ഗുണകാംക്ഷ വിശ്വാസിയുടെ ലക്ഷണം
അബ്ദുല്‍ ഗഫൂര്‍ മോര്യ
നബിതിരുമേനി(സ) പറഞ്ഞു: ''മതം ഗുണകാംക്ഷയാണ്.'' സ്വഹാബത്ത് ചോദിച്ചു: ''ആരോടൊക്കെയാണ്?'' പ്രവാചകര്‍ പ്രതിവചിച്ചു: ''അല്ലാഹുവോടും അവന്റെ കിതാബിനോടും പ്രവാചകനോടും മുസ്‌ലിംകളിലെ കൈകാര്യ കര്‍ത്താക്കളോടും, ജനങ്ങളോടും.'' (മുസ്‌ലിം) സര്‍വമനുഷ്യരോടും ഗുണകാംക്ഷയാണ് ഇസ്‌ലാം വിഭാവനംചെയ്യുന്നത്. പ്രഥമമായി നബി(സ) പറഞ്ഞത് അല്ലാഹുവിനോടുള്ള ഗുണകാംക്ഷയാണ്. അല്ലാഹുവില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിക്കുക, അവന്റെ ഏകത്വത്തെ അംഗീകരിക്കുക, അവനനുയോജ്യമല്ലാത്ത കാര്യങ്ങളില്‍ നിന്ന് അവനെ പരിശുദ്ധനാക്കുക, അവന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളുക, അവന്റെ ആജ്ഞകള്‍ അനുവര്‍ത്തിക്കുക, വിരോധിച്ച കാര്യങ്ങള്‍ വര്‍ജിക്കുക  തുടങ്ങിയവ അല്ലാഹുവിനോടുള്ള ഗുണകാംക്ഷയില്‍ പെടുന്നു. വിശുദ്ധ ഖുര്‍ആന്റെ അമാനുഷികത അംഗീകരിക്കുക, അതിനെ ബഹുമാനിക്കുക, മറ്റു ഗ്രന്ഥങ്ങളോട് അതിനെ സാദൃശ്യപ്പെടുത്താതിരിക്കുക, അതിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക,  ഏകാഗ്രതയോടെ പാരായണം പതിവാക്കുക -ഇപ്രകാരമാണ് ഖുര്‍ആനോടുള്ള ഗുണകാംക്ഷ. അല്ലാഹുവിന്റെ പ്രവാചകന്റെ മാതൃക പിന്തുടരുക, അവിടുത്തെ ചര്യ പ്രചരിപ്പിക്കുക, പ്രവാചകനെ സ്‌നേഹിക്കുക, അവിടുത്തെ വിജ്ഞാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുക. തിരുദൂതരോടുള്ള ഗുണകാംക്ഷ ഇങ്ങനെ പോവുന്നു.
ഭരണകര്‍ത്താക്കളെ അനുസരിക്കുക, അവര്‍ക്ക് നന്‍മ ചെയ്യുക, അവരുടെ ന്യൂനതകള്‍ മറച്ചുവെക്കുക തുടങ്ങിയവ മുസ്‌ലിം നേതൃത്വത്തോടുള്ള ഗുണകാംക്ഷയില്‍ പെടുന്നു. ഈ ഹദീസില്‍ നബി(സ) അവസാനമായി പറഞ്ഞതും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഒന്നാണ് സാധാരണ ജനങ്ങളോടുള്ള ഗുണകാംക്ഷ. പ്രാരാബ്ധങ്ങളനുഭവിക്കുമ്പോള്‍ അവരെ സഹായിക്കുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, അവര്‍ക്ക് നന്‍മ ഭവിക്കാന്‍ ആഗ്രഹിക്കുക, അവരുടെ വിഷമങ്ങളിലും സന്തോഷങ്ങളിലും പങ്ക്‌ചേരുക, അവരുടെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കുക, അവരെ പരിഹസിക്കാതിരിക്കുക. സ്‌നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും അവരുമായി വര്‍ത്തിക്കുക. ജനങ്ങളോടുള്ള ഗുണകാംക്ഷയുടെ അടയാളമായി മൂന്നു കാര്യങ്ങളുണ്ട്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ മനോവിഷമം അനുഭവപ്പെടുക. അവരെ സഹായിക്കാന്‍ മുന്നോട്ടുവരിക. അവരെ നന്‍മയുടെ വക്താക്കളാക്കുക. മനുഷ്യര്‍ തമ്മില്‍ വിദ്വേഷം വെച്ചു പുലര്‍ത്താതെ പരസ്പരം സഹായിക്കാനും ഗുണം കാംക്ഷിക്കാനുമാണ് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത്. ഇരുള്‍ കൊണ്ട് ജീവിക്കുമ്പോള്‍ മാത്രമെ ജീവിതം ഐശ്വര്യപൂര്‍ണ്ണമാവുകയുള്ളൂ. ഇത് ജനങ്ങളുടെ സ്‌നേഹം വര്‍ദ്ധിപ്പിക്കുമെന്നതിലപ്പുറം പുണ്യവും പ്രതിഫലാര്‍ഹവുമാണ്.
മനുഷ്യന്‍ സാമൂഹ്യ ജീവിയെന്ന നിലക്ക് അവന് പരസ്പരം ബന്ധങ്ങളും ബാധ്യതകളുമുണ്ട്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാകല്യമായ ഇസ്‌ലാം, അന്യന് ഗുണം കാംക്ഷിക്കാനാണ് നമ്മെ പഠിപ്പിക്കുന്നത്. സാമൂഹ്യാന്തരീക്ഷത്തിലും കൗടുംബിക വ്യവസ്ഥയിലും സ്‌നേഹവും സഹവര്‍ത്തിത്വവും കളിയാടാനാണ് നാം ആഗ്രഹിക്കുന്നത്. അതിനെ പ്രചോദിപ്പിക്കുന്ന പരശ്ശതം പ്രവാചകാധ്യാപനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ''നിങ്ങള്‍ സലാം കൊണ്ടുള്ള അഭിവാദന രീതി വര്‍ദ്ധിപ്പിക്കുക'' എന്ന പ്രവാചക മൊഴി അവിടേക്കാണ് വിരല്‍ചൂണ്ടുന്നത്. അനസ്(റ)ല്‍ നിന്ന് നിവേദനം- നബി(സ) പറഞ്ഞു: ''താനിഷ്ടപ്പെടുന്നത് തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടവരാവുകയില്ല.'' (ബുഖാരി, മുസ്‌ലിം) മനുഷ്യജീവിതത്തെ അപാദചൂഢം വിശദീകരിച്ച വിശുദ്ധ ഇസ്‌ലാം അവര്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
പാവപ്പെട്ടവരോടും രോഗികളോടും ഋണബാധ്യരോടും എങ്ങനെ വര്‍ത്തിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നബി(സ) പറഞ്ഞു: ''വിശന്നവനെ നിങ്ങള്‍ ഭക്ഷിപ്പിക്കുക, രോഗിയെ സന്ദര്‍ശിക്കുക, ബന്ധിയെ രക്ഷപ്പെടുത്തുക.'' (ബുഖാരി) കഷ്ടതയനുഭവിക്കുന്നവരുടെ വേദനകള്‍ക്ക് പരിഹാരം കണ്ടെത്തുന്നതും അവരെ സാന്ത്വനിപ്പിക്കുന്നതും ദൈവപ്രീതിക്ക് പാത്രമാകാന്‍ നിമിത്തമാകുമെന്ന് പ്രവാചക മൊഴികളില്‍നിന്നു വ്യക്തമാകുന്നു. അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം: നബിതിരുമേനി(സ) പറഞ്ഞു: ''അന്ത്യദിനത്തില്‍ അല്ലാഹു പറയും- 'മനുഷ്യാ, ഞാന്‍ രോഗിയായി; പക്ഷേ, നീയെന്നെ സന്ദര്‍ശിച്ചില്ല.' അപ്പോള്‍ മനുഷ്യര്‍ ചോദിക്കും: 'ഞാനെങ്ങനെയാണ് നിന്നെ സന്ദര്‍ശിക്കുക... നീ സര്‍വ സംരക്ഷകനല്ലേ?' അല്ലാഹു പ്രതിവചിക്കും: 'എന്റെ ഇന്നാലിന്ന അടിമ രോഗിയായത് നീ അറിഞ്ഞില്ലേ? നീയവനെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ നിനക്ക് എന്നെ അവിടെ ദര്‍ശിക്കാമായിരുന്നു.' അല്ലാഹു വീണ്ടും പറയും: 'മനുഷ്യാ, ഞാന്‍ നിന്നോട് ഭക്ഷണമാവശ്യപ്പെട്ടപ്പോള്‍ നീയെന്നെ ഭക്ഷിപ്പിച്ചില്ല...' മനുഷ്യന്‍: 'പ്രപഞ്ച സംരക്ഷക നായ നിന്നെ ഞാനെങ്ങ നെ ഭക്ഷിപ്പിക്കും?' അല്ലാഹു: 'എന്റെ ദാസന്‍ നിന്റെ മുമ്പില്‍ വന്ന് ഭക്ഷണം ചോദിച്ച സമയത്ത് നീയവന് ഭക്ഷണം നല്‍കിയിരുന്നെങ്കില്‍ നിനക്ക് എന്നെ അവന്റെ സമീപം എത്തിക്കാമായിരുന്നു.' അല്ലാഹു വീണ്ടും പറയുന്നു: 'മനുഷ്യാ, ഞാന്‍ നിന്നോട് വെള്ളമാവശ്യപ്പെട്ടപ്പോള്‍ നീയെന്നെ കുടിപ്പിച്ചില്ല.' മനുഷ്യന്‍: 'റബ്ബേ, നിനക്ക് ഞാനെങ്ങനെ പാനീയം നല്‍കും..?' അല്ലാഹു: 'എന്റെ അടിമ നിന്നോട് കുടിവെള്ള മാവശ്യപ്പെട്ടപ്പോള്‍ നീ അവന്റെ ദാഹം ശമിപ്പിച്ചിരുന്നെങ്കില്‍ അവന്റെയരികില്‍ നിനക്കെന്നെ കാണാമായിരുന്നു.'' (മുസ്‌ലിം) പക്ഷെ, ഇന്ന് പ്രവാചകാധ്യാപ നങ്ങളില്‍ നിന്നും മനുഷ്യന്‍ ബഹുദൂരം അകന്നിരിക്കുന്നു. അതുകൊണ്ടു തന്നെ മനുഷ്യന് തീരാത്ത പ്രശ്‌നങ്ങളും പ്രാരാബ്ദങ്ങളുമാണ്. അന്യന് ഗുണം കാംക്ഷിക്കുന്നതിന് പകരം അവനോട് പകയും വിദ്വേഷവും വെച്ചു പുലര്‍ത്തുന്നു. സ്‌നേഹവും ശാന്തിയും കളിയാടുന്ന ഒരു സാമൂഹിക സുസ്ഥിതി സംജാത മാവണമെങ്കില്‍ പ്രവാചകര്‍ (സ)യു ടെ വചസ്സുകളിലേക്ക് നാം മടങ്ങുക. 
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter