നന്മയും തിന്മയും
നന്മയും തിന്മയും


അബൂ സഈദുല്‍ ഖുദ്‌രി പറഞ്ഞു: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു; ഒരു തിന്മയെ നിങ്ങളിലാരെങ്കിലും കണ്ടാല്‍ അത് തന്റെ കൈകൊണ്ട് അവന്‍ തടയട്ടെ. അതിന് സാധ്യമായില്ലെങ്കില്‍ തന്റെ നാവുകൊണ്ടും അതിനും സാധിക്കുന്നില്ലെങ്കില്‍ ഹൃദയംകൊണ്ടെങ്കിലും അവനത് വിലക്കട്ടെ. അത് വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ രൂപമാണ്. (മുസ്‌ലിം)

സമൂഹം ഏറ്റവും മോശമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ ഭദ്രതയും കെട്ടുറപ്പും എന്നോ വിസ്മൃതിയിലേക്ക് ആണ്ടുപോയിരിക്കുന്നു. അധാര്‍മികതയും അസാംസ്‌കാരികതയും അക്രമ-അനാശാസ്യ പ്രവണതകളുമാണ് ഇന്ന് മാനുഷ്യകത്തിന് മുമ്പോട്ടുള്ള വഴി തെളിച്ചുകൊടുക്കുന്നത്. ആധുനികത തലക്കു പിടിച്ച നവസമൂഹം എന്തിലും ഏതിലും ഫാഷനും അടിപൊളിയും കണ്ടെത്തുന്ന അവസ്ഥയിലേക്ക് തരംതാഴ്ന്നുപോയിരിക്കുന്നു. ആര്‍ക്കും എപ്പോഴും എന്തുമാവാം എന്നതാണ് പുതുയുഗത്തിന്റെ മുദ്രാവാക്യം. നന്മക്ക് ഇവിടെ പ്രോത്സാഹനങ്ങള്‍ നല്‍കാനാളില്ലാതായിരിക്കുന്നു. തിന്മകള്‍ക്ക് വിലങ്ങാകേണ്ടവര്‍ തന്നെ ഇന്ന് അവയുടെ പ്രചാരണമേറ്റെടുത്തിരിക്കുന്നു.
Also read;https://islamonweb.net/ml/19-December-2020-781
ഇവിടെയാണ് വിശ്വാസിയുടെ ചിന്ത ഉണരേണ്ടത്. ജാഹിലിയ്യത്തിന്റെ ദുഷ്ട സംസ്‌കാരത്തിന്റെ വക്താക്കളെ രണ്ടു പതിറ്റാണ്ടുകാലത്തെ ഹ്രസ്വമായ കാലയളവിനുള്ളില്‍ ഉത്തമമായ സംസ്‌കൃതിയുടെ പതാക വാഹകരാക്കിയ തിരുദൂതരുടെ വചനങ്ങള്‍ ഇവിടെ ഒരുപാട് വിചാരപ്പെടലുകള്‍ക്ക് വഴിതുറക്കുന്നു. സമൂഹ ജീവിയായ മനുഷ്യന് എല്ലാ നിലക്കും പരസ്പരസഹകരണം ആവശ്യമാണെന്നിരിക്കെ, തന്റെ സുഹൃത്തിന് ഒരു വഴികാട്ടിയായി ജീവിക്കാന്‍ എളുപ്പം സാധിക്കുന്നു. നന്മയുടെ വശങ്ങളില്‍മാത്രമേ സഹകരണമാവശ്യമുള്ളൂ എന്ന് കരുതുന്നത് തെറ്റാണ്. തന്റെ സഹജീവിയില്‍ കാണപ്പെടുന്ന സഹജമായ തിന്മകള്‍ യഥായോഗ്യം തിരിച്ചറിഞ്ഞ് അവയുടെ ദൂഷ്യങ്ങളെ അവന് പറഞ്ഞുകൊടുത്തുകൊണ്ട് സഹകരണ മനോഭാവം അവിടെയും പ്രകടമാക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം.

ഉത്തമ സമൂഹമായി വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്റെ അനുയായികളായ നമ്മുടെ അടയാളമായി ഖുര്‍ആന്‍ എണ്ണുന്നത് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതാണ്. ഈ സ്വഭാവം ജനമനസ്സുകളില്‍നിന്നും എടുത്തു മാറ്റപ്പെട്ടപ്പോള്‍ തുടങ്ങിയതാണ് മുസ്‌ലിം സമൂഹത്തിന്റെ ശനിദശ. മഹാനായ ഉമര്‍(റ) ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭരണച്ചെങ്കോല്‍ തന്റെ കൈകളിലേക്ക് വന്നപ്പോള്‍ ആദ്യം ചെയ്തത് തന്റെ തെറ്റുകള്‍ ഭയലേശമന്യെ ചൂണ്ടിക്കാണിക്കാന്‍ പോന്ന ആരെങ്കിലും സമൂഹത്തിലുണ്ടോ എന്നുള്ള പരിശോധനയായിരുന്നു. തനിക്ക് സത്യത്തില്‍ നിന്നും മാര്‍ഗഭ്രംശം സംഭവിച്ചാല്‍ നിങ്ങളെന്ത് ചെയ്യുമെന്ന് ചോദിച്ച അദ്ദേഹത്തിന് സദസ്സിന്റെ പ്രതിനിധിയില്‍ നിന്നും ലഭിച്ച മറുപടി വളരെ തൃപ്തികരമായിരുന്നു. നേര്‍മാര്‍ഗത്തില്‍നിന്നും തെല്ലിട താങ്കള്‍ വ്യതിചലിച്ചുപോയാല്‍ ഞാനെന്റെ ഈ വാള്‍കൊണ്ട് നിങ്ങളെ നേരെയാക്കുമെന്നായിരുന്നു സദസ്സില്‍നിന്നും അദ്ദേഹത്തിനു കിട്ടിയ പ്രതികരണം. നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനും നമ്മുടെ മുമ്പേ ചരിച്ചവര്‍ ആരെയും ഭയപ്പെട്ടിരുന്നില്ലെന്ന സത്യമാണ് ഉമറിന്റെ സംഭവം തെളിയിക്കുന്നത്.
താന്തോന്നികളായി ജീവിച്ചതിന്റെ പേരിലും ദുരാചാരങ്ങള്‍ക്കു
നേരെ മുഖംതിരിച്ചുകളഞ്ഞതുമൂലവും അല്ലാഹുവിന്റെ ശാപമേറ്റുവാങ്ങിയ സമൂഹങ്ങളെ കുറിച്ച് ഖുര്‍ആനില്‍ പലവുരു പ്രതിപാദിച്ചതായി കാണാം. ബനൂ ഇസ്രാ ഈലുകാര്‍ ശാപഗ്രസ്ഥരായത് ഇവയിലൊന്നുമാത്രമാണ്. അല്ലാഹു പറയുന്നു: ''ഇസ്രാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം കൈകൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ.'' (മാഇദ: 78,79) ഇവിടെ വ്യക്തമാകുന്നത് സമൂഹത്തിലെ ഉച്ചനീചത്തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തലും സുകൃതങ്ങളെ പ്രോത്സാഹിപ്പിക്കലും ഒരു വിശ്വാസിക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന യാഥാര്‍ ത്ഥ്യമാണ്.

പതിനെട്ടായിരം ജനങ്ങള്‍ അധിവസിച്ചിരുന്ന ഒരു ഗ്രാമത്തെ ആകമാനം അല്ലാഹു അതികഠിനമായ ശിക്ഷയിറക്കി നശിപ്പിച്ചതായി  ചരിത്രഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. അവര്‍ തെറ്റു ചെയ്തതിന്റെ കാരണമായിരുന്നില്ല അല്ലാഹുവിന്റെ ശിക്ഷയിറങ്ങിയത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ മഹാന്മാരായ അമ്പിയാക്കളുടെ കര്‍മങ്ങള്‍ക്കു സമാനമായിരുന്നു. പക്ഷേ, അവര്‍ക്കൊരു ചെറിയ വീഴ്ച പറ്റിപ്പോയി. അഥവാ, അവര്‍ അല്ലാഹുവിന്റെ കല്‍പനകള്‍ ധിക്കരിക്കപ്പെട്ടപ്പോഴൊന്നും അവ പ്രതിരോധിക്കാന്‍ തയ്യാറായിരുന്നില്ല. ചുരുക്കത്തില്‍, തന്നാലാവും വിധം ഓരോ വ്യക്തിയും ഈ ശീലം അനുവര്‍ത്തിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അവന്‍ അല്ലാഹുവിന്റെ അവകാശങ്ങളെ നിസാരവല്‍ക്കരിച്ചവനായി മുദ്രകുത്തപ്പെടുക തന്നെചെയ്യും.

താനൊരാളെ ഉപദേശിച്ചാല്‍ തനിക്ക് വല്ല ഭീഷണിയുമുണ്ടാകുമോ എന്ന ഭയമാണ് പലരെയും ഈ സ്വഭാവം ശീലിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നതെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, അത്തരം ഭയാശങ്കകള്‍ പിശാചിന്റെ പ്രേരണകളാണെന്നും അത്തരക്കാരുടെ വിശ്വാസം അപൂര്‍ണമായിരിക്കുമെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഈവക ചിന്താഗതികളെയെല്ലാം വെടിഞ്ഞ് അല്ലാഹുവിന്റെ സഹായവും സംരക്ഷണവും തന്റെ മാര്‍ഗത്തിലുണ്ടെന്ന ഉറച്ച വിശ്വാസമുള്ള ഒരാളില്‍ നമുക്ക് ഒരു പരിപൂര്‍ണവിശ്വാസിയെ ദര്‍ശിക്കാന്‍ സാധിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ നമ്മോട് കല്‍പ്പിക്കുന്നതും എല്ലാ ആക്ഷേപങ്ങളെയും അല്ലാഹു വിന്റെ മാര്‍ഗത്തില്‍ ക്ഷമിച്ചു മുന്നേറാന്‍ തന്നെയാണ്: ''നിങ്ങള്‍ അല്ലാഹുവോട് സഹായമര്‍പ്പിക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിശ്ചയം, ഭൂമി അല്ലാഹുവിനുള്ളതാണ്. അതിനെ അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അനന്തരം നല്‍കുന്നു. അന്തിമവിജയം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാത്രമാണ്.'' എന്ന ഖുര്‍ആനിക സൂക്തം ദ്യോദിപ്പിക്കുന്നത് ഈയൊരാശയമാണ്.

ചുരുക്കത്തില്‍ നന്മ കല്‍പ്പിക്കലും തിന്മയെ തടയലും സാമൂഹികമായ ഒരു നിര്‍ബന്ധ കര്‍മമാണ്. മുസ്‌ലിംകളില്‍ നിന്നും ഏതെങ്കിലുമൊരു വിഭാഗം അതുനിറവേറ്റിയാല്‍ തന്നെയും ശേഷിക്കുന്നവര്‍ കുറ്റമുക്തരാകും. എന്നാല്‍ പ്രതിഫലം അത് നടപ്പാക്കിയവര്‍ക്ക് മാത്രമുള്ളതാണ്. നേരെമറിച്ച് ആരും അതിന് മുതിര്‍ന്നില്ലെങ്കില്‍ സമൂഹം മൊത്തം ദോഷികളും ശിക്ഷാര്‍ഹരുമായി മാറും. ആര്‍ക്കും ഒരുനിലക്കും രക്ഷ നേടാന്‍ സാധിക്കില്ല. അതിനാല്‍ നാമുണര്‍ന്നു പ്രവര്‍ത്തിക്കുക. നന്മയുടെ പൂക്കള്‍ വിരിയിക്കുക. തിന്മകളെ ആഴിയിലേക്ക് വലിച്ചെറിയുക.
(സുന്നിഅഫ്കാര്‍ വാരിക, 2005, മാര്‍ച്ച്: 16, സുന്നിമഹല്‍, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter