സാര്‍ത്ഥകമായ സൗഹൃദം
അനസ് (റ) വില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 'മൂന്നു കാര്യങ്ങള്‍ ആരിലെങ്കിലുമുണ്ടായാല്‍ അവകൊണ്ടവര്‍ വിശ്വാസത്തിന്റെ മാധുര്യമറിഞ്ഞിരിക്കുന്നു. അല്ലാഹുവും അവന്റെ ദൂതരും മറ്റെന്തിനേക്കാളും അവന് ഏറ്റവും ഇഷ്ടമുള്ളവരാകുക. ഒരു മനുഷ്യനെ സ്‌നേഹിക്കുമ്പോള്‍ ആ സ്‌നേഹം അല്ലാഹുവിനു വേണ്ടി മാത്രമായിരിക്കുക. അല്ലാഹു അഭയം നല്‍കിയ ശേഷം വീണ്ടും സത്യനിഷേധത്തിലേക്ക് മടങ്ങുന്നതിനെ നരകത്തിലെറിയപ്പെടലിനെയെന്നപോലെ വെറുക്കുക'' (ബുഖാരി മുസ്‌ലിം).
മാനുഷികബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന മതമാണ് വിശുദ്ധ ഇസ്‌ലാം. പാരസ്പര്യബന്ധങ്ങളും സൗഹൃദ സ്‌നേഹ ബന്ധങ്ങളും ഇസ്‌ലാമില്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്ന മൂല്യങ്ങളാണ്. ഉപര്യുക്ത തീരുവചനം വിരല്‍ചൂണ്ടുന്നപോലെ, മനുഷ്യന് വിശ്വാസപരമായ നേട്ടങ്ങള്‍ക്കും വിജയത്തിനും ഒഴിച്ചുകൂടാനാകാത്തതാണ് വിശുദ്ധമായ സ്‌നേഹബന്ധം. പരസ്പര വിദ്വേഷവും വൈരവും വെച്ചുപുലര്‍ത്തുന്ന മനുഷ്യവിഭാഗങ്ങളെ ഇസ്‌ലാം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണെന്നും മുസ്‌ലിം തന്റെ സഹോദരനായ ഇതര മുസ്‌ലിമിന് ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളെന്നപോലെ പരസ്പരം ശക്തിപകരുന്നവനാണെന്നും മറ്റുമുള്ള തിരുവാക്യങ്ങളിലൂടെ സാഹോദര്യവും സ്‌നേഹബന്ധങ്ങളും എന്തുമാത്രം വിലമതിക്കുന്നുവെന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകന്‍ വര്‍ണ വര്‍ഗ ഭേദമന്യേ, അടിമ ഉടമ വ്യത്യാസങ്ങളില്ലാതെ തന്റെ അനുചരര്‍ക്കിടയില്‍ സാഹോദര്യത്തിന്റെ വിശാലലോകം തീര്‍ത്തു കൊണ്ട് സൗഹൃദത്തിന്റെ പ്രായോഗിക രീതി ലോകത്തിന് കാണിച്ചുതന്നിട്ടുണ്ട്.
''ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെ''ന്ന മലയാളപ്പഴമയൂറുന്ന ആപ്ത വാക്യങ്ങള്‍ ഇന്ന് അപ്രസക്തങ്ങളായിക്കഴിഞ്ഞിരിക്കുന്നു. എങ്ങും കമ്പോളവല്‍കൃതവും സ്വാര്‍ത്ഥതാല്‍പര്യാധിഷഷ്ടിതങ്ങളുമായ ബന്ധങ്ങള്‍ മാത്രമേ ഇന്നു നിലവിലുള്ളൂ. ഏതെങ്കിലും ഭൗതിക താല്‍പര്യം മുന്‍നിര്‍ത്തി ഒരാള്‍ മറ്റൊരുത്തനുമായി കൂട്ടുകൂടുന്നത് അനര്‍ത്ഥമായ ഒരു കേവല ബന്ധമായേ ഗണിക്കാന്‍ കഴിയുകയുള്ളൂ. ഇവിടെയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന, സ്രഷ്ടാവിന്റെ പ്രീതി മാത്രം കാംക്ഷച്ചുകൊണ്ടുള്ള സൗഹൃദം സുപ്രസക്തമാകുന്നത്. ഒരു ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു നമ്മോടുദ്‌ഘോഷിക്കുന്നു: 'എന്റെ പ്രീതിമാത്രം ആഗ്രഹിച്ചുകൊണ്ട് പരസ്പരം സ്‌നേഹിക്കുന്നവര്‍ക്ക് എന്റെ സ്‌നേഹം നിര്‍ബന്ധമായിരിക്കുന്നു'വെന്ന്.
അന്ത്യദിനത്തില്‍ കഠിനമായ സൂര്യതാപത്തില്‍ വിയര്‍ത്തുകുളിച്ചു കൊണ്ട് സൃഷ്ടികള്‍ വിചാരണ കാത്ത് നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സ്രഷ്ടാവ് തന്റെ ദിവ്യമായ അര്‍ശിന്റെ തണല്‍ വിരിച്ചുകൊണ്ട് അനുഗ്രഹിക്കുന്ന ഏഴ് വിഭാഗക്കാരില്‍, മഹാനായ പ്രവാചകന്‍ പരസ്പരം വിശുദ്ധമായ സ്‌നേഹം വെച്ചുപുലര്‍ത്തുന്ന  രണ്ടാളുകളെയും എണ്ണിപ്പറഞ്ഞിരിക്കുന്നു. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ദിവ്യമായ സ്‌നേഹത്തിന്റെ മാഹാത്മ്യം അനന്തമായി പരന്നുകിടക്കുന്നു.
സ്വാര്‍ത്ഥവും ഏകധ്രുവവുമായ ബന്ധങ്ങള്‍ പൊതുവെ അല്‍പ്പായുസുകളായി ഗണിക്കപ്പെടുമ്പോള്‍, സ്രഷ്ടാവിന്റെ പ്രീത, എന്ന പരമമായ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള സൗഹൃദ ബന്ധങ്ങള്‍ ശാശ്വതവും സാര്‍ത്ഥകവുമായിരിക്കുമെന്നത് അനിഷേധ്യമായ വസ്തുതയാണ്. ഇന്ന് കമ്പോളത്തില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന കേവലമൊരു വിപണനചരക്കായി ആത്മബന്ധങ്ങള്‍ തരംതാഴ്ന്നുപോയത് അവയ്ക്ക് വ്യക്തമായൊരു ലക്ഷ്യമില്ലാത്തതു കൊണ്ടാണ്.
ഉലഞ്ഞാടുന്ന വ്യക്തിബന്ധങ്ങളും ദുരന്തങ്ങളായി പരിണമിക്കുന്ന മാനസിക ചേര്‍ച്ചകളുമെല്ലാം ഈ സ്വാര്‍ത്ഥതയുടെയും ലക്ഷ്യബോധമില്ലായ്മയുടെയും സൃഷ്ടികളാണ്. ജീവിതത്തിന്റെ ഏതോ ഒരു കോണില്‍വെച്ച് സൗഹൃദം പങ്കുവെച്ച് ശേഷം ചില അനിവാര്യതകള്‍ക്കു വേണ്ടി വേര്‍പ്പിരിഞ്ഞവര്‍, മറ്റൊരിക്കല്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം പുഞ്ചിരി കൈമാറാന്‍പോലും മടിക്കുന്നതാണ് സൗഹൃദത്തിന്റെ പരിഷ്‌കൃത രീതിയെങ്കില്‍, ഏതു പ്രതിസന്ധിയിലും വിച്ഛേദിക്കപ്പെടാതെ അഭേദ്യമായി നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ ഉരുക്കുചങ്ങല തീര്‍ക്കാന്‍ ഇസ്‌ലാമിക രീതിശാസ്ത്ര പ്രകാരമുള്ള സ്‌നേഹബന്ധങ്ങള്‍ക്ക് സാധ്യമാകുന്നു.
സുഹൃത്തിന്റെ സുഖദുഃഖങ്ങളില്‍ പങ്കു ചേരാനും അവന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുന്നോട്ടുവരാനും സന്നദ്ധത പ്രകടിപ്പിച്ച മദീനയിലെ അന്‍സാറുകള്‍ ഇസ്‌ലാമികമായ വ്യക്തിബന്ധങ്ങള്‍ പ്രയോഗവല്‍ക്കരിച്ചുകൊണ്ട് ചരിത്രത്തില്‍ സ്ഥാനം നേടിയപ്പോള്‍ അതിസങ്കീര്‍ണമായ ഘട്ടത്തിലും സഹോദരന്റെ ആവശ്യത്തിന് മുമ്പില്‍ ജീവന്‍ പണയം വെക്കാന്‍ തയ്യാറായ സഹാബിവര്യന്മാര്‍ ആത്മാര്‍ത്ഥമായ സൗഹൃദത്തിന്റെ തീവ്രമായ ആനന്ദം അനുഭവിച്ചുകൊണ്ട് അതുല്യമായ മാതൃകാ പുരുഷന്‍മാരാകുകയായിരുന്നു. ഇവിടെയാണ് യഥാര്‍ത്ഥ സൗഹൃദവും നാമമാത്ര ബന്ധങ്ങളും തമ്മിലെ അന്തരവും അകല്‍ച്ചയും പ്രകടമാകുന്നത്. ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ മിത്രമെന്ന് ഇടക്കിടെ നാം വാചാലരാകാറുണ്ടെങ്കിലും അതിന്റെ അര്‍ത്ഥമുള്‍ക്കൊണ്ട് ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ തുലോം കുറവാണെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്.
ആത്മാര്‍ത്ഥമായ സൗഹൃദം ഒരു വ്യക്തിയെ വഞ്ചനയില്‍ നിന്നും അപവാദ ആരോപണങ്ങളില്‍ നിന്നും പരദൂഷണങ്ങളില്‍ നിന്നും, ആദിയായ ദുഷ് ചെയ്തികളില്‍ നിന്നും അകറ്റിനിര്‍ത്തുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണെന്നും ആകയാല്‍ അവരിലൊരാള്‍ അപരനെ വഞ്ചിക്കുകയോ നിന്ദിക്കുകയോ അവനെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുകയോ ചെയ്യുകയില്ലെന്നുമുള്ള ആശയം ധ്വനിപ്പിക്കുന്ന ഹദീസിലൂടെ പ്രവാചകലോകത്തെ പഠിപ്പിച്ചത്, യഥാര്‍ത്ഥ സൗഹൃദത്തിന്റെയും സാര്‍ത്ഥകമായ സാഹോദര്യത്തിന്റെയും ലക്ഷ്യമാകേണ്ട ദൈവിക പ്രീതി കരസ്ഥമാക്കുക എന്ന വസ്തുത നാമുള്‍ക്കൊള്ളേണ്ടതുണ്ട്. അതുകൊണ്ട്തന്നെ സ്വാര്‍ത്ഥതയുടെയും വ്യക്തി താല്‍പര്യങ്ങളുടെയും കടന്നുകയറ്റത്തില്‍ നിന്നും നമ്മുടെ ബന്ധങ്ങളെ നാം സ്ഫുടം ചെയ്‌തെടുക്കുക. അത്തരമൊരു സ്‌നേഹലോകം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചാല്‍ നമുക്ക് ധൈര്യമായി പറയാം - ''ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട''.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter