മുസ് ലിമിന്റെ ശരീരവും വസ്ത്രവും
ഭൂമി ലോകത്തുള്ള ജീവജാലങ്ങളില്‍ വസ്ത്രം ധരിക്കുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണെന്ന് പറയുന്നതില്‍ അതിശയോക്തിയുണ്ടാവില്ല. ആദമും ഹവ്വയും നഗ്നരായപ്പോള്‍ നാണം മറക്കാന്‍ ഇലകള്‍ ചേര്‍ത്ത് വെച്ചത് മുതല്‍ ഇലയും മരത്തൊലിയും ചണവും രോമവും പരുത്തിയും പട്ടും തുണിത്തരങ്ങളുമായി വസ്ത്രം ചുറ്റിനടന്ന മനുഷ്യചരിത്രത്തിലിങ്ങോളം നാണം മറക്കാനുള്ള മാധ്യമമായി വസ്ത്രങ്ങള്‍ നമുക്കിടയില്‍ വ്യവഹരിച്ചിട്ടുണ്ട്. എന്നാല്‍ കല്ലുകളില്‍ നിന്ന് തീയുണ്ടാക്കിയ കാലത്ത് നാണം മറക്കാന്‍ ഇലകള്‍ മാത്രമായിരുന്നെങ്കില്‍ അഗ്നിയില്‍ നിന്ന് ആകാശം കീഴടക്കുന്ന പുതിയ തലമുറയുടേത് തുണിത്തരങ്ങളായി മാറി എന്ന വ്യത്യാസമേ, മവുഷ്യന്റെ വികാസ ചരിത്രത്തില്‍ വസ്ത്രധാരണ രീതിക്ക് സംഭവിച്ചിട്ടുള്ളൂ എന്ന് തീര്‍പ്പ് പറഞ്ഞ് തൃപ്തിയടയാന്‍ പുതിയ കാലത്തെ നമ്മുടെ സാഹചര്യങ്ങള്‍ സമ്മതം നല്‍കുന്നില്ല. കാരണം നൂല്‍ബന്ധത്തില്‍ മാത്രം നാണം ഒതുക്കിതീര്‍ക്കാന്‍ പുതിയ കാലത്തെ വസ്ത്രബോധം നമ്മെ നിരന്തരം നിര്‍ബന്ധം ചെലുത്തുന്നുണ്ട്. ഒപ്പം നഗ്ന ശരീരമാണ് 'സൗന്ദര്യമുള്ള വസ്ത്രം' എന്ന സങ്കല്‍പം മുച്ചൂടം ഗ്രസിച്ച സമൂഹത്തിലാണ് നമ്മുട ജീവിതം ഉള്ളതും. ഇവിടെ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ പ്രതികരണത്തിന്റെ ഊര്‍ജ്ജമാണ് സമുദായ ശബ്ദങ്ങള്‍ക്കുണ്ടാകേണ്ടത്. മുസ്‌ലിമിന്റെ വസ്ത്രബോധം ശരീര- വസ്ത്ര സങ്കല്‍പങ്ങളെ സംബന്ധിക്കുന്ന ആധുനികവും ഉത്തരാധുനികവുമായ മുഴുവന്‍ പ്രഖ്യാപനങ്ങളോടും നിരന്തരം കലഹിക്കുകയും സ്വന്തമായ സമീപത്തിലൂടെ ശരീരത്തെയും വസ്ത്രത്തെയും നിര്‍വ്വചിക്കുകയും ചെയ്യുന്ന കാഴ്ചപ്പാടാണ് മനുഷ്യന്റെ/ മുസ്‌ലിമിന്റെ വസ്ത്രബോധത്തില്‍ ഇസ്‌ലാമിനുള്ളത്. ആരൊക്കെ എന്തൊക്കെ മറണക്കമെന്നും കാക്കണമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സ്ത്രീ പുരുഷ വര്‍ഗത്തിനുള്ള വസ്ത്രധാരണ രീതിയിലുള്ള ഇസ്‌ലാമിന്റെ കണിശ സ്വഭാവം എല്ലാം തുറന്നിടുന്ന നഗ്നരുടെ പുതിയ ലോകത്തിന് ആശ്ചര്യജനകമായേ അനുഭവവേദ്യമാകുന്നുള്ളൂ. മുണ്ടിട്ട മുസ്‌ലിയാരെ നോക്കി പരിഹാസ ചിരി കാട്ടുന്ന പാന്റിട്ട പാശ്ചത്യന്റെ ഒരുതരം തികട്ടല്‍ മനോഭാവവും പര്‍ദ്ദയിട്ട മുസ്‌ലിം സ്ത്രീയെ കാണുമ്പോഴേക്ക് തലതിരിഞ്ഞ അരയുടുപ്പില്‍ അംഗലാവണ്യം പ്രദര്‍ശിപ്പിക്കുന്ന മോഡേണ്‍ പെണ്ണിന്റെ അവജ്ഞതയോടെയുള്ള തിരിഞ്ഞു കളയലും വസ്ത്രബോധത്തിന്റെ പരിണാമഘട്ടത്തില്‍ സംഭവിച്ച അരുതായ്മകളായത് അതുകൊണ്ടാണ്. നാണം മറക്കാനുള്ള മനുഷ്യന്റെ സഹജമായ ബോധത്തിന് ആദിമ പുരുഷനോളം പഴക്കമുണ്ടെങ്കിലും എല്ലാം തുറന്നിടാനുള്ള സ്വതന്ത്ര കാഴ്ചപ്പാടാണ് പുതുതലമുറക്ക് ഏറെ പഥ്യം. വടിവൊത്ത ശരീരത്തിന്റെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ച് നീട്ടിയും കുറുക്കിയും ഇടുക്കിയും തയ്യാറു ചെയ്ത സ്ലീവ് ലെസ്സും മിനി സ്‌കോര്‍ട്ടും ഷോര്‍ട്ട് ടോപ്പും ടൈറ്റ് ഫിറ്റ് ജീന്‍സും വിപണിയിലിറക്കുന്ന ഫാഷന്‍ മാഫിയകളുടെ നൂല്‍ബന്ധവസ്ത്രമണിഞ്ഞ് സ്വയം വിവസ്ത്രരാകുന്ന സംസ്‌കാര സമ്പന്നരാണ് നമ്മുടെ ചുറ്റവട്ടങ്ങളിലെ നിത്യകാഴ്ചകള്‍. നമ്മുടെ ഉടലിനും കഴുത്തിനും കച്ചവടത്തിന്റെ കയ്യൊപ്പ് ചാര്‍ത്തുന്ന കുത്തകകളുടെ കെണിപ്പിടുത്തമാണ് ഇവിടെ കാഴ്ചപ്പാടുള്ളവര്‍ കാണേണ്ടത്. എന്നാല്‍ മനുഷ്യ സംസ്‌കാരം വ്യതിരക്തമാക്കുന്ന സംവിധാനമായ്യിട്ടാണ് ഇസ്‌ലാം വസ്ത്രവിധാനത്തെ കാണുന്നത്. സ്ത്രീ- പുരുഷന്‍മാര്‍ക്ക് അവരുടേതായ സ്വാഭാവമുള്ള രീതിയാണ് ഇസ്‌ലാം അതിന് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സ്ത്രീകള്‍ ശരീര ഭാഗങ്ങള്‍ മറക്കുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും പുരുഷന്‍മാര്‍ മുട്ടുപൊക്കിളിനിടയില്‍ മറക്കുന്നത് ധരിക്കണമെന്നും ഞെരിയാണിക്ക് താഴെ വസ്ത്രമിറങ്ങരുതെന്നുമാണ് സ്ത്രീ- പുരുഷ വസ്ത്ര ധാരണ രീതിയിലെ ഇസ്‌ലാമിന്റെ തീര്‍പ്പ്. ''ആദം സന്തതികളെ, തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് ശരീരം മറക്കാനും ഭംഗിയാക്കാനുമുതകുന്ന വസ്ത്രം ഇറക്കിത്തന്നു (അഅ്‌റാഫ്:26) ഇസ്‌ലാം കാണിക്കുന്ന മാന്യമായ വസ്ത്രധാരണ രീതിയുടെ പരമമായ ലക്ഷ്യങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ സുവ്യക്തമാണ്. നാണം മറക്കുക, വ്യക്തിത്വം നിലനിര്‍ത്തുക, ലൈംഗിക സദാചാരം പാലിക്കുക, സ്ത്രീകള്‍ ആക്രമിക്കപ്പെടാതിരിക്കുക, വിശ്വാസികളെ അവരുടെ വേഷത്തിലൂടെ തിരിച്ചറിയുക, ലളിതമായി വസ്ത്രം ധരിക്കുക തുടങ്ങിയ സാമൂഹ്യ ജീവിതത്തിന്റെ സന്തുലിതാവസ്ഥക്ക് അനിവാര്യമായ കാര്യങ്ങളാണ് വസ്ത്രധാരണത്തിലെ ഇസ്‌ലാമിക കാഴ്ചപ്പാടിലുള്ളത്. ഖുര്‍ആനിന്റെ 7:26, 7:31, 33:59, 24:30, 31 ആയത്തുകളില്‍ നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. ഇസ്‌ലാമിന്റെ ഈ വസ്ത്രധാരണ രീതിയില്‍ നിന്ന് മുസ്‌ലിംകള്‍ പാടെ തെന്നിമാറുന്നുണ്ടെന്നാണ് ഇപ്പോഴുള്ള ആശങ്ക. പെണ്ണിന്റെ വസ്ത്രത്തെ കുറിച്ച് മാത്രം തൊണ്ടയനക്കാനുള്ള ശ്രമങ്ങളിലേക്ക് നമ്മള്‍ ചുരുങ്ങിപ്പോഴതും തിരിച്ചറിയേണ്ടതാണ്. പെണ്ണിന് പര്‍ദ്ദയാണവശ്യം എന്ന് പറയുന്ന പുരുഷന്‍മാര്‍ മടക്കിക്കുത്തി 'ഔറത്ത്' കാണിക്കുന്നതിന്റെയും കോണകം ചുറ്റി കാളപ്പൂട്ട് നടത്തുന്നതിന്റെയും മുട്ട് മറയാത്ത ട്രസറിട്ട് പന്തു തട്ടുന്നതിന്റെയും ഇസ്‌ലാമികത ആലോചിക്കുന്നു പോലുമില്ല. ഔറത്തിന്റെ കണിശത സ്ത്രീയില്‍ മാത്രം പരിമിതപ്പെടുന്നതല്ല, പുരുഷന്‍മാരിലേക്കു കൂടി നീളുന്നുണ്ട് എന്ന ബോധം ഇനിയും തിരിച്ചറിയാതെ പോകുന്നുണ്ട്. ഒരാഘോഷം വരുമ്പോഴേക്ക് അന്യരുടേത് അപ്പാടെ വാരിപ്പുണരുന്ന ചിത്രങ്ങളും നമുക്കിടയിലുണ്ട്. ഇസ്‌ലാമിക വസ്ത്രധാരണാ രീതി അഭിമാനത്തിന്റെയും ആഭിജാത്യത്തിന്റെയും അടയാളമാണെന്നും അതിലൂടെ തങ്ങള്‍ തിരിച്ചറിയപ്പെടുകയും സംരക്ഷിക്കപ്പെടുകയുമാണ് ചെയ്യുന്നതെന്നുമുള്ള തിരിച്ചറിവിന്റെ അഭാവമാണിതിന് കാരണം. ഇതിലൂടെ തിന്നുക, കുടിക്കുക, രമിക്കുക, രസിക്കുക ന്ന തത്വശാസ്ത്രവക്താക്കളായ അഭിനവ എപിക്യൂറിന്‍മാരെയാണ് നാം അനുകരിച്ചുപോകുന്നത്. അനിവാര്യഘട്ടത്തില്‍ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ മൂസാ നബിയെ വിവസ്ത്രനാക്കിയപ്പോള്‍ നാണം മറക്കാനുള്ള വെപ്രാളത്തില്‍ വസ്ത്രത്തിന് പിന്നാലെ ഓടിയ ചരിത്രവും, കഅ്ബയുടെ പുനര്‍നിര്‍മാണ വേളയില്‍ കല്ലെടുക്കാന്‍ ഉടുമുണ്ടഴിഞ്ഞ തിരുനബി ബോധരഹിതനായി വീണുപോയതും മറക്കാനുള്ളത് മറയ്‌ക്കേണ്ടതിന്റെ ആവശ്യത്തെ തെല്ലൊന്നുമല്ല ഉണര്‍ത്തിത്തരുന്നത്. പരസ്യങ്ങള്‍ മാര്‍ക്കറ്റിറക്കുന്ന ശരീരങ്ങള്‍ രഹസ്യമാക്കേണ്ട ശരീര ഭാഗങ്ങള്‍ പരസ്യമാക്കലാണ് വസ്ത്രധാരണത്തിലെ മാന്യത എന്ന് നമ്മുടെ കാതില്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഫാഷന്‍ കുത്തകകള്‍ സമൂഹ ശരീരങ്ങളെ തന്നെ അതിന് കരുവാക്കുന്നുണ്ട്. പരസ്യപ്പലകകളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ത്രീയഴകിന്റെ വിപണനത്തിന്റെ രസതന്ത്രം തീര്‍ത്ത് കോടികള്‍ കൊയ്യുന്ന കുത്തകകള്‍ പടച്ചുവിടുന്ന സൗന്ദര്യത്തിന്റെ പുതിയ സമവാക്യങ്ങളില്‍ മനം മയങ്ങിയിരിക്കുകയാണ് യുവതലമുറ. ട്രെന്റിനൊപ്പം സമൂഹത്തെ നിര്‍ത്താന്‍ ഫാഷനുകളുടെയും മോഡലുകളുടെയും മാലപ്പടക്കങ്ങള്‍ തന്നെ വിപണിയില്‍ കൊഴുത്ത് കയറുമ്പോള്‍ ടെക്സ്റ്റയില്‍സിലും ഗാര്‍മെന്റസുകളിലും തൂങ്ങിയാടുന്ന നാം ധരിക്കുന്ന വസ്ത്രങ്ങള്‍ നാണം മറക്കാനുള്ളതിന്റെ പട്ടികയില്‍പ്പെടുത്താനാകുമോ എന്ന് ചിന്തിക്കേണ്ടതുണ്ട്. അമ്മയും പെങ്ങളും മകളും ഭാര്യയുമില്ലാത്ത മുതലാളിത്തം പടച്ചുവിടുന്ന പുതിയ രീതികളോട് അരിക് പിടിച്ചു നില്‍ക്കുന്നതിലെ അസാംഗത്യം തിരിച്ചറിയാന്‍ മതത്തിന്റെ ഉള്ളില്‍ തന്നെ നില്‍ക്കണമെന്നില്ല. സാംസ്‌കാരിക ബോധത്തിന്റെ മിന്നായമെങ്കിലും തലച്ചോറിലുണ്ടായാല്‍ മതി. വേഷങ്ങള്‍ക്ക് വന്ന പുതിയ മാനങ്ങളില്‍ കയറിപ്പിടിച്ച് നമ്മുടെ ഉടലിനും കഴുത്തിനും കച്ചവടത്തിന്റെ വിലയിടുന്നവര്‍ സ്വദേശികളായാലും വിദേശികളായും നമുക്കിടയില്‍ നിന്ന് ബഹളം കൂട്ടുന്നുണ്ട്. ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഈ പുതിയ ഉപഭോഗ സംസ്‌കാരത്തിന്റെ ഉയരുന്ന കാഴ്ചകളായി നാടായ നാടാകെ ഉയര്‍ന്നു പൊങ്ങുന്നതും നാം മാടിവിളിച്ച പുതിയ വസ്ത്രബോധത്തിന്റെ പരിണിതികളാണ്. വസ്ത്രത്തിന്റെ സൗന്ദര്യബോധം മേനിയഴക് വര്‍ദ്ദിപ്പിക്കാനുള്ള സൗന്ദര്യവര്‍ദ്ദക വസ്തുക്കളിലേക്കും നമ്മെ എത്തിച്ചിട്ടുണ്ട്. കണ്ണാടിക്ക് മുന്നില്‍ ചമ്രം പടിഞ്ഞ് ചമഞ്ഞൊരുങ്ങാന്‍ തത്രപ്പാടുക കാട്ടുന്ന പുതിയ തലമുറക്കു കാഴ്ചകള്‍ ഇന്ന് വിരളമല്ല. സ്യൂട്ടെക്‌സും ലിപ്സ്റ്റിക്കും സൗന്ദര്യത്തിന്റെ പുതിയ വര്‍ണ ബിംബ*** ശരീരത്തിലേക്ക് പ്രതിഷ്ഠിച്ചതു മുതല്‍ സിയോസന്ററുകളുടെയും സോഡീസ്രകളുടെയും നറുമണങ്ങള്‍ നമ്മെ വിയര്‍പ്പിന്റെ ചൂരിന് വിലയിട്ട് വരെ നമ്മുടെ സൗന്ദര്യബോധത്തിന്റെ ഉത്തരാധുനിക സമീപനത്തില്‍ ഉണ്ടായിത്തീര്‍ന്ന അസ്വസ്ഥതകലാണ്. ടി.വി. സ്‌ക്രീനിലും പരസ്യപ്പലകയിലും നമ്മുടെ കാഴ്ചകള്‍ക്ക് വിരുന്നൊരുക്കുന്ന ഈ പുതു വസ്ത്ര- സൗന്ദര്യ വര്‍ദ്ദക വസ്തുക്കളുടെ പ്രളയം നമ്മുടെ സാംസ്‌കാരിക ബോധത്തിലേക്ക് ഇരച്ചുകയറുന്നത് തടഞ്ഞേ മതിയാവൂ. മാറുന്ന പുരുഷ വേഷങ്ങള്‍ പെണ്ണിന്റെ വേഷത്തെ കുറിച്ചേ പൊതുവിലും ശബ്ദമുയര്‍ന്നിട്ടുള്ളൂ. മറക്കാനുള്ളതൊക്കെ മറച്ചിട്ടുണ്ടോ എന്ന് പെണ്ണിന്റെ വിഷയത്തിലേ ഇതുവരെ ചര്‍ച്ച വന്നിട്ടുള്ളൂ. മുട്ടുപൊക്കിളിനിടയില്‍ മറക്കേണ്ട പുരുഷന്റെ വസ്ത്രവിചാരത്തിലേക്കും നമ്മുടെ കണ്ണുകള്‍ പതിയേണ്ടതുണ്ട്. വസ്ത്രസ്വാതന്ത്ര്യത്തിന്റെ പുതിയ വായ്ത്താരി മുഴക്കി കാണുന്ന ഫാഷനുകളെയൊക്കെ അണച്ചുപിടിക്കുന്ന ആണുങ്ങളും നമ്മുടെ കാഴ്ചയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ട്. കാണുന്നിടത്തെല്ലാം ബര്‍മുഡയും ബനിയനുമിട്ടു നടക്കുന്ന പുതിയ ആണ്‍വേഷങ്ങളെ കാണുമ്പോള്‍ കണ്ണിന്റെ കാഴ്ചാസ്വാതന്ത്ര്യത്തിന് ഒരുതരം വിമ്മിട്ടം അനുഭവപ്പെടും എതൊരാള്‍ക്കും. ഫാഷനികളും ഔട്ട് ഫാഷനുകളും മാറിമാറിവരുമ്പോള്‍ ജീന്‍സും ബര്‍മുഡയും വിട്ട് പാരല്‍സും ഡിവൈഡറും വരെ എത്തിപ്പോകുന്നതാണ് നമ്മുടെ വസ്ത്രബോധത്തിന്റെ പുതിയ രീതി. വിലയെത്രയായാലും ശരീരത്തില്‍ വാരിവലിച്ചിടാനുള്ളതക്കെ ഏറ്റിനടക്കാറുണ്ട് പുതിയ തലമുറയിലെ ആണ്‍കോലങ്ങള്‍. ഊരക്ക് താഴെയിറങ്ങത്ത അടിപൊളി ഷര്‍ട്ടും നിലത്തിഴയുന്ന ബെല്ലുള്ള തട്ടുപൊളിപ്പന്‍ പാന്റും ആണുങ്ങള്‍ക്ക് വേണ്ടി ജെന്‍സ് ഷോപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് ഈ കാലത്ത്. സുജൂദ് ചെയ്യുന്ന സുഹൃത്തിന്റെ 'ഔറത്ത്' പിന്നിലിരിക്കുന്നവര്‍ക്ക് കാണാനൊക്കും വിധം അണിഞ്ഞൊരുങ്ങി പള്ളിയില്‍ വരുന്നവര്‍ക്ക് എന്ത് ന്യായീകരണമാണ് കാണാനാവുക. ശരീരത്തിന്റെ തടവറക്കാഴ്ചകളാകുന്ന ടൈറ്റ് ഫിറ്റും ഇറുകിയ ഷര്‍ട്ടും പുറത്തുനിന്ന് കടമെടുത്തതാണെന്നതില്‍ സംശയമില്ല. പെണ്ണിന്റെ വേഷം കെട്ടുന്ന ആണുങ്ങളും ഈ കടമെടുപ്പിന്റെ ബാക്കി പത്രങ്ങളാണ്. മൈക്കല്‍ ജാക്‌സന്റ് അനന്തരന്‍മാരല്ലോ നമ്മള്‍ മുസ്‌ലിംകള്‍. കളിക്കളത്തിലെ വസ്ത്രവിചാരങ്ങള്‍ പെപ്‌സിയുടെയും കോളയുടെയും തൊപ്പിയും ബനിയനുമെല്ലാം എന്നു മുതലാണ് നമ്മള്‍ ധരിച്ചു തുടങ്ങിയത്. ക്രിക്കറ്റ് താര രാജാക്കാന്‍മാര്‍ ബ്രാന്‍ഡ് അംബാസിഡര്‍മരാകുന്ന സകല കമ്പനികളുടെയും നീളമുള്ളതും കുറഞ്ഞതുമായ ഫാഷന്‍ ഉടയാടകള്‍ കളിക്കളത്തിന്റെ പേരില്‍ നാം ചുറ്റിവരിയാറുള്ളത് ഇന്നത്തെ പതിവ് കാഴ്ചകളാണ്. സാംസ്‌കാരിക അപിനിവേഷത്തിനെതിരെ ഗീര്‍വാണം മുഴക്കുന്ന നമ്മള്‍ തന്നെ അറിയാതെയോ അറിഞ്ഞോ സ്വീകരിക്കുന്ന ഈ അനുകരണ മാതൃക കളിക്കളത്തിന്റെ പേരിലായാലും അല്ലെങ്കിലും സ്വദേശി- വിദേശിക കുത്തകള്‍ക്ക് വിപണിയൊരുക്കാനേ സൗകര്യമൊരുക്കൂ. കളിക്കളത്തിലെ സ്‌പോര്‍ട്‌സ് താരങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ച് സാംസ്‌കാരിക പക്ഷത്തു നിന്നോ മതകീയ പക്ഷത്തു നിന്നോ വേണ്ടവിധം വര്‍ത്തമാനങ്ങളൊന്നും ഈയടുത്ത കാലത്തുവരെ നടന്നിട്ടുണ്ടാവില്ല. രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ നഗ്നമായി ഓടിയാലും അര്‍ദ്ദനഗ്നയായി ചടുല നീക്കങ്ങള്‍ നടത്തിയാലും അതൊക്കെ നല്ലതിന്റെ പട്ടികയിലേ ഇത് വരെ ചേര്‍ത്തുവെക്കപ്പെട്ടിട്ടുള്ളൂ. ശരീരത്തില്‍ വസ്ത്രം ധരിക്കുന്നത് കളിക്കളത്തിലായാലും പുറത്തായാലും മറക്കേണ്ടത് മറച്ചുപിടിക്കാന്‍ വേണ്ടിമാത്രമാണ് എന്ന ബോധമാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്. സാനിയ മിര്‍സ എന്ന മുസ്‌ലിം യുവതി ടെന്നീസ് കോര്‍ട്ടില്‍ റിട്ടേണുതിര്‍ത്തപ്പോള്‍ മതകീയ പക്ഷത്തു നിന്ന് പ്രതികരണമുയര്‍ന്നത് നമ്മുടെ സാംസ്‌കാരിക മണ്ഡലത്തെ വളരെയധികം പ്രക്ഷുബ്ധമാക്കിയിരുന്നു. എന്നാല്‍ ശരീരം മുഴുവന്‍ മറക്കേണ്ടവര്‍ അര്‍ദ്ദനഗ്‌നയായി നിറഞ്ഞാടുന്നത് ഇസ്‌ലാമികമായി തെറ്റാണെന്ന് പറയുമ്പോഴേക്ക് മതമൗലികവാദവും കപടപൗരോഹിത്യവും കടന്നുവരുന്നത് അത്രെയൊന്നും ആശാജനകമാല്ല. മുസ്‌ലിമിന്റെ പേരും വിലാസവും രാജ്യത്തിനകത്തും പുറത്തും സാനിയയിലൂടെ പ്രചരിക്കുമെന്ന ഉമ്മാക്കി കാണിച്ച് ഇസ്‌ലാമിന്റെ വസ്ത്രധാരണ രീതിയിലെ മാനദണ്ഡങ്ങള്‍ തല്‍ക്കാലം മാറ്റിവെക്കണമെന്ന് പറയുന്നത് ഒരു മുസ്‌ലിമിന് അംഗീകരിക്കാനാവില്ല. കളിക്കളത്തിലെ ആണ്‍വേഷങ്ങളിലുമുണ്ട് ഈമാനുള്ളോ മുസ്‌ലിമിന് ചില ആശങ്കപ്പെടല്‍. കാല്‍പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന സിനദിന്‍ സിദാന്‍ മുതല്‍ മലപ്പുറത്തെ പുല്‍തകിടില്‍ പന്ത് തട്ടിവളര്‍ന്ന ആസിഫ് സഹീറടക്കമുള്ളവര്‍ മുട്ടിന് മീതെയുള്ള വസ്ത്രമാണ് ധരിക്കുന്നത് എങ്കില്‍ അത് ഇസ്‌ലാമികമായി ശരിയാണ് എന്ന് പറയാന്‍ നമുക്കാവില്ല. ഫുട്ബാളായാലും ക്രിക്കറ്റായാലും നിക്കറിട്ട് പന്ത് കളിക്കുന്നത് കുറച്ചൊക്കെ ഗൗരവത്തിലെടുക്കേണ്ടത് തന്നെയാണ്. വസ്ത്രത്തിന്റെ തടവറ കാഴ്ചകളില്‍ നിന്ന് നമ്മുടെ കണ്ണുകള്‍ക്ക് മുക്തിയാവശ്യമാണെങ്കില്‍ പുതിയ കാലത്തെ ഫാഷന്‍ ഡ്രസ്സുകളോട് പൂര്‍ണമായും തിരസ്‌കരണ സ്വാഭാവം പുലര്‍ത്തേണ്ടിവരും. ഇലകള്‍ കൊണ്ട് നാണം മറച്ചിരുന്ന ആദിമ മനുഷ്യരെ പോലും നാണിപ്പിക്കുന്ന പുതിയ വേഷവിദാനങ്ങളോട് രാജിയാവുന്നില്ലെങ്കില്‍ നഗ്‌നത വസ്ത്രമായി മാറുന്ന കാലം അതിവിദൂരത്തല്ലാതെ തന്നെ നമുക്ക് കാണേണ്ടിവരും. കെ.ടി. റശീദ് ദേവതിയാര്‍

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter