മത പ്രമാണങ്ങളുടെ കാലിക വായന അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാവരുത് - ഡോ. അലി അല്‍ഖറദാഗി

ഇസ്‍ലാമിക ശരീഅത് സമഗ്രമാണെന്നും വിവിധ കാലങ്ങളില്‍ പുതുതായി ഉണ്ടാവുന്ന വിഷയങ്ങളുടെ വിധികള്‍ അതില്‍ നിന്ന് കണ്ടെത്തേണ്ടത്, അതത് കാലങ്ങളിലെ പണ്ഡിതരുടെ ധര്‍മ്മമാണെന്നും, ലോക മുസ്‍ലിം പണ്ഡിത സഭാ ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‍യിദ്ദീന്‍ അല്‍ഖറദാഗി അഭിപ്രായപ്പെട്ടു. Islamonweb.net ഇംഗ്ലീഷ് പതിപ്പിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിഷ്കരണങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നതല്ല ഇസ്‍ലാമിക വിജ്ഞാനീയങ്ങള്‍. അതേ സമയം, ഇസ്‍ലാം മുന്നോട്ട് വെക്കുന്ന അടിസ്ഥാന തത്വങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം ഗവേഷണങ്ങളൊക്കെയും. അല്ലാത്തവയെല്ലാം വികലമായ പരിഷ്കരണങ്ങളായേ കാണാനൊക്കൂ. മൌലിക ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങള്‍ എല്ലാ കാലത്തും നടക്കേണ്ടതാണ്. അത് നടത്തുകയും അതിലൂടെ തങ്ങള്‍ വസിക്കുന്ന സാഹചര്യവും ചുറ്റുപാടുകളും മനസ്സിലാക്കി, നൂതന വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടത് ഓരോ കാലത്തെയും പ്രാപ്തരായ പണ്ഡിതരുടെ ധര്‍മ്മമാണ്, അദ്ദേഹം വ്യക്തമാക്കി.

ഇസ്‍ലാമിന്റെ യഥാര്‍ത്ഥ മുഖം പ്രകടമാവുന്നത് അത് മുന്നോട്ട് വെക്കുന്ന ജീവിത മൂല്യങ്ങളിലൂടെയും സ്വഭാവഗുണങ്ങളിലൂടെയുമാണെന്നും കര്‍മ്മ ശാസ്ത്രത്തിന് തുല്യമോ അതിലുപരിയോ ആയ പ്രാധാന്യം മുസ്‍ലിം സമൂഹം ജീവിത മൂല്യങ്ങള്‍ക്ക് നല്കണമെന്നും, വെബിനാറില്‍ പങ്കെടുത്ത അമേരിക്കയിലെ മദീന ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. മുഹമ്മദ്‌ ബിന്‍ യഹ്‍യാ അല്‍നിനോവി അഭിപ്രായപ്പെട്ടു.

ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‍വി, ഖത്തര്‍ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ഇബ്റാഹീം സൈന്‍,  ഇന്റര്‍നാഷണല്‍ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ഓഫ് മലേഷ്യ അസി. പ്രൊഫസര്‍ ഡോ. സയ്യിദ് മുഹമ്മദ് മുഹ്സിന്‍ ഹുദവി, സൌദി അറേബ്യയിലെ യാമ്പു യൂണിവേഴ്സിറ്റി കോളേജ് അസി. പ്രൊഫസര്‍ ഡോ. ശഫീഖ് ഹുസൈന്‍ ഹുദവി എന്നിവരും വെബിനാറില്‍ പങ്കെടുത്തു സംസാരിച്ചു.

ഇസ്‍ലാമിക പ്രമാണങ്ങളുടെ സമകാലിക വായന എന്ന വിഷയത്തിലായിരുന്നു വെബിനാര്‍. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഇസ്‍ലാം ഓണ്‍വെബ് ഇംഗ്ലീഷ് വെബ്സൈറ്റും നൂറാം വാര്‍ഷികം ആഘോഷിക്കുന്ന താനൂര്‍ ഇസ്‍ലാഹുല്‍ അറബിക് കോളേജും ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിച്ചത്.  ഇസ്‍ലാം ഓണ്‍വെബ് സി.ഇ.ഒ ഫൈസല്‍ നിയാസ് ഹുദവി ആമുഖ ഭാഷണവും ഇസ്‍ലാഹുല്‍ ഉലൂം വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ഇസ്‍മാഈല്‍ ഹുദവി ഉപസംഹാരവും നിര്‍വഹിച്ചു. സി.ഒ.ഒ മജീദ് ഹുദവി വെബിനാര്‍ ആദ്യാന്തം നിയന്ത്രിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter