പുതിയ ഇന്ത്യക്കൊപ്പം റിപ്പബ്ലിക് എന്ന് ഉറക്കെ പറയാൻ മനസ്സ് പാകപ്പെടാതിരിക്കുന്നത്.

കാര്യമിങ്ങനെയാണെങ്കിലും ദുവയുടെ കാര്യത്തിൽ പരമോന്നത കോടതി കാണിച്ച ധൈര്യം ഇത്തരുണത്തിൽ പറയാതെ വയ്യ. രാജ്യദ്രോഹക്കേസ്​ റദ്ദാക്കിയതോടൊപ്പം  പ്രധാനമന്ത്രിയെ വിമർശിക്കുന്നത്​ രാജ്യദ്രോഹമായി കണക്കാക്കാൻ സാധിക്കില്ലെന്ന നിരീക്ഷണം ​പ്രത്യാശയാണെന്ന പോലെ ഭരണപക്ഷ താത്പര്യങ്ങൾക്ക് രാഷ്ട്ര പ്രതീകങ്ങൾ വിധേയരാവുന്നുവെന്ന വിമർശനം ഉയരുന്ന നിലക്ക് രാഷ്ട്രീയ പ്രസക്തവുമാണ് ഇപ്പോൾ. പക്ഷെ, അപ്പോഴും ഭരണതലങ്ങളിൽ മാധ്യമപ്രവർത്തകർക്ക്​ രാജ്യദ്രോഹ​ കേസിൽനിന്ന്​ സംരക്ഷണം വേണമെന്ന കോടതി നിരീക്ഷണം അപൂർണ്ണമാണെന്ന ആശങ്ക എങ്ങനെ കാണാതിരിക്കും. വിദ്യാർത്ഥികളടക്കമുള്ള സാധാരണ പൗരന്മാരുടെ ജനാധിപത്യവും സർഗ്ഗാത്മകവുമായ  പ്രതിഷേധങ്ങൾക്ക് ചെവി കൊടുക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം കോടതി ആർക്കാണ് ബാക്കി വക്കുന്നത്?

സുപ്രീം കോടതി എന്ന പരമോന്നത പ്രതീക്ഷ തന്നെയാണ് അനേകംഅനൗദ്യോഗിക രാജ്യദ്രോഹികളെ ഇപ്പോഴും ഇന്ത്യരായി നിൽക്കാൻ പ്രേരിപ്പിക്കുന്നത്. ദുവയുടെ കാര്യത്തിലെന്ന പോലെ ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭ കാലത്തും കർഷക പ്രക്ഷോഭ കാലത്തും രാജ്യദ്രോഹപ്പട്ടം കിട്ടി തടവിലേക്കയക്കപ്പെട്ടവർക്കും കോടതിയുടെ നിരീക്ഷണത്തിലിടമുണ്ടാവണം. കൂടെ, മൗനത്തിന്റെ ശമ്പളം പറ്റി ജീവിക്കാതെ മാധ്യമ ധർമ്മത്തിന്റെ മാഹാത്മ്യമേറ്റിയ ദുവ ആ പ്രതീക്ഷയ്ക്ക് ഊന്നായി നിൽക്കുകയുമാവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter